Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവദുഃഖവുമെരിച്ചു കളയും വൈക്കത്തഷ്ടമി ദർശനം

വൈക്കത്തഷ്ടമി

പരശുരാമന്‍ സ്ഥാപിച്ച 108 ശിവാലയങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും പൂരം നാളും ഒന്നിച്ചുവരുന്ന ദിനത്തിലാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. ഈ ദിനത്തിലെ അഷ്ടമിദർശനം ശ്രേഷ്ഠമാണ്. ക്ഷേത്രത്തിലെ ആൽമരച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു മുന്നിൽ  പാർവതീദേവിയോടൊപ്പം ഭഗവാൻ ശിവശങ്കരൻ ദർശനം നൽകി അനുഗ്രഹിച്ച പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം. ഈ വർഷം നവംബർ 30 വെള്ളിയാഴ്ചയാണ് വൈക്കത്തഷ്ടമി. സർവാഭരണവിഭൂഷിതനായി എഴുന്നെള്ളി നിൽക്കുന്ന വൈക്കത്തപ്പന്റെ അഷ്ടമിദർശനം ഭഗവത്പ്രീതിക്കും ദുഃഖനിവാരണത്തിനും ആഗ്രഹസാഫല്യത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.

vaikathashtami

പുലർച്ചെ നാലര മുതൽ അഷ്ടമി ദർശനം ആരംഭിക്കും. ഈ ദിനത്തിൽ ക്ഷേത്രത്തില്‍ പൂജകളും നിവേദ്യങ്ങളുമില്ല. പുത്രനായ സുബ്രഹ്മണ്യൻ താരകാസുരനുമേൽ വിജയം കൈവരിക്കുന്നതിനായി അഷ്ടമിദിവസം വൈക്കത്തപ്പന്‍ പ്രാർഥനയോടെ  ഉപവസിക്കുകയാണെന്നാണ് സങ്കല്‍പം. അന്നേദിവസം പുത്രവിജയത്തിനായി ഭഗവാൻ  അന്നദാനം നടത്തുന്നു. അന്നദാനപ്രഭുവായ ഭഗവാന് താനൊഴികെ മറ്റാരും അന്നു പട്ടിണി കിടക്കരുത് എന്ന് നിർബന്ധമാണത്രേ! ഭഗവാന്റെ പ്രസാദം സ്വീകരിക്കാൻ ലക്ഷക്കണക്കിനു ഭക്തരാണ് എത്തുന്നത്.

വൈക്കത്തുനിന്ന് മൂന്നു കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. വൈക്കത്തപ്പന്റെ മകനാണ് ഉദയനാപുരത്തപ്പൻ എന്ന് വിശ്വസിച്ചുപോരുന്നു. അഷ്ടമിദിനത്തിൽ രാത്രിയിൽ നടത്തിവരുന്ന "അഷ്ടമിവിളക്ക്" ചടങ്ങ് ഉദയനാപുരത്തപ്പനെ വരവേൽക്കാൻവേണ്ടിയാണ്. ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ച് വിജയശ്രീലാളിതാനായെത്തുന്ന സുബ്രഹ്മണ്യനെ പിതാവായ വൈക്കത്തപ്പൻ സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ്.

vaikom-temple

ഭഗവാൻ  ഒരു ദിവസം മൂന്നു ഭാവങ്ങളിൽ ദർശനം നൽകുന്നു. പ്രഭാതത്തിൽ ആദിഗുരുവായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകുന്നേരം  പാർവതീസമേതനായി ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും ഭക്തരെ അനുഗ്രഹിക്കുന്നു. വിദ്യാലാഭത്തിനായി പ്രഭാതദർശനവും ശത്രുനാശനത്തിനായി ഉച്ചസമയത്തെ ദർശനവും കുടുംബസൗഖ്യത്തിനു വൈകുന്നേരത്തെ ദർശനവും ഉത്തമമാണ്.