Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിച്ചാൽ കിട്ടുന്ന ‘ജാം’

JAM

രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്ര പഠനസ്ഥാപനങ്ങളിൽ പ്രവേശനം കൊതിക്കാത്തവരുണ്ടോ? അതും ഫെലോഷിപ് സഹിതം ! എങ്കിൽ ‘ജാം’ രുചിച്ചേ മതിയാകൂ. ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും (ഐഐഎസ്‌സി) വിവിധ ഐഐടികളിലും അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര പഠനം ലക്ഷ്യമിടുന്നവർക്കുള്ളതാണ് ‘ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി’ (ജാം). ചിലയിടങ്ങളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കും ജാം വഴിയെത്താം. ഐഐടി ബോംബെയ്ക്കാണ് ഇത്തവണ പരീക്ഷാ നടത്തിപ്പു ചുമതല. വെബ്‌സൈറ്റ്: http://jam.iitb.ac.in

യോഗ്യത: ശാസ്‌ത്ര ബിരുദം; അവസാനവർഷ വിദ്യാർഥികൾക്കും എഴുതാം.

ഓൺലൈൻ റജിസ്ട്രേഷൻ: സെപ്റ്റംബർ അഞ്ചു മുതൽ 

അവസാന തീയതി: ഒക്ടോബർ 10

ശ്രദ്ധിക്കാൻ: ബിരുദ യോഗ്യതയ്‌ക്കനുസരിച്ച് ഒരാൾക്കു രണ്ടു പേപ്പറിന് അപേക്ഷിക്കാം. ഒന്നിലേറെ പേപ്പറുകൾ എഴുതുന്നവർ പരീക്ഷാസമയം നോക്കി വേണം അപേക്ഷിക്കാൻ. 

ഫീസ്: ഒരു പേപ്പറിന് 1500 രൂപ. രണ്ടു വിഷയങ്ങൾക്കു 2100 രൂപ. പെൺകുട്ടികൾക്കും എസ്‌സി, എസ്‌ടി, അംഗപരിമിത വിദ്യാർഥികൾക്കും യഥാക്രമം 750, 1050 രൂപ വീതം. 

പരീക്ഷ:  2018 ഫെബ്രുവരി 11നു രണ്ടു സെഷനുകളിലായി ഓൺലൈനിൽ

ആദ്യ സെഷൻ: രാവിലെ 9.00– 12.00

വിഷയം: ബയോടെക്‌നോളജി, കെമിസ്‌ട്രി, ജിയോളജി, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് 

രണ്ടാം സെഷൻ: ഉച്ചയ്ക്കു 2.00– 5.00

വിഷയങ്ങൾ: ബയളോജിക്കൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്‌സ്

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം 

പരീക്ഷാഘടന: മൂന്നു വിഭാഗം. 

1) നാല് ഓപ്ഷനുകളിൽനിന്നു ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ ചോയ്സ്
2) ഓപ്ഷനുകളിൽനിന്ന് ഒന്നിലേറെ ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ സിലക്ട്
3) ന്യൂമറിക്കൽ ആൻസർ ടൈപ്പ് വിഭാഗം. 

ആകെ 60 ചോദ്യങ്ങൾ.100 മാർക്ക്.

ജാം കിട്ടാൻ അഞ്ചു കാര്യങ്ങൾ

amin

ബെംഗളൂരു ഐഐഎസ്‍സി മോളിക്യുലർ റീപ്രൊഡക്‌ഷൻ, ഡവലപ്മെന്റ് ആൻഡ് ജനിറ്റിക്സ് വകുപ്പിലെ ഗവേഷക വിദ്യാർഥി മുഹമ്മദ് അമീൻ കൊല്ലാരൻ പറയുന്നതു ശ്രദ്ധിക്കൂ:

1) സിലബസ് അറിയുക
മറ്റു മത്സരപ്പരീക്ഷകൾ പോലെ നിശ്ചിത ഭാഗത്തു നിന്ന് നിശ്ചിത തോത് ചോദ്യങ്ങളെന്ന രീതിയില്ല. ഹൈസ്കൂൾ മുതൽ ഡിഗ്രി വരെയുള്ള കാലത്തു പഠിച്ച ഏതുഭാഗത്തു നിന്നും ചോദ്യങ്ങളുണ്ടാകും.

2)  വേണം പ്രയോഗിക അറിവ്
പ്രായോഗിക അറിവാകും നോക്കുക. മൾട്ടിപ്പിൾ ചോയ്സ് മാത്രമല്ല, മൾട്ടിപ്പിൾ സിലക്ട് ചോദ്യങ്ങളുമുണ്ട്. ബയോളജിയിൽ പോലും ഗണിതതത്വങ്ങളറിയേണ്ട ചോദ്യങ്ങളുണ്ട്. ഇതു മനസ്സിലാക്കി പുസ്തകങ്ങൾ തിരഞ്ഞെടുക്കണം.

3)  മുൻ ചോദ്യങ്ങൾ നോക്കാം
അഞ്ചു വർഷം മുൻപു വരെയുള്ള ചോദ്യക്കടലാസുകൾ ചെയ്തു പഠിക്കണം. പഴയ ചോദ്യങ്ങൾ ആവർത്തിക്കുമെന്നു കരുതരുത്. എന്നാൽ സമാന ചോദ്യങ്ങളുണ്ടാകാം.  

4) മോക് ടെസ്റ്റ് നിർബന്ധം
ഓൺലൈൻ പരീക്ഷയിൽ സമയം പ്രധാനം. മോക് ടെസ്റ്റുകൾ ശീലിച്ചേ പറ്റൂ. ജാം വെബ്സൈറ്റിലും ഐഐടികളുടെ വെബ്സൈറ്റിലും മുൻവർഷ ചോദ്യക്കടലാസുകളുണ്ട്. മാതൃകാ ചോദ്യക്കടലാസുകളും ലഭ്യം. 

5) നേരത്തേ ഒരുങ്ങുക
‘ജാം’പലർക്കും കടുപ്പമേറിയതാകാൻ പ്രധാന കാരണം ഡിഗ്രി അവസാന വർഷമേ ഇതേക്കുറിച്ചു ചിന്തിച്ചു തുടങ്ങൂ എന്നതാണ്. പിന്നീടേ സിലബസ് മനസ്സിലാക്കൂ. അടിസ്ഥാനശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനമാണു ലക്ഷ്യമെങ്കിൽ ഡിഗ്രി കോഴ്സിനു ചേരുമ്പോഴേ ‘ജാം’ മനസ്സിലിട്ടു തുടങ്ങണം.

ഓരോ പാഠഭാഗവും പ്രായോഗിക തലത്തിൽ മനസ്സിലാക്കുക, ഇവയിൽ നിന്നുള്ള ജാം ചോദ്യങ്ങൾ അറിയുക... ആദ്യം മുതൽ ഇങ്ങനെ പരിശീലിച്ചാൽ ‘ജാം’ മധുരിക്കും, തീർച്ച