Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐടികൾ പെൺകുട്ടികൾക്കു ബാലികേറാമലകളാണോ?

512058184

ശരാശരി പത്ത് ആൺകുട്ടികൾക്ക് ഒരു പെൺകുട്ടി– ഐഐടികളിലെ ആൺ– പെൺ അനുപാതമാണത്. രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട അസന്തുലിതാവസ്ഥ. ഐഐടി പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് ക്ലിയർ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണത്തിലെ കുറവ് ഉൾപ്പെടെയുള്ള കാരണങ്ങൾ ഇതിനുപിന്നിൽ ചൂണ്ടിക്കാട്ടാനുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കു പെൺമക്കളെ അയയ്ക്കാനുള്ള രക്ഷിതാക്കളുടെ വിമുഖതയും പ്രശ്നമാണ്. എന്നാൽ ഐഐടികളിൽ വിദ്യാർഥിനികളുടെ എണ്ണം കൂടുമെന്ന ശുഭസൂചനയാണ് ഇത്തവണത്തെ ‘14 പെർസെന്റ് സ്കീം’ തരുന്നത്. എല്ലാ ഐഐടികളിലും പെൺകുട്ടികൾക്കു മാത്രമായി‌ അധിക സീറ്റുകൾ. 2020ൽ, ഐഐടിക്കാരിൽ  അഞ്ചിലൊന്നെങ്കിലും പെൺകുട്ടികളാകണമെന്നതാണു ലക്ഷ്യം. യഥാർഥത്തിൽ ഐഐടികൾ പെൺകുട്ടികൾക്കു ബാലികേറാമലകളാണോ? അല്ല എന്നു തന്നെ പഠിച്ചിറങ്ങിയവരുടെ അനുഭവപാഠം. 

ഏറെ പഠനസ്വാതന്ത്ര്യം

ഒരുപാട് സംസ്കാരങ്ങൾ കൂടിച്ചേരുന്ന ഇടങ്ങളാണ് ഐഐടികൾ. പല സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കൊപ്പം പഠിക്കുമ്പോൾ അത്രത്തോളം വിപുലമാകുന്നു നമ്മുടെ നെറ്റ്‌വർക്ക്. വാരാന്ത്യങ്ങളിലൊഴികെ ലൈബ്രറിയിൽ രാത്രി 12.30 വരെ ചെലവഴിക്കാമെന്ന് ഐഐടി മദ്രാസിൽ ഗവേഷകയായ ശുഭ എസ്. രാജ് ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റൽ വ്യവസ്ഥകളും പഠനസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന മട്ടിലല്ല. 

വിദ്യാർഥിനികളുടെ അക്കാദമിക് നിലവാരം വർധിപ്പിക്കാൻ സൊസൈറ്റി ഓഫ് വിമൻ എൻജിനീയേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനവും സജീവം.

പ്ലേസ്മെന്റിൽ വേർതിരിവില്ല

ഐഐടികളുടെ പ്രത്യേകത തന്നെ പ്ലേസ്മെന്റിലെ ഉറപ്പാണ്. ലക്ഷങ്ങളുടെയും കോടികളുടെയുമൊക്കെ പല കഥകളും ഓരോ പ്ലേസ്മെന്റ്‌ സീസണിലും പുറത്തുവരാറുണ്ട്. ഇവയിൽ പെൺകുട്ടികൾ എന്തെങ്കിലും വേർതിരിവ് നേരിടുന്നുണ്ടോ ? അക്കാര്യത്തിലും ആശങ്ക വേണ്ട. സ്ത്രീ–പുരുഷ അനുപാതം വർധിപ്പിക്കുകയെന്നതു പല കോർപറേറ്റ് കമ്പനികളുടെയും മുദ്രാവാക്യങ്ങളിൽ ഒന്നാണ്. അതിനാൽ ചിലപ്പോഴൊക്കെ പെൺകുട്ടികൾക്കു മുൻ‌തൂക്കം ലഭിക്കാറുമുണ്ട്.

ഗവേഷണ സാധ്യതകളും

ഉപരിപഠനത്തിനും ഗവേഷണത്തിനും വലിയ സാധ്യതയാണ് ഐഐടികൾ തുറന്നുതരുന്നത്. ഗവേഷണ കോഴ്സുകളിൽ മികച്ച വനിതാപ്രാതിനിധ്യമുണ്ട്. ചില വിഭാഗങ്ങളിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളുണ്ട്. ഗവേഷണപ്രവർത്തനങ്ങൾ രാത്രി വളരെ വൈകും വരെ നീണ്ടാലും സുരക്ഷാ ആശങ്ക വേണ്ട താനും.

ഐഐടി പഠിച്ച പെൺകുട്ടികൾ

പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികളോടൊപ്പം പഠിക്കാനായത് കാഴ്ചപ്പാട് തന്നെ മാറ്റി. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരു സെമസ്റ്ററിൽ പഠനം ഡെന്മാർക്കിലായിരുന്നു.  

- ജെഫി ജാഫർ, പൂർവവിദ്യാർഥിനി, ഐഐടി ബോംബെ 

ഗവേഷണത്തിനു വലിയ സാധ്യതകളാണ് ഐഐടി തരുന്നത്. സ്കോളർഷിപ്പുകൾ പരമാവധി പ്രയോജനപ്പെടുത്താമെന്ന മെച്ചവുമുണ്ട്. 

- ശുഭ എസ്. രാജ്, ക്ലൈമറ്റ് സയൻസ് ഗവേഷക, ഐഐടി മദ്രാസ്