ദോഷം മാറ്റാന്‍ പരിഹാരം ചെയ്യുന്നത് മണ്ടത്തരമോ?

ദോഷം മാറ്റാന്‍ പരിഹാരം ചെയ്യുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് കരുതുന്ന ഒരു വലിയ കൂട്ടരുണ്ട്. വരേണ്ടത് വരേണ്ടതു പോലെ വരും, അതിനാൽ പരിഹാരമെല്ലാം തികഞ്ഞ തട്ടിപ്പാണ് എന്ന് പറഞ്ഞ് ആ മേഖലയോട് മുഖം തിരിഞ്ഞു നിൽക്കുന്നവരുണ്ട്.

ജീവിതം തന്നെ പരിഹരിച്ചു, പരിഹരിച്ചു, ക്രമീകരിച്ചു മുന്നേറുന്ന ഒരു പ്രക്രിയയാണ്. എത്ര പ്രാവശ്യം വീണും കരഞ്ഞും വീണ്ടും ശ്രമിച്ചും മുന്നോട്ടാഞ്ഞുമാണ് ശരിയായി നടക്കാൻ പഠിച്ചത്. എത്ര തെറ്റിയശേഷം ആ പിഴവുകളെ പരിഹരിച്ചാണ് പറയാനും എഴുതാനും പഠിച്ചത്. പൂജയുടെ പേരിലല്ലെങ്കിലും പരിഹരിച്ചെടുക്കുക മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയുടെ അവിഭാജ്യ ഘടകമാണ്.

അതുപോലെ സത്യസന്ധമായും ആത്മാർത്ഥമായും ഒരാൾ ശ്രമിച്ചാൽ കെട്ടകാലം നല്ല കാലമായി മാറും. പക്ഷേ തനിക്ക് കോട്ടുവായിടാൻ അടുത്തിരിക്കുന്നവൻ വായ് തുറന്നാൽ നടക്കില്ല. ഭൗതികം, ഈശ്വരീയം, ആത്മീയമായ ഏത് പരിഹാരവും ഗുണഭോക്താവാണ് അതിൽ വേണ്ട ഇച്ഛാശക്തിയോടെ മുന്നോട്ടു നീങ്ങേണ്ടത്.

അഴുക്ക് തേച്ചു കളഞ്ഞും രോഗം മരുന്നു കഴിച്ചും കാലക്കേട് പരിഹാരത്തിലൂടെയും അയഞ്ഞു കിട്ടും. പക്ഷേ ജനത്തിന് ഈ മേഖലയോട് വെറുപ്പു വരാൻ ഒരു കാരണമുണ്ട്. അനുഭവം ഗുരു. വെട്ടിപ്പ്, തട്ടിപ്പ്, പറ്റിപ്പിന്റെ ആശാന്മാരായ ചില പുരോഹിതന്‍മാരും പൂജാരിമാരും, താൻ തന്നെയാണ് ദൈവം എന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ ശ്രമിക്കുന്ന കപടന്മാരും കാലക്കേടു മാറ്റാൻ വരുന്നവരുടെ കൈയിലിരുന്നതും കടിച്ചു പിടിച്ചതും അടിച്ചു മാറ്റും, പരിഹാരത്തിന്റെ പേരും പറഞ്ഞ്. ദൈവത്തിന്റെ പേരും പറഞ്ഞു പണവും സ്വാധീനവും അധികാരവും നേടി വേണ്ടാധീനത്തിന്റെ ആസ്ഥാന വിദ്വാന്മാരായി വിലസുന്നവരാണ്  ജ്യോതിഷത്തിലെ ഉദാത്തമായ പരിഹാരകർമ്മത്തിന് ദുഷ്പ്പേരുണ്ടാക്കിയത്. 

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം, ശാസ്താക്ഷേത്ര സമീപം,പത്താംകല്ല് ,നെടുമങ്ങാട് പി.ഒ.,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401