Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നശേഷിക്കാർക്ക് യുജിസി ഫെലോഷിപ്

ugc

സയൻസ്, എൻജിനീയറിങ് ടെക്നോളജി, മാനവിക, സാമൂഹികശാസ്ത്ര വിഷയങ്ങളിൽ മുഴുവൻസമയ എംഫില്ലിനും പിഎച്ച്ഡിക്കുമായി 200 ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കു മാത്രമായി യൂജിസി വർഷംതോറും നൽകുന്നു. ‌തുടക്കത്തിൽ മാസം 25,000 രൂപയു‌ം വീട്ടുവാടകയും.

എംഫില്ലിനോ പിഎച്ച്ഡിക്കോ സാധാരണരീതിയിൽ റജിസ്റ്റർ ചെയ്തിരിക്കണം. അവാർഡ് നൽകിക്കൊണ്ടുള്ള കത്തുകിട്ടി, രണ്ടു വർഷത്തിനകം റജിസ്റ്റർ ചെയ്താലും മതി. പ്രോഗ്രാമിൽ ചേരുന്ന തീയതി മുതൽ 2 വർഷത്തേക്കാണു ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്). പിജി പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ; സാധാരണ ജെആർഎഫിനുള്ള മിനിമം മാർക്ക് നിബന്ധനയില്ല. നെറ്റും വേണ്ട. ഭിന്നശേഷി സംവരണമുള്ള കോളജ് അധ്യാപക ഒഴിവുകളിൽ നിയമനത്തിന് ഈ ഗവേഷണയോഗ്യത സഹായകരമാകും.

2 വർഷത്തിനുശേഷം ഗവേഷണം  വിദഗ്ധസമിതിക്കു തൃപ്തികരമായാൽ 3 വർഷം വരെ സീനിയർ റിസർച് ഫെലോഷിപ് (28,000 രൂപ) അനുവദിക്കും. ഈ ഫെലോഷിപ്പിനോടൊപ്പം വേറെ സഹായധനം വാങ്ങിക്കൂടാ. ജോലി കിട്ടിയാൽ ഫെലോഷിപ് നിർത്തും. സർവകലാശാലയിലോ മറ്റോ ജോലി ചെയ്യുന്നവർക്കും, ജോലിയിലിരിക്കെ സ്റ്റഡി ലീവെടുത്തു പഠിക്കാനെത്തുന്നവർക്കും സഹായത്തിന് അർഹതയില്ല. ഇരുനൂറിലേറെ അപേക്ഷകരുണ്ടെങ്കിൽ, പിജി പരീക്ഷയിലെ മാർക്ക് നോക്കിയാകും സിലക്‌ഷൻ. 15 % പട്ടികജാതിക്കും  7 1/2 % പട്ടികവർഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. അർഹത തെളിയിക്കാൻ അംഗീകൃത മെഡിക്കൽ അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  

യുജിസി സ്കോളർഷിപ്പുകൾ കേരളത്തിൽ കൈകാര്യം ചെയ്യുന്ന കാനറ ബാങ്ക് ശാഖകൾ : തിരുവനന്തപുരം കന്റോൺമെന്റ്, കൊല്ലം ചിന്നക്കട, പത്തനംതിട്ട, ആലപ്പുഴ ബോട്ട് ജെട്ടി, കോട്ടയം മെയിൻ, എറണാകുളം ബ്രോഡ്‌വേ, തൃശൂർ മെയിൻ, പാലക്കാട് സുൽത്താൻപെട്ട്, പെരിന്തൽമണ്ണ, കോഴിക്കോട് ചാലപ്പുറം / ചെറൂട്ടി റോഡ്.

More Campus Updates>>