Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസൈൻ പഠിക്കാൻ യു–സീഡ്

Author Details
UCEED

ഒരു തത്തയും രണ്ടു മീനും ചേർന്നാൽ നാല് ആനയ്ക്കു തുല്യം; രണ്ടു തത്തയും ഒരാനയും ചേർന്നാൽ ഒരു മീനിനും ഒരു തത്തയ്ക്കും തുല്യം; എങ്കിൽ ഒരു ആന എത്ര തത്തയ്ക്കു തുല്യം ? ചോദ്യം കളിക്കുടുക്കയിലെയോ ബാലരമയിലെയോ പസിൽ കോളങ്ങളിൽ നിന്നല്ല, ഐഐടി ബോംബെ നടത്തുന്ന ഡിസൈൻ പ്രവേശനപ്പരീക്ഷയായ യു- സീഡിൽ നിന്നാണ്.

ഐഐടി ബോംബെയിലെ ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ, ഐഐടി ഗുവാഹത്തി, ജബൽപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ഐഐഐടിഡിഎം) എന്നിവയിലെ ഡിസൈൻ ബിരുദ പ്രോഗ്രാമിനുള്ള (ബി–ഡിസ്) പ്രവേശനപ്പരീക്ഷയായ യു-സീഡിന്റെ പ്രത്യേകത ഇത്തരം ‘തലതിരിഞ്ഞ’ ചോദ്യങ്ങളാണ്.

യു–സീഡ് എന്നാൽ അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ. വര പഠിക്കാത്തവർക്കും അവസരം. എന്നുകരുതി, എല്ലാം തിയറി ചോദ്യങ്ങളല്ല താനും. മത്സരപ്പരീക്ഷകളുടെ പതിവുരീതികൾ പൊട്ടിച്ചെറിയുന്നു യു- സീഡ്.

യു–സീഡ് എന്ത്, എങ്ങനെ?
ചോദ്യങ്ങൾ ആറു വിഭാഗങ്ങളിൽനിന്ന്. മൂന്നെണ്ണം ഡിസൈൻ അഭിരുചിയുമായി  ബന്ധപ്പെട്ടതാണ്– വിഷ്വലൈസേഷൻ & സ്പേഷ്യൽ എബിലിറ്റി, ഒബ്സർവേഷൻ & ഡിസൈൻ സെൻസിറ്റിവിറ്റി, ഡിസൈൻ തിങ്കിങ് & പ്രോബ്ലം സോൾവിങ് എന്നിവ. പൊതുവിജ്ഞാനം, ഇംഗ്ലിഷ്, ലോജിക്കൽ റീസണിങ് എന്നിവ സംബന്ധിച്ചും ചോദ്യങ്ങളുണ്ടാകും.

ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഒന്നിലേറെ ശരിയുത്തരങ്ങളുള്ള മൾട്ടിപ്പിൾ സിലക്ട് ചോദ്യങ്ങൾ, വെർച്വൽ കീപാഡ് ഉപയോഗിച്ചു ചെയ്യേണ്ട ന്യൂമെറിക്കൽ ആൻസർ ടൈപ് ചോദ്യങ്ങൾ എന്നിവയുണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കു നെഗറ്റിവ് മാർക്കുണ്ട്. പരീക്ഷ: മൂന്നു മണിക്കൂർ. മാർക്ക്: 300.

‘അതിരില്ലാത്ത’ ചോദ്യങ്ങൾ
ഫാനിന്റെ ലീഫുകളിൽ വിവിധതരം വരകളുണ്ടെന്നു കരുതുക. ഫാൻ കറങ്ങുമ്പോൾ ആ വരകൾ കാണുമോ ? കാണുമെങ്കിൽ ഏതു രൂപത്തിൽ ?  ഇങ്ങനെ നമ്മുടെ നിരീക്ഷണബുദ്ധി അളക്കുന്ന എന്തു ചോദ്യവും വരാം.

ദൃശ്യപരമായ സമാനത കണ്ടെത്തുക, തന്നിരിക്കുന്ന അടയാളങ്ങളും പ്രതീകങ്ങളും വിലയിരുത്തുക, രൂപാലങ്കാരങ്ങളിലെ സാമ്യവും വ്യത്യാസവും മനസ്സിലാക്കുക, ചിത്രങ്ങളുടെ വിവിധ തലത്തിലുള്ള രൂപമാറ്റങ്ങൾ തിരിച്ചറിയുക, ദ്വിമാന, ത്രിമാന ബന്ധം മനസ്സിലാക്കുക... ഇത്തരം ചോദ്യങ്ങളുണ്ടാകും.

ഡിസൈൻ അഭിരുചി, ലോജിക്കൽ റീസണിങ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തന്നെയാകും കൂടുതൽ. വിവിധ ചിത്ര പാറ്റേണുകൾ, അക്ഷര പാറ്റേണുകൾ തുടങ്ങിയവ വിലയിരുത്തി ഉത്തരം നൽകേണ്ടിവരും. ഇംഗ്ലിഷ് വിഭാഗത്തിൽ പതിവു വ്യാകരണ ചോദ്യങ്ങൾ പ്രതീക്ഷിക്കരുത്. തന്നിരിക്കുന്ന ഭാഗം വായിച്ചുമനസ്സിലാക്കി ഉത്തരം നൽകാനായിരിക്കും അധികവും.

എങ്ങനെ തയാറെടുക്കാം?
ചുറ്റുവട്ടം നന്നായി നിരീക്ഷിക്കാനും വിശകലനം ചെയ്യാനും കഴിയണം. പൊതുവിജ്ഞാനം ഒഴികെയുള്ള ഭാഗങ്ങളെല്ലാം അഭിരുചി അളക്കുന്നതാണ്. ആലോചിച്ചെഴുതേണ്ട ചോദ്യങ്ങളുള്ളതിനാൽ സമയ വിനിയോഗം പ്രധാനം. മോക്ക് ടെസ്റ്റുകൾ ഇക്കാര്യത്തിൽ സഹായമാകും. വിവിധ വെബ്സൈറ്റുകളിൽ മുൻവർഷ ചോദ്യക്കടലാസുകളും മാതൃകാ ചോദ്യങ്ങളും ലഭ്യം.

കടപ്പാട്: 
ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ, ഐഐടി ബോംബെ

More Campus Updates>>