Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായം 4.0 vs വിദ്യാഭ്യാസം 4.0

internet-of-things-representational-image Representational Image

ഭാവിയിലെ എൻജിനീയറിങ് വിദ്യാഭ്യാസം എങ്ങനെ ? ചൈനയിലെ സിങ്‌വ സർവകലാശാലയിൽ നടന്ന രാജ്യാന്തര കോൺഫറൻസ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിതാ.

18ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജെയിംസ് വാട്ട് നിർമിച്ച ആവിയന്ത്രം ഒന്നാം വ്യാവസായിക വിപ്ലവത്തിനു ശിലയേകി,തുടർന്ന് വൈദ്യുതി ഉപയോഗിച്ച് വൻകിട ഉത്പാദനശേഷി വ്യവസായങ്ങൾ കൈവരിച്ചതോടെ രണ്ടാം ഘട്ടമെത്തി.എഴുപതുകളിൽ വിവരസാങ്കേതികവിദ്യയുടെ ആവിർഭാവം മൂന്നാം വ്യാവസായികവിപ്ലവത്തിനും അരങ്ങേകി. സാങ്കേതികക്കരുത്തിൽ ലോകം മുന്നോട്ടുകുതിച്ചു.

നിർമിതബുദ്ധി, ഓട്ടമേഷൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബിഗ്ഡേറ്റ...വ്യവസായവിപ്ലവത്തിന്റെ നാലാം അവതാരത്തിലേക്കാണു ലോകം തയാറെടുക്കുന്നത്. ഈ മാറ്റം വ്യാവസായികലോകത്തു മാത്രം ഒതുങ്ങിനിൽക്കുന്നതല്ല, സാങ്കേതികവിദ്യാഭ്യാസരംഗത്ത് ഇതിന്റെ മാറ്റങ്ങൾ പ്രകടമാണ്.വിദ്യാഭ്യാസരംഗവും നാലാം പതിപ്പിലേക്കു മാറാൻ ഒരുങ്ങുകയാണ്. 

വായ്മൊഴിയും ക്യൂനിഫോം ലിപിയും ഹീറോഗ്ലിഫിക്സും ചേർന്നു തുടക്കമിട്ട ആദിമ വിദ്യാഭ്യാസ സമ്പ്രദായം ഒന്നാംപതിപ്പെന്ന് അറിയപ്പെടുന്നു.വിദ്യാർഥികളെ ഒരുമിച്ചു ചേർത്തുള്ള പഠനവും പരീക്ഷകളുമൊക്കെയുള്ളതു വിദ്യാഭ്യാസത്തിന്റെ രണ്ടാംപതിപ്പും, വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം പഠനത്തിനപ്പുറം തയാറെടുപ്പുകളും പ്രായോഗികപരീശീലനവുമൊക്കെ ഉൾപ്പെടുന്ന ശൈലി മൂന്നാംപതിപ്പെന്നും അറിയപ്പെടുന്നു.

എന്നുവരും 4.0?
വികസിത രാജ്യങ്ങളിൽ നാലാംപതിപ്പിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. നിർമിതബുദ്ധി, ഐഒടി തുടങ്ങിയ ഡിസ്റപ്ടീവ് സാങ്കേതികവിദ്യകൾ ഉൾപ്പെട്ടതാണ് നാലാംപതിപ്പ്. 

എന്നാൽ നമ്മുടെ നാട്ടിലെ സാങ്കേതികവിദ്യാഭ്യാസം രണ്ടാംഘട്ടത്തിനും  മൂന്നാംഘട്ടത്തിനും ഇടയിലാണ്.സർവകലാശാലകളിൽ നിന്നു നിർദേശിക്കുന്ന സ്റ്റാൻഡഡൈസ്ഡ് ലേണിങ്ങിന് ഇന്നത്തെ സാങ്കേതികവിസ്ഫോടനത്തിന് അനുസരിച്ചുള്ള വിദഗ്ധരെ സൃഷ്ടിക്കാൻ പൂർണമായി കഴിയുന്നില്ല.താഴെപ്പറയുന്ന പ്രത്യക്ഷമാറ്റങ്ങൾ ഉൾപ്പെട്ടതായിരിക്കും എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ നാലാംപതിപ്പ്.

ക്രോസ് ലിങ്ക്ഡ് പഠനം
സ്മാർട് ഫോൺ പോലുള്ള മൊബൈൽ ഉപകരണങ്ങളും മറ്റ് ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ക്രോസ് ലിങ്ക്ഡ് പഠനസമ്പ്രദായം വിദ്യാഭ്യാസത്തിന്റെ നാലാംഘട്ടത്തിനു വലിയ കുതിപ്പ് നൽകും.ഓരോ വിദ്യാർഥിക്കും തനതായി വികസിക്കാനും പഠനാന്തരീക്ഷം ‘കസ്റ്റമൈസ്’ ചെയ്യാനുമുള്ള Anytime Anywhere രീതിക്കാകും ഇതിൽ പ്രാമുഖ്യം. ഒട്ടേറെ സ്രോതസ്സുകളിൽ നിന്ന് പഠനം സാധ്യമാകുന്ന തരത്തിലാകും ഇതു ചിട്ടപ്പെടുത്തുക. കോഴ്സറ,എംഐടി ഓപ്പൺ കോഴ്സ് തുടങ്ങിയ ഓൺലൈൻ മൂക് കോഴ്സുകൾ , ഇന്റർനെറ്റ് ഫോറങ്ങൾ എന്നിവ വിവരശേഖരണത്തിനു സഹായം നൽകും.

മെക്കാനിക്സ് പോലെയുള്ള വിഷയങ്ങളിലെ ചോദ്യങ്ങൾ ചെയ്തുപഠിക്കുന്ന ഇന്നത്തെ രീതിക്കു പകരം ആൻസീസ് തുടങ്ങിയ സിമുലേറ്റിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പരിഹാരം കണ്ടെത്തുന്ന പ്രായോഗികരീതി,ത്രീഡി പ്രിന്റിങ് തുടങ്ങിയ ആധുനിക നിർമാണരീതികൾ പരിചയിക്കാനുള്ള  അവസരം എന്നിവയെല്ലാം ക്രോസ്‌ലിങ്ക്ഡ് പഠനസമ്പ്രദായത്തിൽ വരും.

ഡ്യൂവൽ മേജറുകളുടെ കാലം
നിർമിതബുദ്ധി അരങ്ങുവാഴുന്ന ഭാവിയിൽ പരമ്പരാഗത വിദ്യാഭ്യാസമുള്ള സാങ്കേതികവിദഗ്ധനു വലിയ റോളൊന്നുമില്ല.മെഡിസിൻ, കൃഷി,സംസ്കാരം തുടങ്ങി പലമേഖലകളിൽ അറിവുള്ള ‘മൾട്ടി ഡിസിപ്ലിനറി’ ചിന്തയുള്ളയാളാകണം പുതിയ സാങ്കേതികവിദഗ്ധൻ.നിർമിതബുദ്ധിക്കില്ലാത്ത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വകതിരിവും യാഥാർഥ്യബോധവും ഇവർക്കു വേണം. ഇതിനായി ഹ്യൂമാനിറ്റീസ്, ലിബറൽ ആർട്സ് തുടങ്ങിയ വിഭിന്നമേഖലകളിൽ ഇവർക്ക് അവഗാഹം വേണം.

ഒരു മുഖ്യശാഖയും മറ്റൊരു ഉപരിശാഖയുമുള്ള ഡ്യുവൽ മേജർ സംവിധാനം സ്വീകരിക്കുന്നതാണ് ഇതിനൊരു പോംവഴി.ചൈന , ജപ്പാൻ എന്നീ ഏഷ്യൻ രാജ്യങ്ങളിലെ പല സർവകലാശാലകളും എൻജിനീയറിങ് ശാഖകൾക്കൊപ്പം ഫിലോസഫി,ലിറ്ററേച്ചർ, ലോ, ഇക്കണോമിക്സ് തുടങ്ങിയവ പഠിപ്പിക്കുന്ന രീതിയിലേക്കു മാറിയിട്ടുണ്ട്.നമ്മുടെ രാജ്യത്തുതന്നെ ഐഐടികൾ,ചില സ്വകാര്യസർവകലാശാലകൾ എന്നിവിങ്ങളിൽ ഡ്യൂവൽ മേജർ നിലവിലുണ്ട്.  എൻജിനീയറിങ് പഠനത്തിന്റെ അതിരുകൾ വിസ്തൃതമാകുന്ന കാഴ്ചയ്ക്കായിരിക്കും ഭാവി സാക്ഷ്യം വഹിക്കുക.

(കോട്ടയം സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനാണു ലേഖകൻ)

More Campus Updates>>