Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിയിലെ ജോലികൾക്കു സൗജന്യമായി പഠിക്കാം

Author Details
619046694

ഇപ്പോൾ ബിടെക്കിനു ചേരുന്നവർ 2022ൽ പഠിച്ചിറങ്ങും. അന്നത്തെ തൊഴിൽരംഗത്തെക്കുറിച്ച് ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമും വ്യവസായ കൂട്ടായ്മയായ ഫിക്കിയും ചേർന്നു കഴിഞ്ഞ വർഷം നടത്തിയ പഠനത്തിലെ കണ്ടെത്തൽ ശ്രദ്ധിക്കുക – നിലവിൽ കേട്ടിട്ടുപോലുമില്ലാത്ത പുതിയ തരം ജോലികളാകും അന്ന് ആറു കോടിയോളം ഇന്ത്യക്കാർ ചെയ്യുക. ഇപ്പോഴുള്ള ജോലികൾക്കു വേണ്ട നൈപുണ്യം പോലും വാഗ്ദാനം ചെയ്യാൻ നമ്മുടെ പാഠ്യപദ്ധതിക്കു കഴിയുന്നില്ലെന്നിരിക്കെ, ബിടെക് വിദ്യാർഥികൾ എങ്ങനെ ഭാവിയിലെ ജോലികൾക്കു സജ്ജരാകും?

അവിടെയാണു ‘മൂക്’ (MOOC - മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) പഠനം പ്രസക്തമാകുന്നത്. ഇ-ലേണിങ് പോലെ റെക്കോർഡ് ചെയ്ത കുറച്ചു ലക്ചർ വിഡിയോകൾ മാത്രമല്ല ഇന്നു മൂക് പ്ലാറ്റ്‌ഫോമുകൾ നമുക്കു തരുന്നത്. ലോക നിലവാരത്തിലുള്ള അധ്യാപകർ, സംശയങ്ങൾ പരിഹരിക്കാൻ ഡിസ്കഷൻ ഫോറങ്ങൾ, സർട്ടിഫിക്കേഷനുകൾ, സമയബന്ധിത അസൈൻമെന്റുകൾ, ക്വിസ് എന്നിങ്ങനെ സമാന്തര വിദ്യാഭ്യാസ വിപ്ലവം തന്നെ നടക്കുന്നു.‌ ഇന്ത്യൻ എൻജിനീയറിങ് വിദ്യാർഥികൾക്കു പ്രധാനമായും മൂന്നു തലങ്ങളിൽ ഇവ ഉപയോഗപ്പെടുത്താം.

സ്കില്ലിലാണ് കാര്യം

സാമ്പ്രദായിക എൻജിനീയറിങ് പഠനരംഗം നൈപുണ്യ വികസനത്തിൽ പിന്നാക്കമാണ്. എന്നാൽ ‘മൂകി’ന്റെ പ്രാഥമിക ലക്ഷ്യം തന്നെ നൈപുണ്യ വികസനമാണ്. edX, Coursera, Udacity തുടങ്ങിയ ‘മൂക്’ പ്ലാറ്റ്ഫോമുകളിലെ കോഴ്സുകൾ ഭാവി തൊഴിൽസാധ്യതകളും ആ ജോലികൾക്കു വേണ്ടിയുള്ള സ്കില്ലുകളുമാണു പ്രതിഫലിപ്പിക്കുന്നത്. ഉദാഹരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ എൻജിനീയറിങ് കോളജ് അല്ല തിരയേണ്ടത്. എല്ലാ ‘മൂക്’ പ്ലാറ്റ്ഫോമുകളിലും ഏറ്റവും മികച്ച എഐ കോഴ്സുകളുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എംഐടി) edX പ്ലാറ്റ്‌ഫോം നൽകുന്ന ഒരു അവസരമാണ് മൈക്രോ മാസ്റ്റേഴ്സ്; നാലു മുതൽ അഞ്ചു വരെ കോഴ്സുകൾ ചേർന്ന സീരിസ്.  ഓരോ  കോഴ്സും കുറഞ്ഞത് ഓരോ ഇൻഡസ്ട്രി ഭീമന്മാർ സ്പോൺസർ ചെയുന്നു. ജനറൽ ഇലക്ട്രിക്, ഐബിഎം, മൈക്രോസോഫ്റ്റ്, വാൾമാർട്ട് എന്നിങ്ങനെ നാൽപതോളം കമ്പനികൾ ഈ പട്ടികയിലുണ്ട്. ലോകത്തിലെ മുൻനിര കമ്പനികളുമായി ചർച്ച ചെയ്തു രൂപപ്പെടുത്തുന്ന കോഴ്സ് ആയതിനാൽ ഉദ്യോഗാർഥിയിൽനിന്ന് അവർ പ്രതീക്ഷിക്കുന്ന നൈപുണ്യം പാഠ്യപദ്ധതിയിലുണ്ട്.

പഠിപ്പിക്കാൻ ‘പുലി’കൾ

മികച്ച അധ്യാപകർ വഴി അവരുടെ നെറ്റ്‌വർക്കിലേക്കു കൂടിയാണു നമുക്കു പ്രവേശനം കിട്ടുന്നത്. ഇക്കാര്യത്തിലും ‘മൂക്’ പഠനം സഹായിക്കും. പൈത്തൺ പ്രോഗ്രാമിങ് ലോകപ്രശസ്ത എംഐടി പ്രഫസർ എറിക് ഗ്രിംസണിൽ നിന്നു പഠിക്കാം. സെൽഫ് ഡ്രൈവിങ് കാർ സാങ്കേതികവിദ്യ ഗൂഗിൾ സെൽഫ് ഡ്രൈവിങ് കാർ ടീമിനെ നയിച്ച സെബാസ്റ്റ്യൻ ട്രുൻ പഠിപ്പിക്കും. ഇങ്ങനെ ഓരോ കോഴ്സും ആ മേഖലയിലെ ‘പുലി’കളാകും പഠിപ്പിക്കുക. അതും സൗജന്യമായി നമുക്കു സൗകര്യമുള്ള സമയത്തും സ്ഥലത്തും. 

‘കോറി’ൽ കുരുങ്ങേണ്ട

എൻജിനീയറിങ് വിദ്യാർഥികൾ ‘കോർ’ ജോലികളുടെ കെണിയിൽപ്പെടുക പതിവാണ്. മെക്കാനിക്കൽ പഠിച്ചാൽ എൻജിൻ ഡിസൈൻ അല്ലാതെ മറ്റൊരു കരിയറില്ലെന്നു കരുതും. ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിച്ചാൽ കെഎസ്ഇബിയെ നോട്ടമിടും. ഈ മനോഭാവം ‘കോർ’ ജോലിക്കു വേണ്ട സ്കില്ലുകൾ മാത്രം വളർത്താനുള്ള പ്രവണത കൂട്ടും. എന്നാൽ ഭാവി ജോലികൾ ഒരു സ്കിൽ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലല്ലോ. ഇഷ്ടവിഷയങ്ങളേതും പഠിക്കാൻ അതും കാരണമായി കരുതണം. സപ്ലൈ ചെയിൻ മാനേജ്‌മന്റ് മുതൽ ന്യൂറോസയൻസ് വരെയുള്ള കോഴ്സുകളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു പഠിക്കാം. ലോകമെങ്ങും നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടുന്ന ഡിസ്കഷൻ ഫോറത്തിലെ സമ്പർക്കവും പുതിയ അനുഭവമായിരിക്കും. എല്ലാ മൂക് സർട്ടിഫിക്കേഷനും ലിങ്ക്ഡ്ഇന്നുമായി ബന്ധിപ്പിക്കാം. അങ്ങനെ തൊഴിൽദാതാവിനു സർട്ടിഫിക്കേഷനുകൾ നേരിട്ടു കാണാനും പരിശോധിക്കാനും കഴിയും.  തൃശൂർ എൻജിനീയറിങ് കോളജിൽ പവർ സിസ്റ്റംസ് എംടെക് ചെയ്ത എനിക്കു കംപ്യൂട്ടർ പ്രോഗ്രാമിങ്, മെഷീൻ ലേണിങ് എന്നീ വിഷയങ്ങളിലേക്ക് എത്താനും ജോലി നേടാനും കഴിഞ്ഞത് ഇരുപതോളം മൂക് സർട്ടിഫിക്കേഷനുകൾ ലിങ്ക്ഡ്ഇൻ വഴി തൊഴിദാതാക്കളിലേക്ക് എത്തിച്ചാണ്. ഐഐടിയിലോ എൻഐടിയിലോ പ്രവേശനം കിട്ടിയില്ലെന്നു കരുതി വിഷമിക്കേണ്ട. എംഐടി വരെയെത്താനുള്ള വഴി നമ്മുടെ മുന്നിൽത്തന്നെയുണ്ട്.

ഉപരിപഠനത്തിലും മെച്ചം

മൂക് കോഴ്സുകളുടെ യൂണിവേഴ്സിറ്റി ക്രെഡിറ്റും പ്രധാനം. edX പ്ലാറ്റ്‌ഫോമിലെ മൈക്രോ മാസ്റ്റേഴ്സ് കോഴ്സ് സർട്ടിഫിക്കേഷൻ രാജ്യാന്തര സർവകലാശാലകൾ അവരുടെ അക്കാദമിക് ക്രെഡിറ്റ് ആയി അംഗീകരിക്കും. ഭാവിയിൽ ആ സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചാൽ, പഠനം പൂർത്തിയാക്കാൻ ഈ ക്രെഡിറ്റുകളൊഴികെ ബാക്കി മതിയാകും. ബിടെക്കിനു ശേഷം വിദേശത്ത് ഉപരിപഠനം തേടുന്നവർക്ക് ആലോചിക്കാവുന്ന വഴി. Udacity ഗൂഗിളുമായി ചേർന്ന് ഡവലപ്പർ സ്കോളർഷിപ് ക്രമീകരിച്ചിട്ടുണ്ട്. അർഹരാകുന്നവർക്കു മൊബൈൽ, വെബ് ആപ്പ് വികസന കോഴ്സുകൾ ഗൂഗിൾ സർട്ടിഫിക്കേഷനോടെ പഠിക്കാം.

(കൊച്ചി ഇൻഫോപാർക്കിലെ പേളിബ്രുക് ലാബ്സ് എന്ന സ്റ്റാർട്ടപ് കമ്പനിയിലെ മെഷീൻ ലേണിങ് എൻജിനീയർ ആണു ലേഖകൻ)