Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗേറ്റ് 2019: സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം

Exam Preparation

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഖ്യ സംഘാടക സ്ഥാപനമായി 2019 ലെ  ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ്  ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE – 2019), ഫെബ്രുവരി 2, 3, 9, 10 എന്നീ തീയതികളിൽ നടത്തും. എൻജിനീയറിങ് അഭിരുചി പരീക്ഷ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളും ഈ പരീക്ഷയുടെ പരിധിയിൽ വരുന്നു. എൻജിനീയറിങ്/ടെക്നോളജി, ആർക്കിടെക്ചർ, സയൻസ് മേഖലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (മാസ്റ്റേഴ്സ്, ഡോക്ടറൽ തലത്തിലുള്ളവ), മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും സർക്കാരുകളുടെയും സ്കോളർഷിപ്പ്/ അസിസ്റ്റന്റ്ഷിപ്പോടെ പഠിക്കുവാനവസരമൊരുക്കുന്ന അഭിരുചി പരീക്ഷയാണ് ‘ഗേറ്റ്’. കൂടാതെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ, എൻജിനീയറിങ്/ശാസ്ത്ര മേഖലകളുമായി ബന്ധപ്പെട്ട തൊഴിലിലേക്ക് ഗേറ്റ് യോഗ്യത നേടിയവരെ തിരഞ്ഞെടുത്തു വരുകയും ചെയ്യുന്നു. മുൻ വർഷങ്ങളിൽ ഇപ്രകാരം റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ, നാഷനൽ തെർമൽ പവർ കോർപറേഷൻ, പവർഗ്രിഡ്, നാഷനൽ ഹൈവേയ്സ് അതോറിറ്റി, മുംബൈ റെയിൽവേ വികാസ് കോർപറേഷൻ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ്, ഡിഫൻസ് റിസർച് & ഡവലപ്മെന്റ് ഓർഗനൈസേഷൻ, വൈസാഗ് സ്റ്റീൽസ്, തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുണ്ട്.

ആർക്കെല്ലാം അപേക്ഷിക്കാം? 

എ‍ൻജിനീയറിങ്/ടെക്നോളജിയിൽ നാലു വർഷത്തെ ബിരുദം, പ്ലസ് ടു കഴിഞ്ഞോ, ബിഎസ്‌സി/എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ കഴിഞ്ഞോ നേടിയവർ, അ‍ഞ്ചു വർഷ ബാച്‌ലർ ഓഫ് ആർക്കിടെക്ചർ ബിരുദധാരികൾ, നാലു വർഷ ബാച്‌ലർ ഓഫ് സയൻസ് ബിരുദമുള്ളവർ, സയൻസ് /മാത്തമാറ്റിക്സ്/സ്റ്റാറ്റിക്സ്റ്റിക്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/തത്തുല്യ മാസ്റ്റേഴ്സ് ബിരുദധാരികൾ എന്നിവർക്കും ഈ നാലു വിഭാഗം കോഴ്സുകളിലെ അന്തിമ വർഷത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. ബിഎസ്‌സിക്കു ശേഷം എ‍ൻജിനീയറിങ്/ടെക്നോളജിയിൽ നാലു വർഷത്തെ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം നേടിയവരും അതിന്റെ രണ്ടാം വർഷത്തിലോ ഉയർന്ന വർഷത്തിലോ പഠിക്കുന്നവരും എൻജിനീയറിങ്/ടെക്നോളജിയിലെ പ‍ഞ്ചവൽസര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് അല്ലെങ്കില്‍ ഡ്യുവൽ    ഡിഗ്രിക്കാരും  ഈ കോഴ്സുകളിലെ നാലാം/അഞ്ചാം വർഷത്തിൽ പഠിക്കുന്നവരും  പഞ്ചവൽസര ഇന്റഗ്രേറ്റഡ് എംഎസ്‌സിയോ ബിഎസ്‌സി–എംഎസ്‌സിയോ ജയിച്ചവരും ഈ കോഴ്സുകളിലെ അഞ്ചാം വർഷത്തിൽ പഠിക്കുന്നവരും അപേക്ഷിക്കാൻ അർഹരാണ്. ബിഇ/ബിടെക് കോഴ്സുകൾക്ക് തത്തുല്യമെന്ന് യുപിഎസ്‌സി/എഐസിടിഇ തുടങ്ങിയവ അംഗീകരിച്ച പ്രഫഷനൽ സൊസൈറ്റികൾ നടത്തുന്ന പരീക്ഷകൾ വഴി ലഭിച്ച യോഗ്യതകളുള്ളവർക്കും എഎംഐഇ/തത്തുല്യ പ്രഫഷനൽ കോഴ്സുകളിലെ സെക്ഷൻ എ പൂർത്തിയാക്കിയവർ എന്നിവർക്കും അപേക്ഷിക്കാം. പ്രഫഷനൽ സൊസൈറ്റികൾ/സ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ), ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എ‍ൻജിനീയേഴ്സ്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എ‍ൻജിനീയേഴ്സ്, ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനീയേഴ്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എ‍ൻജിനീയേഴ്സ് തുട

ങ്ങിയവയും ഉൾപ്പെടുന്നു. ഏതൊക്കെ വിഷയങ്ങളിൽ പഠിച്ച് യോഗ്യത നേടിയവർക്ക് പ്രവേശനത്തിന് അർഹതയുണ്ടെന്ന് ഗേറ്റ് ബ്രോഷറിലെ അനുബന്ധം ‘B’ യിൽ നൽകിയിട്ടുണ്ട്. ബ്രോഷർ ഗേറ്റ് വെബ്സൈറ്റായ http://gate.iitm.ac.in ൽ ലഭിക്കും. ഗേറ്റിന് അപേക്ഷിക്കാൻ പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.

ഗേറ്റ് പേപ്പറുകൾ?

പുതുതായി ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള വിഷയമായ സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടെ മൊത്തം 24 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഏറോസ്പേസ്, അഗ്രിക്കൾചറൽ, ബയോടെക്നോളജി, സിവിൽ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, പെട്രോളിയം, പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ് തുടങ്ങിയ എൻജിനീയറിങ് വിഷയങ്ങൾ, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്; കെമിസ്ട്രി, ഇക്കോളജി ആൻഡ് ഇവൊല്യൂഷൻ, ജിയോളജി ആൻഡ് ജിയോഫിസിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ സയൻസ് വിഷയങ്ങൾ, എൻജിനീയറിങ് സയൻസസ്, ലൈഫ് സയൻസസ് എന്നീ രണ്ടു പൊതു സ്വഭാവമുള്ള വിഷയങ്ങൾ എന്നിവയാണ് ഗേറ്റിനുള്ള പേപ്പറുകൾ. എൻജിനീയറിങ് സയൻസ് പേപ്പറിലും ലൈഫ് സയൻസ് പേപ്പറിലും നിർബന്ധമായി ഉത്തരം നൽകേണ്ട ഒരു ഭാഗമുണ്ടായിരിക്കും. കൂടാതെ എൻജിനീയറിങ് സയൻസസിൽ ഉണ്ടാകുന്ന ഏഴും ലൈഫ് സയൻസസിൽ ഉണ്ടാകുന്ന അഞ്ചും ഭാഗങ്ങളിൽ നിന്നു രണ്ടു ഭാഗങ്ങൾക്കും കൂടി ഉത്തരം നൽകണം. നിർബന്ധ വിഷയങ്ങൾ യഥാക്രമം, എ‍ൻജിനീയറിങ് മാത്തമാറ്റിക്സും കെമിസ്ട്രിയുമാണ്. എൻജിനീയറിങ് സയൻസസ് പേപ്പറിലെ മറ്റു ഭാഗങ്ങൾ ഇവയാണ്. ഫ്ലൂയിഡ് മെക്കാനിക്സ്, മെറ്റീരിയൽ സയൻസ്, സോളിഡ് മെക്കാനിക്സ്, തെർമോഡൈനാമിക്സ്, പോളിമർ സയൻസ് ആൻഡ് എൻജിനീയറിങ്, ഫുഡ് ടെക്നോളജി, അറ്റ്മോസ്ഫറിക് ആൻഡ് ഓഷ്യൻ സയൻസ്, ലൈഫ് സയൻസസ് പേപ്പറിലെ മറ്റു ഭാഗങ്ങൾ–ബയോകെമിസ്ട്രി, ബോട്ടണി, മൈക്രോ ബയോളജി, സുവോളജി, ഫുഡ് ടെക്നോളജി. ഏതു പേപ്പർ അഭിമുഖീകരിക്കണമെന്ന് അപേക്ഷകന് തീരുമാനിക്കാം. യോഗ്യതാ പരീക്ഷാ വിഷയം, ചേരാനുദ്ദേശിക്കുന്ന കോഴ്സിന് വേണ്ട ഗേറ്റ് പേപ്പർ, ജോലി തേടുന്നപക്ഷം അതിനു വേണ്ട ഗേറ്റ് യോഗ്യതാ പേപ്പർ തു

ടങ്ങിയവയൊക്കെ പരിഗണിച്ചുകൊണ്ടു വേണം ഏതെങ്കിലും ഒരു ഗേറ്റ് പേപ്പർ തിരഞ്ഞെടുക്കാൻ. ഒരിക്കൽ തീരുമാനിക്കുന്ന വിഷയം പിന്നീട് മാറ്റാൻ കഴിയില്ല. ഒരു വിഷയമേ തിരഞ്ഞെടുക്കാൻ കഴിയൂ.

പരീക്ഷയുടെ ഘടന

എല്ലാ വിഷയങ്ങളിലെയും പരീക്ഷ ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും നടത്തുക. ചില വിഷയങ്ങളിലെ പരീക്ഷ (സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയവ) ഒന്നിൽ കൂടുതൽ സെഷനുകളിലായി നടത്തിയേക്കും. എന്നാൽ ഒരാൾക്ക് ഒരു സെഷനിൽ മാത്രമേ പരീക്ഷ അഭിമുഖീകരിക്കാൻ കഴിയൂ. പരീക്ഷയുടെ ദൈർഘ്യം മൂന്നു മണിക്കൂറായിരിക്കും. മൊത്തം 100 മാർക്കിനുള്ള 65 ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. രണ്ടു രീതിയിലുള്ള ചോദ്യങ്ങൾ എല്ലാ പേപ്പറിലും ഉണ്ടായിരിക്കും. ഒന്ന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) ആണ്. ഒന്നോ രണ്ടോ മാർക്കുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഒരു മാർക്ക് ചോദ്യത്തിൽ ഉത്തരം തെറ്റിയാൽ മൂന്നിലൊന്നും രണ്ടു മാർക്ക് ചോദ്യത്തിന്റെ ഉത്തരം തെറ്റിയാൽ മൂന്നിൽ രണ്ടു മാർക്കും നഷ്ടപ്പെടും. 

ന്യൂമറിക്കൽ ആൻസർ ടൈപ്പ് (NAT) ചോദ്യങ്ങളാണു രണ്ടാമത്തേത്. ഇവിടെ ഉത്തരങ്ങൾ ഒരു വാസ്തവിക സംഖ്യ (Real number) ആയിരിക്കും. കംപ്യൂട്ടറിന്റെ വിർച്യുൽ കീബോർഡ് ഉപയോഗിച്ച് സംഖ്യ ടൈപ്പ് ചെയ്താണ് ഉത്തരം നൽകേണ്ടത്. ഉത്തരം തെറ്റിയാലും മാർക്ക് നഷ്ടപ്പെടുന്നതല്ല. എല്ലാ ചോദ്യ പേപ്പറിലും 15 മാർക്കിനുള്ള 10 ചോദ്യങ്ങൾ ജനറൽ ആപ്റ്റിറ്റ്യൂഡിൽ നിന്നുമായിരിക്കും. (15 % മാർക്ക്). അപേക്ഷാർഥിയുടെ ഭാഷ, വിശകലന പ്രാവീണ്യം അളക്കുന്നതായിരിക്കും ചോദ്യങ്ങൾ. എൻജിനീയറിങ് വിഷയങ്ങളുടെയും എൻജിനീയറിങ് സയൻസ് പേപ്പറിലെയും 15 % ചോദ്യങ്ങൾ എൻജിനീയറിങ് മാത്തമാറ്റിക്സിൽ നിന്നുമായിരിക്കും. ബാക്കിയുള്ള 70 % ചോദ്യങ്ങൾ വിഷയവുമായി ബന്ധപ്പെട്ടതായിരിക്കും. മറ്റു പേപ്പറുകളിൽ 85 % ചോദ്യങ്ങൾ വിഷയവുമായി ബന്ധപ്പെട്ടതായിരിക്കും. മാതൃകാചോദ്യങ്ങൾ ബ്രോഷറിൽ നൽകിയിട്ടുണ്ട്. പരീക്ഷയുടെ സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷയും കേന്ദ്രങ്ങളും

നാലു ദിവസങ്ങളിലായി ദിവസേന രണ്ടു സെഷൻ വീതമാണു ഗേറ്റ് നടത്തുക. 2019 ഫെബ്രുവരി രണ്ട് (ശനി), മൂന്ന് (ഞായർ), ഒൻപത് (ശനി), 10 (ഞായർ) എന്നീ ദിവസങ്ങളിലാണു പരീക്ഷ. രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചയ്ക്കു 2 മുതൽ 5 വരെയുമായി രണ്ടു സെഷനുകളിലായാണു പരീക്ഷ.

ഭാരതത്തിനകത്തും പുറത്തും ഗേറ്റ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷാ കേന്ദ്രങ്ങളെ ഒൻപത് മേഖലകളിലായി തിരിച്ചിട്ടുണ്ട്. കേരളത്തിലെ കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പയ്യന്നൂർ, തൃശൂർ, വടകര എന്നീ പരീക്ഷാ കേന്ദ്രങ്ങൾ ബെംഗളൂരു ഐഐഎസ്‌സി മേഖലയിലാണ്. ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, നെടുമങ്ങാട്, പാലാ, പുനലൂർ, തിരുവനന്തപുരം  എന്നിവ  മദ്രാസ് ഐഐടിയുടെ കീഴിലാണ്. അപേക്ഷ നൽകുമ്പോൾ പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് മൂന്നെണ്ണം തിരഞ്ഞെടുക്കണം. ഇവയിൽ ആദ്യ രണ്ടു സെന്ററുകൾ ഒരേ സോണിൽ നിന്നുമായിരിക്കണം. മൂന്നാമത്തെ സെന്റർ ഏതു സോണിൽ നിന്നുമാകാം.

അപേക്ഷ എങ്ങനെ?

അപേക്ഷ ഗേറ്റ് ഓൺലൈൻ അപ്ലിക്കേഷൻ പ്രോസസിങ് സിസ്റ്റം (GOAPS) വഴി http://gate.iitm.ac.in എന്ന വെബ്സൈറ്റിൽകൂടി സെപ്റ്റംബർ 21 വരെ നൽകാം. അപേക്ഷാ ഫീസും ഈ സമയപരിധിക്കുള്ളിൽ അടയ്ക്കണം. അധിക ഫീസടച്ച് ഒക്ടോബർ ഒന്നുവരെയും അപേക്ഷ നൽകാം. ഇന്ത്യയിൽ പരീക്ഷാ കേന്ദ്രം എടുക്കുന്ന പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസ് 750 രൂപയാണ്. ഇത് സെപ്റ്റംബർ 21നകം അപേക്ഷിക്കുന്നവർക്കാണ്. അതിനുശേഷം ഒക്ടോബർ ഒന്ന് വരെ അധികഫീസോടെ അപേക്ഷിക്കുന്ന ഈ വിഭാഗക്കാർക്ക് 1250 രൂപയാണ് അപേക്ഷാ ഫീസ്. മറ്റെല്ലാ വിഭാഗക്കാർക്കും ഇതു യഥാക്രമം 1500, 2000 രൂപ എന്ന നിരക്കിലായിരിക്കും. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്നവർക്കു വ്യത്യസ്തമായ ഫീസ് ഘടനയുണ്ട്. അതു വെബ്സൈറ്റിലും ബ്രോഷറിലും നൽകിയിട്ടുണ്ട്. അപേക്ഷാ ഫീസ് ഓൺലൈനായി നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ അടയ്ക്കാം. അപേക്ഷ നൽകിയശേഷം സാധുവായ കാരണങ്ങളാൽ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം വേണ്ടവർക്ക് അധികമായി ഒരു ഫീസ് നൽകി അതിനുള്ള അപേക്ഷ നവംബർ 16 വരെ നൽകാം. അപേക്ഷ നൽകുവാനുള്ള വിശദമായ മാർഗനിർദേശം വെബ്സൈറ്റിലും ബ്രോഷറിലും നൽകിയിട്ടുണ്ട്. അപേക്ഷയുടെ സമർപ്പണത്തിനു ശേഷം പ്രിന്റ് ഔട്ട് എവിടേക്കും അയച്ചുകൊടുക്കേണ്ടതില്ല. എന്നാൽ അതിന്റെ ഒരു പ്രിന്റ് ഔട്ട് ഭാവിയിലെ പരിശോധനയ്ക്കായി എടുത്തുവയ്ക്കുന്നതു  നന്നായിരിക്കും. നൽകിയ അപേക്ഷയുടെ സ്ഥിതി വെബ്സൈറ്റിൽ നിന്നും പരിശോധിക്കാൻ കഴിയും.പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ജനുവരി നാലു മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കും. പരീക്ഷയുടെ ഫലം മാർച്ച് 16ന് പ്രതീക്ഷിക്കാം. അതിനു മുൻപായി അപേക്ഷകർക്കു പരീക്ഷയിൽ അവർ നൽകിയ പ്രതികരണം (Responses) വെബ്സൈറ്റ് വഴി കാണാനും ഡൗൺലോഡ് ചെയ്തെടുക്കാനും കഴിയും. 

ഉത്തരസൂചികയും വെബ്സൈറ്റിൽ ലഭ്യമാക്കും. ഒരു നിശ്ചിത ഫീസടച്ച് ഉത്തരസൂചികയിന്മേൽ പരാതി നൽകാൻ സൗകര്യം ഉണ്ടായിരിക്കും. ഒന്നിൽകൂടുതൽ സെഷനുകളിലായി നടത്തുന്ന പേപ്പറുകളിൽ മാർക്ക് സമീകരിച്ചായിരിക്കും അന്തിമ സ്കോറിൽ എത്തുക. ഇതിന്റെ വിശദാംശങ്ങൾ ബ്രോഷറിലുണ്ട്. ഫലപ്രഖ്യാപന തീയതി മുതൽ മൂന്നു വർഷത്തെ സാധുത, ഗേറ്റ് സ്കോറിനുണ്ടായിരിക്കും. സ്കോർ കാർഡ് മാർച്ച് 20 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയും. അതിനുശേഷം 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ  അധികമായി സ്കോർ കാർഡിന്റെ പകർപ്പ് (സോഫ്റ്റ് കോപ്പി) വേണമെങ്കിൽ 500 രൂപ അടച്ച് ആവശ്യപ്പെടാം. ഹാർഡ് കോപ്പി ലഭിക്കുന്നതല്ല.പരീക്ഷയ്ക്കു ശേഷം MHRD സ്കോളർഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ് ലഭിക്കുവാൻ അപേക്ഷകൻ കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനം നേടേണ്ടതുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ സ്ഥാപനത്തിനനുസരിച്ചു മാറിയേക്കാം. സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ നിന്നും ഇതേപ്പറ്റി കൂടുതൽ മനസിലാക്കേണ്ടതാണ്. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്ഥാപനങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതു ശ്രദ്ധിക്കണം. അതുപോലെ തന്നെ വിവിധ സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ ഗേറ്റ് അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചേക്കാം. അതു പരിശോധിച്ച്  ഓരോ തൊഴിലിനും അഭിമുഖീകരിക്കേണ്ട ഗേറ്റ് പേപ്പർ ഏതെന്ന് മനസ്സിലാക്കി അവരുടെ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ താൽപര്യം കാട്ടുക.GATE 2019 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് http://gate.iitm.ac.in എന്ന വെബ്സൈറ്റ് കാണുക.

More Campus Updates>>