Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17ാം വയസ്സിൽ സ്വന്തമാക്കിയതു ബൈക്കും ഫോണുമല്ല

shaurya-jain

കംപ്യൂട്ടര്‍ പുതുതലമുറയെ വഴി തെറ്റിക്കുന്നുവെന്ന സ്ഥിരം പല്ലവികള്‍ക്കിടയില്‍ സാങ്കേതിക വിദ്യ പ്രയോജനകരമായി ഉപയോഗപ്പെടുത്തുന്ന ഒരു പതിനേഴുകാരനെ പരിചയപ്പെടാം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓണ്‍ലൈനായി തുടങ്ങിയ കോഡിങ് പഠനം കൊണ്ടു രണ്ടു വര്‍ഷത്തിനകം ഒരു ആപ്പ് തന്നെ വികസിപ്പിച്ചെടുത്ത കൊച്ചുമിടുക്കന്‍. ശൗര്യ ജെയിന്‍ എന്ന ഈ ഡല്‍ഹിക്കാരന്‍ പയ്യന്‍സ് നിര്‍മിച്ചെടുത്ത ആപ്പിന്റെ പേര് ഇന്‍സ്റ്റാമെഡ് പ്ലസ്. ഒരാളുടെ രോഗവിവരങ്ങളെ സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ സൂക്ഷിക്കാനും ആവശ്യം വരുമ്പോള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുമുള്ളതാണ് ഈ ആപ്. ഇതേ പേരിലുള്ള വെബ്‌സൈറ്റുമായും ആപ് ബന്ധിപ്പിച്ചിട്ടുണ്ട്. 

ആര്‍കെ പുരം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാർഥിയായ ശൗര്യക്കു ചെറുപ്പം മുതലേ കംപ്യൂട്ടര്‍ പെരുത്തിഷ്ടമാണ്, മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലൂടെ പഠിച്ചു തുടങ്ങിയ കോഡിങ് ആകട്ടെ ജീവശ്വാസവും. സഹോദരിക്ക് അസുഖം വന്നപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുന്‍കാല രോഗചരിത്രത്തിന്റെ അഭാവത്തില്‍ രോഗനിര്‍ണ്ണയം ചെയ്യാന്‍ വൈകി. ഇതാണ് ഇത്തരത്തിലൊരു ആപ്പിന്റെ സാധ്യതകളിലേക്ക് ശൗര്യയെ നയിച്ചത്. 

ഇന്‍സ്റ്റാമെഡ് പ്ലസ് ആപ്പില്‍ പ്രൊഫൈലുണ്ടാക്കിയ ശേഷം ഉപയോക്താക്കള്‍ക്ക് എക്‌സ്‌റേയും മരുന്നുചീട്ടും പ്രതിരോധകുത്തിവയ്പ്പുകളും അടക്കമുള്ള തങ്ങളുടെ രോഗചരിത്രം അപ്‌ലോഡ് ചെയ്യാം. ക്ലൗഡ് സാങ്കേതിക വിദ്യ വഴി സൂക്ഷിക്കുന്ന ഈ രേഖകള്‍ ഒരു ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം. 

സ്‌കൂള്‍ സമയത്തിനു ശേഷം എട്ടു മണിക്കൂറോളം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന ശൗര്യയുടെ മറ്റൊരു ഇഷ്ടമേഖല റോബോട്ടിക്‌സാണ്. കംപ്യൂട്ടറിലുള്ള ഈ അമിത താൽപര്യം ഒരിക്കലും ശൗര്യയുടെ പഠനത്തെ ബാധിച്ചിട്ടില്ല. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് 8.8 സിജിപിഎ നേടി വിജയിച്ചു. ഇതെങ്ങനെ പഠനവും കംപ്യൂട്ടറും ആപ്പുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നു ചോദിക്കുന്നവരോട് ശൗര്യയ്ക്ക് പറയാനുള്ളത് ‘എന്ത് എപ്പോള്‍ ചെയ്യണമെന്ന് അറിഞ്ഞിരുന്നാല്‍ മതി’ എന്നാണ്.

സിലബസിലുള്ളതെല്ലാം സ്‌കൂളില്‍ വച്ചു തന്നെ തീര്‍ക്കും. വീട്ടിലെത്തിയാല്‍ ടിവി കാണല്‍, സിനിമ തുടങ്ങിയ നേരംപോക്കുകള്‍ ഒന്നുമില്ല. കോച്ചിങ്ങിനൊന്നും പോകാന്‍ ആഗ്രഹിക്കാത്ത ശൗര്യ സ്വയം പഠനത്തിന്റെ വക്താവാണ്. മാര്‍ക്കിന് അധികം പ്രാധാന്യം നല്‍കാതെ വിദ്യാർഥികള്‍ എന്തു ചെയ്യുന്നു, എന്തു നിര്‍മിക്കുന്നു എന്നൊക്കെ ശ്രദ്ധിക്കുന്ന ഒരു സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്നാണു ശൗര്യയുടെ മോഹം. 

More Campus Updates>>