Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ, ശബ്ദത്തിന്റെ അണിയറയിലേക്ക്

pramod

‘‘ചാൻ‍സ് തെണ്ടിയും തെറികേട്ടും ദേഹണ്ണിച്ചും തന്നെയേ എല്ലാവനും സിനിമാക്കാരനായിട്ടുള്ളൂ. അല്ലാതെ നീയൊക്കെ വീട്ടിൽചെന്ന് ഏത് നടനെയാടാ നടനാക്കിയത്’’– ‘ബെസ്റ്റ് ആക്ടറി’ലെ മമ്മൂട്ടിയുടെ മാസ് ഡയലോഗ്. അഭിനയരംഗത്തു മാത്രമല്ല, സിനിമയിൽ ഏതു മേഖലയിലും രക്ഷപ്പെടണമെങ്കിൽ കഷ്ടപ്പാടേ സഹിച്ചേ പറ്റൂവെന്നു മികച്ച ശബ്ദമിശ്രണത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രമോദ് ജെ. തോമസ്. 

അഭിനയവും സംവിധാനവും മാത്രമല്ലല്ലോ, ഒട്ടേറെ സാങ്കേതിക ജോലികളും കൂടി ഉൾപ്പെട്ടതാണു സിനിമ. അവിടെപ്പോലും ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനുമപ്പുറം സൗണ്ട് എൻജിനീയറിങ്, സൗണ്ട് ഡിസൈനിങ് പോലെ ചില മേഖലകളുമുണ്ടെന്നു നാം അംഗീകരിച്ചത് റസൂൽ പൂക്കുട്ടിക്ക് ഓസ്കർ ലഭിച്ചതോടെയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് സൗണ്ട് എൻജിനീയറിങ് കരിയറായി സ്വീകരിച്ച പ്രമോദ് പറയട്ടെ, ഈ രംഗത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്തെ വർക്കുകൾ എത്രത്തോളം പ്രധാനം ? 
പഠനകാലത്തെ അസൈൻമെന്റ് വർക്കുകളാണു നമ്മുടെ ഐഡന്റിറ്റി. മറ്റുള്ളവർ നമ്മുടെ കഴിവ് അളക്കുന്നത് ഈ വർക്കുകളിലൂടെയാണ്.  ചെയ്തെന്നു വരുത്തിത്തീർക്കാതെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു വർക്കുകൾ ചെയ്യുക. സിനിമയിലുൾപ്പെടെ സൗണ്ട് മിക്സിങ്ങുമായി ബന്ധപ്പെട്ട ഏതു മേഖലയിലും ഒരു തുടക്കം കിട്ടണമെങ്കിൽ നമ്മുടെ വർക്കുകൾ തന്നെ ശരണം. ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നു പുറത്തിറങ്ങുമ്പോൾ നാമറിയാതെ ഇതനുസരിച്ചുള്ള ലേബൽ നമ്മുടെ മേൽ പതിഞ്ഞിട്ടുണ്ടാകും.  

 പഠിച്ചിറങ്ങിയാലോ ?
കോടമ്പാക്കത്തേക്കു കള്ളവണ്ടി കയറി ഒടുവിൽ സിനിമാക്കാരനായി തിരികെ വരുന്നതൊക്കെ ‘സിനിമയിൽ’ മാത്രമേ നടക്കൂ. ഏതു ജോലിക്കും വേണ്ടത് അടിത്തറയാണ്. അതിനു മികച്ച സ്ഥാപനത്തിൽ പഠിക്കണം. സിനിമാരംഗത്ത് അഭിരുചിയുള്ളവർക്കു പണ്ട് ഏക ആശ്രയം പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. ഇന്നു സാഹചര്യങ്ങൾ മെച്ചപ്പെട്ടു. താൽപര്യമുള്ള മേഖലയിൽ സ്പെഷലൈസ് ചെയ്യാനും കൂടുതൽ അവസരങ്ങളുണ്ട്. 

സൗണ്ട് മിക്സിങ് കോഴ്സ് ആർക്കൊക്കെ പഠിക്കാം ?
എന്റെയൊക്കെ കാലത്ത് സൗണ്ട് മിക്സിങ് കോഴ്സ് പഠിക്കണമെങ്കിൽ ഡിഗ്രി ലെവലി‍ൽ ഫിസിക്സും ഇലക്ട്രോണിക്സും പഠിച്ചിരിക്കണം. ഹാർഡ്‌വെയർ കാലഘട്ടമായിരുന്നു അത്. ഇലക്ട്രോണിക്സിൽ ഗ്രാഹ്യമിമില്ലമിൃമമില്ലെങ്കിൽ വലിയ അപകടങ്ങൾ വരെ സംഭവിക്കാമായിരുന്നു.

കാലം മാറിയതോടെ കോഴ്സുകളുടെ സ്വഭാവവും സാങ്കേതികതയും മാറി. സൗണ്ട് മിക്സിങ് മേഖല കൂടുതൽ ഡിജിറ്റലായി.  സോഫ്റ്റവെയർ കേന്ദ്രീകൃതമായി പ്രവർത്തനങ്ങളൊക്കെയും. നിലവിൽ സൗണ്ട് മിക്സിങ് കോഴ്സുകൾ പഠിക്കാൻ പ്ലസ്ടു തലത്തിൽ സയൻസ് (ഫിസിക്സ്) പഠനം അഭികാമ്യം.  

സൗണ്ട് മിക്സിങ്ങും സംഗീതവും തമ്മിൽ ?
സംഗീതത്തിൽ അടിസ്ഥാന ഗ്രാഹ്യമുള്ളവർക്കു ജോലി കൂടുതൽ എളുപ്പമാകും. കരിയർ വളർച്ചയ്ക്കും ഇതു സഹായകമാകും. വിദേശ രാജ്യങ്ങളിലൊക്കെ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം സംഗീതത്തിലും ക്ലാസുകളുണ്ട്. വിദേശ സൗണ്ട് എൻജിനീയർമാരുടെയൊപ്പം വർക്ക് ചെയ്യുന്നതുതന്നെ സുഖമുള്ള കാര്യമാണ്. ‘സിറ്റുവേഷൻസ്/ ഇമോഷൻസ്’ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ സംഗീത അഭിരുചി സഹായകരമാണ്.

തുടക്കക്കാർ ശ്രദ്ധിക്കൂ
∙ സിനിമയിൽ മറ്റു മേഖലകളിലുള്ളവരെ അപേക്ഷിച്ച് സൗണ്ട് എൻജിനീയർക്കു ജോലി കിട്ടാൻ സാധ്യത കൂടുതലാണ്.
∙തുടക്കത്തിൽ മികച്ച സ്ഥാപനത്തിൽ സൗണ്ട് എൻജിനീയരുടെ കീഴിൽ ജോലി ചെയ്യാൻ കഴിഞ്ഞാൽ ഭാവിയിൽ ഗുണം ചെയ്യും. 
∙പഠനകാലത്തു മികച്ച പ്രോജക്ടുകളുമായി സഹകരിക്കുക. സർട്ടിഫിക്കറ്റുകളേക്കാൾ പ്രയോജനം ചെയ്യും.
∙പഠിച്ച സ്ഥാപനത്തിൽനിന്ന് ഈ മേഖലയിലെത്തിയ സീനിയേഴ്സുമായി ബന്ധം സ്ഥാപിക്കുക. അപേക്ഷ അയച്ച് ജോലി നേടുന്ന രീതി ഇവിടെയില്ല. ബന്ധങ്ങളും വർക്കുകളുമാണു പ്രധാനം.