വൃശ്ചികവ്രതാനുഷ്ഠാനം; മാലയിടുമ്പോൾ ശ്രദ്ധിക്കേണ്ടവ

വൃശ്ചിക വ്രതാനുഷ്ഠാനത്തിലെ ഒരു പ്രധാന ചടങ്ങാണ് 'മാലയിടൽ'. അയ്യപ്പന്റെ ചിത്രമുള്ള ലോക്കറ്റോടു കൂടിയ രുദ്രാക്ഷ മാലയാണ് വ്രതമനുഷ്ഠിക്കുന്നവർ ധരിക്കുന്നത്. 108 മുത്ത് വീതമുള്ള ചന്ദനം ,തുളസി , രക്തചന്ദനം എന്നിവ കൊണ്ടുള്ള മാലയും നന്ന്. ക്ഷേത്രത്തിൽ പൂജിച്ചു വേണം മാലയണിയാൻ.  മാലയിട്ടു കഴിഞ്ഞാൽ പിന്നെ  ഭക്തന്‍ അയ്യപ്പനാണ്. സ്വാമി എന്നാണു മറ്റുള്ളവർ അഭിസംബോധന ചെയ്യുന്നത്.

വൃശ്ചികം ഒന്നാം തിയതി മാലയിട്ടു 41 ദിവസം വ്രതമനുഷ്ഠിച്ചു മല ചവിട്ടുന്നതാണ് ഉത്തമം. സാഹചര്യമനുസരിച്ചു ഒന്നാം തിയതി മാല ധരിക്കാൻ സാധിച്ചില്ലെങ്കിൽ ഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ശനിയാഴ്ചയോ ഉത്രം നക്ഷത്രദിനത്തിലോ മാലയിടാവുന്നതാണ്. ഭഗവാന്റെ ജന്മനക്ഷത്രമാണ് ഉത്രം.

മാലയിടുന്നതിന് മുൻപായി  വീടും പരിസരവും വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധി വരുത്തണം. പുല, വാലായ്മ  എന്നീ കാലയളവിൽ മാലയിടാൻ പാടില്ല. വ്രതം അനുഷ്ഠിച്ചുകൊണ്ട് ഈ കാലയളവ് കഴിഞ്ഞ ശേഷം മാലയിടാവുന്നതാണ്.

മാലയിടുമ്പോള്‍ ചൊല്ലേണ്ട മന്ത്രം

ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം

ഗുരുമുദ്രാം നമാമ്യഹം

വനമുദ്രാം ശുദ്ധമുദ്രാം

രുദ്രമുദ്രാം നമാമ്യഹം

ശാന്തമുദ്രാം സത്യമുദ്രാം

വ്രതമുദ്രാം നമാമ്യഹം

ശബര്യാശ്രമ സത്യേന

മുദ്രാം പാതു സദാപിമേം

ഗുരുദക്ഷിണയാ പൂര്‍വം

തസ്യാനുഗ്രഹ കാരണ

ശരണാഗത മുദ്രാഖ്യം

തന്മുദ്രം ധാരയാമ്യഹം

ശബര്യാചല മുദ്രായൈ

നമസ്തുഭ്യം നമോ നമഃ 

ഭഗവാന്റെ ദർശന ശേഷം വീട്ടിലെത്തി മാല ഊരി വേണം വ്രതം അവസാനിപ്പിക്കേണ്ടത്. ഇരുമുടി കെട്ടുമുറുക്കിയ പന്തലിൽ വച്ചശേഷം മന്ത്ര ജപത്തോടെ മാലയൂരി ഭഗവാന്റെ ചിത്രത്തിൽ ചാർത്താം 

മാല ഊരുമ്പോള്‍ ജപിക്കേണ്ട മന്ത്രം

അപൂര്‍വമചലാരോഹ

ദിവ്യ ദര്‍ശന കാരണ

ശാസ്ത്ര മുദ്രാത്വകാ ദേവ

ദേഹിമേ വ്രതമോചനം