Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ്– യുജി: സംശയങ്ങളും ഉത്തരങ്ങളും

study

ബിരുദ തലത്തിലുള്ള ദേശീയ മെഡിക്കൽ പൊതുപ്രവേശനപരീക്ഷയായ ‘നീറ്റ്–യുജി’ സംബന്ധിച്ച്, ചില പൊതു സംശയങ്ങൾക്കുള്ള മറുപടി ചുവടെ. 

കേരളത്തിലെ ആയുർവേദ ബിരുദത്തിലാണു താൽപര്യം. നീറ്റിന് അപേക്ഷിക്കേണ്ടല്ലോ. കേരള എൻട്രൻസ് എഴുതിയാൽ പോരേ ?

പോരാ. എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കു പുറമേ കേരളത്തിലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി ബിരുദപ്രവേശനവും നീറ്റ്–യുജി റാങ്ക് നോക്കിയാണ്. കേരളത്തിൽ കഴിഞ്ഞ വർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും മാത്രമാണു ബിരുദതല പ്രഫഷനൽ എൻട്രൻസ് പരീക്ഷയുണ്ടായിരുന്നത്.

എയിംസ്, ജിപ്മെർ പ്രവേശനത്തിനു വേറെ അപേക്ഷിക്കണമെന്നു കണ്ടു. അത് എപ്പോഴാണ് ? എന്താണ് അവ നീറ്റിൽ പെടാത്തത് ?

ഇപ്പറഞ്ഞ മികച്ച രണ്ടു സ്ഥാപനങ്ങളും സ്വന്തമായി എൻട്രൻസ് പരീക്ഷ നടത്തുന്നത് അവ പാർലമെന്റിന്റെ നിയമനിർമാണപ്രകാരം സ്ഥാപിച്ചതെന്ന ന്യായത്തിലാണ്. എയിംസിന്റെ 9 കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരി ആദ്യം പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ വാർഷിക ട്യൂഷൻ ഫീ 1350 രൂപയായിരുന്നു. ജിപ്മെർ വിജ്ഞാപനം മാർച്ചിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം അവിടെ വാർഷിക ട്യൂഷൻ ഫീ 1400 രൂപയായിരുന്നു. 

സർക്കാർ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനല്ലാതെ നീറ്റ് റാങ്കിങ് പ്രയോജനപ്പെടുമോ ?

നീറ്റ്–യുജി വഴിയുള്ള ചില അവസരങ്ങൾ: എയിംസ്, ജിപ്മെർ ഒഴികെ ഇന്ത്യയിലെ എല്ലാ കോളജുകളൂം സർവകലാശാലകളും, എംബിബിഎസ്/ ബിഡിഎസ് 15 % അഖിലേന്ത്യ ക്വോട്ട, സംസ്ഥാന സർക്കാർ ക്വോട്ട, കേന്ദ്രീയ സ്ഥാപനങ്ങൾ, കൽപിത സർവകലാശാലകൾ, എൻആർഐ /  മാനേജ്മെന്റ് കേന്ദ്രീയ പൂൾ / ന്യൂനപക്ഷ ക്വോട്ട, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, കേന്ദ്ര തൊഴിൽ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇഎസ്ഐ മെഡിക്കൽ കോളജുകൾ എന്നിവയിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ, 15% വെറ്ററിനറി അഖിലേന്ത്യ ക്വോട്ട സീറ്റുകൾ, ആയുഷ് (ആയുർവേദ, യോഗ, നാച്യുറോപ്പതി, യൂനാനി, സിദ്ധ) ബിരുദകോഴ്സുകൾ. വിദേശ എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യതയായും നീറ്റ് പരിഗണിക്കും.

 ദേശീയപരീക്ഷയായ നീറ്റ് വഴി പ്രവേശനമാകുമ്പോൾ കേരളത്തിലുള്ള സംവരണാവസരങ്ങൾ നഷ്ടപ്പെടില്ലേ ?

ഇല്ല. നീറ്റ് ദേശീയ റാങ്ക്‌ലിസ്റ്റിൽ നിന്ന് കേരളത്തിൽ പ്രവേശനാർഹതയുള്ളവരെ തിരഞ്ഞെടുത്തു സംസ്ഥാന റാങ്ക്‌ലിസ്റ്റുണ്ടാക്കും. ഉദാഹരണത്തിന്, ദേശീയ ലിസ്റ്റിൽ കേരളത്തിലെ പ്രവേശനത്തിനുള്ള കുട്ടികളുടെ ആദ്യറാങ്കുകൾ 8 / 71 / 146 ആണെന്നിരിക്കട്ടെ. സംസ്ഥാന റാങ്ക് ലിസ്റ്റിൽ അവരുടെ റാങ്കുകൾ യഥാക്രമം 1 / 2 / 3 ആയിരിക്കും. തുടർന്ന് ഒരാൾക്ക് അർഹതയുള്ള സംവരണാനുകൂല്യം കിട്ടുകയും ചെയ്യും.

എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അർഹത കിട്ടാൻ 50–ാം പെർസെന്റൈലിലെ മാർക്കെങ്കിലും (minimum of marks at 50th percentile) വേണമെന്ന് ബുള്ളറ്റിനിലുണ്ട്. ഇത് 50 % മാർക്ക് തന്നെയല്ലേ?

അല്ല. വിദ്യാർഥി നേടുന്ന മാർക്ക് ഇത്ര ശതമാനം (%) എന്നു നാം പറയാറുണ്ട്. പക്ഷേ ആ കുട്ടിയുടെ പെർസെന്റൈൽ മറ്റു കുട്ടികളുടെ പ്രകടന‌ത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ പെർസെന്റൈൽ 65–ാമത്തേത് എന്നു പറഞ്ഞാൽ പരീക്ഷയിൽ മാർക്ക് നേടിയവരിൽ 65 % പേരെക്കാൾ മെച്ചമായിരുന്നു നിങ്ങളുടെ പ്രകടനം എന്നു മനസ്സിലാക്കാം. 50–ാം പെർസെന്റൈലെങ്കിലും വേണമെന്നുള്ളതിനാൽ, റാങ്ക് ലിസ്റ്റിലെ ആദ്യപകുതിയിൽ വരുന്നവർക്കേ പ്രവേശനത്തിന് അർഹതയുള്ളൂ. 

കേരള സിലബസിലാണു പഠിക്കുന്നത്. നീറ്റ് ബുള്ളറ്റിനിലെ സിലബസ് അനുസരിച്ചുള്ള പരീക്ഷയിൽ മോശമാകുമോയെന്നു പേടി. എന്തു ചെയ്യാം ?

സിലബസുകൾ തമ്മിൽ പറയത്തക്ക വ്യത്യാസമില്ല. അനാവശ്യ ഭയം ഉപേക്ഷിച്ച് പഠനപരിശീലനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നീറ്റിന്റെയും പഴയ ഓൾ ഇന്ത്യ പ്രീമെഡിക്കൽ ടെസ്റ്റിന്റെയും മുൻ ചോദ്യക്കടലാസുകൾ വച്ച് സമയബദ്ധമായി ഉത്തരം അടയാളപ്പെടുത്തി ശീലിക്കുക. ഒരു ചോദ്യവും അതിന്റെ നാലുത്തരവും വായിക്കാനും, ശരിയുത്തരം അടയാളപ്പെടുത്താനും കൂടി ശരാശരി 60 സെക്കൻഡ് മാത്രമേ കിട്ടൂ എന്നതു മനസ്സിൽ വേണം.

More Campus Updates>