സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 2.75 ലക്ഷം പേർ കൺഫർമേഷൻ നൽകിയില്ല

ഒക്ടോബര്‍ 13ന് നടക്കുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തിക പരീക്ഷയ്ക്ക് ഇനിയും കൺഫർമേഷൻ നൽകാനുള്ളത് 2.75 ലക്ഷം പേർ. നേരിട്ടുള്ള നിയമനത്തിന് 6,83,588ഉം തസ്തികമാറ്റം വഴി 5774ഉം ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 4,10,000 പേർ മാത്രമാണ് ഇതിനകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയിട്ടുള്ളത്. ബാക്കി രണ്ടേമുക്കാൽ ലക്ഷത്തിലധികം പേരും ഇതുവരെ കൺഫർമേഷൻ നൽകിയിട്ടില്ല. 

അപേക്ഷകർക്ക്  കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി ഒാഗസ്റ്റ് 11ന് അവസാനിക്കും. ഇതിനകം ഒറ്റത്തവണ റജിസ്ട്രേഷൻ വഴി കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. ഇവരുടെ അപേക്ഷ നിരസിക്കപ്പെടും.  കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഒാഗസ്റ്റ് അഞ്ചിന് നടക്കുന്ന പരീക്ഷയ്ക്ക് യഥാസമയം കൺഫർമേഷൻ നൽകാതിരുന്ന ഒന്നരലക്ഷം പേരുടെ അപേക്ഷയാണ് പിഎസ്‌സി നിരസിച്ചത്. ജൂലൈ 22ന് നടന്ന സിവിൽ പൊലീസ് ഒാഫിസർ/വനിതാ സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിലും 1,30,706 അപേക്ഷകൾ ഈ രീതിയിൽ നിരസിക്കപ്പെട്ടിരുന്നു.  

Job Tips >>