Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ അനലിറ്റിക്സ്; ഭാവിയിലെ തൊഴിൽ

data-analytics

യൂട്യൂബിൽ കയറുമ്പോൾ മനസ്സിനിഷ്ടമുള്ള വിഡിയോകൾ അടുത്തടുത്തായി വരുന്നതു ശ്രദ്ധിച്ചിട്ടില്ലേ ? ആമസോണും ഫ്ലിപ്കാർട്ടും നമ്മുടെ ഇഷ്ട ഉൽപന്നങ്ങൾ സജസ്റ്റ് ചെയ്തു ഞെട്ടിച്ചിട്ടില്ലേ? അതാണു ഡേറ്റ അനലിറ്റിക്സിന്റെ മിടുക്ക്. പടുകൂറ്റൻ ഡേറ്റാബേസുകളിൽനിന്ന് ഓരോ വ്യക്തിയുടെയും ഉപയോഗ സവിശേഷതകൾ അയാൾ പോലുമറിയാതെ മനസ്സിലാക്കിയുള്ള പ്രവർത്തനം. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നിവയാകും ഭാവിയുടെ സാങ്കേതികവിദ്യകളെന്നാണു മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല ഇന്ത്യയിലെത്തിയപ്പോൾ പറഞ്ഞത്. ഭാവിയിൽ ഏറ്റവുധികം തൊഴിൽസാധ്യതകൾ കൂടി തുറന്നിടുന്നുണ്ട് ഡേറ്റ അനലിറ്റിക്സ്.

ഡേറ്റയാണഖിലസാരമൂഴിയിൽ !
സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിനാളുകൾ ദിവസവും ഉത്പാദിപ്പിക്കുന്ന വിവരശേഖരം എത്രത്തോളം വലുതാണെന്ന് ഊഹിക്കാമല്ലോ, ഇതിനെ വിവിധ അളവുകോലുകൾ ഉപയോഗിച്ച് അരിച്ചെടുത്ത് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയെയാണ് ബിഗ് ഡേറ്റ അനലിറ്റിക്സ് എന്നു വിളിക്കുന്നത്. ഉദാ: തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങളുടെ പ്രതികരണങ്ങൾ ഇത്തരത്തിൽ അരിച്ചെടുത്താൽ വിവിധ രാഷ്ട്രീയകക്ഷികളുടെ ജയപരാജയ സാധ്യതകൾ പ്രവചിക്കാൻ കഴിഞ്ഞേക്കും. വ്യക്തികളുടെ സമൂഹമാധ്യമ ഉപയോഗം വിലയിരുത്തി കമ്പനികൾക്കു വിപണനതന്ത്രങ്ങൾ മെനയാം. 

data-analytics വര: റിങ്കു തിയോഫിൻ

സാധ്യതകളുടെ ഭാവി
∙ 2020 ആകുമ്പോഴേക്കും പ്രതിവർഷം ഏഴു ലക്ഷം ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ ഡവലപ്പർമാർ, ഡേറ്റ എൻജിനീയർമാർ എന്നിവരെ ആവശ്യമായി വരുമെന്നു ഫോബ്സ് മാസിക. അതേസമയം, യോഗ്യതയുള്ളവർ നന്നെ കുറവ്; അതിനാൽ തന്നെ ശമ്പളം മോഹിപ്പിക്കുന്നതും.

∙ യുഎസിൽ മാത്രം 2020ൽ ഡേറ്റ മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോലികൾ 27.2 ലക്ഷമായിരിക്കുമെന്ന് ഐബിഎമ്മിന്റെ പഠനം.

∙ മക്‌കെൻസിയുടെ പ്രവചനമനുസരിച്ച് അടുത്ത വർഷം യുഎസിൽ 1.9 ലക്ഷം ഡേറ്റ പ്രഫഷനലുകളുടെ കുറവ് അനുഭവപ്പെടും.

∙ 59 % ഡേറ്റ സയൻസ് ജോലികളുടെയും ഗുണഭോക്താക്കളാകുക ബാങ്കുകളും ഇൻഷുറൻസ്, ഐടി കമ്പനികളും.

∙ പ്രമുഖ തൊഴിൽ പോർട്ടലായ ഗ്ലാസ്ഡോറിന്റെ പഠനപ്രകാരം ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ഐടി രംഗമായിരിക്കും ഡേറ്റ സയൻസ്.

∙ ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഡേറ്റ സയൻസുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളിലെ വളർച്ച 50 %.

അറിഞ്ഞിരിക്കണം ഇവ
∙ അപാച്ചെ ഹഡൂപ്: ബിഗ് ഡേറ്റ മാനേജ്മെന്റിന്റെ പര്യായം തന്നെയായി ഹഡൂപ് സോഫ്റ്റ്‍വെയർ ഫ്രെയിംവർക് മാറിക്കഴിഞ്ഞു. വലിയ വിവരശേഖരം ക്ലസ്റ്ററുകളായി സൂക്ഷിക്കാൻ സഹായിക്കുന്നു. ഇതിന്റെ വിവിധ ഭാഗങ്ങളായി എച്ച്ഡിഎഫ്എസ്, മാപ്റെഡ്യൂസ്, ഹൈവ്, പിഗ്, എച്ച്ബേസ്, യാൺ തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരെ കൊത്തിക്കൊണ്ടുപോകാൻ കമ്പനികൾ റെഡി. 

∙ ഡേറ്റ വിഷ്വലൈസേഷൻ: സ്പ്രെഡ് ഷീറ്റിലെന്ന പോലെ നിസ്സാരമല്ല ബിഗ് ഡേറ്റ മനസിലാക്കാൻ. സങ്കീർണതകൾ ഇല്ലാതെ ഇവ ഭംഗിയായും ലളിതമായും ചിത്രീകരിക്കാനും അറിഞ്ഞിരിക്കണം.

∙ ഡേറ്റ അനലിറ്റിക്സ് ടൂളുകൾ: ഡേറ്റ വിശകലനം ചെയ്യാനായുള്ള ആർ (R), എസ്എഎസ് (SAS), എസ്പിഎസ്എസ് (SPSS), മാറ്റ്ലാബ് (Matlab) തുടങ്ങിയ ടൂളുകളും സോഫ്റ്റ്‍വെയർ പാക്കേജുകളും അറിഞ്ഞിരിക്കണം. ഇതിനു പുറമേ പൊതുവായ പ്രോഗ്രാമുകളായി സി, ജാവ, പൈത്തൺ തുടങ്ങിയ അറിയാവുന്നവർക്കു ഡിമാൻഡ് കൂടും. 

പഠിക്കാനേറെയുണ്ട്
കണക്കനുസരിച്ച് ഒരു കമ്പനിയിലെ ഡേറ്റാ അനലിറ്റിക്സ് മാനേജർ ജോലിയിൽ നിന്ന് മാറിയാൽ പകരം മികവുള്ള ആളെ കണ്ടെത്താൻ 53 ദിവസമെങ്കിലും വേണം. മറ്റു സാങ്കേതികവിദ്യകൾ പോലെ കൃത്യമായ അതിർത്തികൾ വരിച്ചിടാൻ കഴിയാത്ത മേഖലയാണു ഡേറ്റ സയൻസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങി ഒട്ടേറെ മേഖലകളുമായി ഇഴപിരിയാത്ത ബന്ധമുണ്ട്. ഉദാഹരണത്തിന് ആൻഡ്രോയ്ഡ് ഫോണിൽ ‘ഒകെ ഗൂഗിൾ, കോൾ മൈ ഡ്രൈവർ’ എന്നു പറയുമ്പോൾ ആദ്യ വട്ടം ഫോണിലുള്ള വിവിധ ഡ്രൈവർമാരുടെ പേരുകൾ കാണിച്ച് അതിലേതെന്നു ചോദിക്കും. അടുത്തതവണ ഇതേ ചോദ്യം ആവർത്തിക്കുമ്പോൾ ഗൂഗിൾ ഈ ചോദ്യം ഒഴിവാക്കി നേരിട്ട് ഉത്തരത്തിലേക്ക് പോകുന്നു. മെഷീൻ അതിനു ലഭിക്കുന്ന വിവരങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യുന്ന കാലം കൂടിയാണിത്.

പ്രധാന ജോബ് റോളുകൾ
∙ ഡേറ്റ അനലിസ്റ്റ്: ബിഗ് ഡേറ്റയിലെ ‘പ്രോബ്ലം സോൾവർ’. വിവരശേഖരങ്ങൾ വിശകലനം ചെയ്യുകയും ഡേറ്റാബേസിൽ നിന്ന് ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ സംവിധാനമൊരുക്കുകയും ചെയ്യുന്നു.

∙ ഡേറ്റ സയന്റിസ്റ്റ്: വിവരങ്ങൾ ക്രോഡീകരിച്ച് നിഗമനങ്ങളിലെത്തുകയും ബിസിനസ് ലോകത്തിന് അവ ലഭ്യമാക്കുകയും ചെയ്യുന്നു. ബിസിനസും സാങ്കേതികവിദ്യയും ഒരുപോലെ അറിഞ്ഞിരിക്കണമെന്നു ചുരുക്കം. 

∙ ഡേറ്റ ആർക്കിടെക്ട്: വിരവശേഖരത്തിന്റെ രൂപകൽപനയെക്കുറിച്ച് അറിഞ്ഞിരിക്കണം. പുത്തൻ ഡേറ്റാബേസുകൾ നിർമിക്കുകയും ചെയ്യും.

∙ ഡേറ്റ അഡ്മിനിസ്ട്രേറ്റർ: ദിവസേനയുള്ള മേൽനോട്ടം ഇവർക്കാണ്. വിവരങ്ങളുടെ ബാക്കപ്പും, അപ്ഡേറ്റുകളും ചുമതലകളാണ്.

More Campus Updates>>