Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തസാധ്യതകളുടെ വിഎഫ്എക്സ്

Author Details
vfx

യന്തിരൻ രണ്ടാം ഭാഗമായ ‘2.0’ പുറത്തിറങ്ങിയത് ഇന്ത്യയുടെ വിഎഫ്എക്സ് മികവിന്റെ അടയാളം പേറിയാണ്. ഒരർഥത്തിൽ ‘ബാഹുബലി’യുടെ തുടർച്ച. വിഎഫ്എക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിഷ്വൽ ഇഫക്ട്സ് സിനിമയുടെ അവിഭാജ്യഘടകമായി മാറിയിട്ടു കുറച്ചുനാളായി. കരിയർ സാധ്യതകളും ഏറെ.

സിനിമയിൽ മാത്രമല്ല
എല്ലാത്തരം സിനിമകളിലും ഏതെങ്കിലും രീതിയിൽ വിഎഫ്എക്സ് അനിമേഷൻ ഉപയോഗിക്കുന്നുണ്ട്. വിഎഫ്എക്സ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു മേഖലയാണ് ഗെയിം ഡിസൈൻ. പരോക്ഷമായും ഒട്ടേറെ പുതിയ മേഖലകളിൽ വിഎഫ്എക്സ് കടന്നുചെല്ലുന്നു. ഉദാ: ആർക്കിടെക്ചർ. നിർമിക്കാൻ പോകുന്ന കെട്ടിടം എങ്ങനെയിരിക്കുമെന്നു കൃത്യമായ ധാരണയുണ്ടാക്കാൻ ഇന്നു കഴിയും. വൈദ്യശാസ്ത്രപഠനരംഗത്താകട്ടെ, മൃതശരീരം മുറിക്കാതെ തന്നെ ആന്തരാവയവങ്ങളെക്കുറിച്ചു വ്യക്തമായി പഠിക്കാം. വെർച്വൽ ഡ്രൈവിങ് പഠനം മറ്റൊരു സാധ്യതയാണ്.ഏത് ഇൻസ്റ്റിറ്റ്യൂട്ട് ?

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹമ്മദാബാദ് ക്യാംപസ്, കൊൽക്കത്തയിലെ സത്യജിത് റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ ഈ രംഗത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്ന മറ്റു സ്ഥാപനങ്ങളുമുണ്ട്. കോഴ്സുകൾ തമ്മിലുള്ള വ്യത്യാസം ഭാവിയിൽ കരിയറിനെയും ബാധിക്കും. മുൻനിര സ്ഥാപനങ്ങളിലെ മികച്ച കോഴ്സുകൾ പഠിച്ചവർക്കു തീർച്ചയായും ‘ക്രിയേറ്റിവ് അപ്പർഹാൻഡ്’ ഉണ്ടാകും. പക്ഷേ മറ്റുള്ളവർക്കും തീർച്ചയായും അവസരങ്ങളുണ്ട്; എല്ലാ മേഖലകളിലേക്കും വ്യാപിച്ച് അനുദിനം വളരുന്ന ശാഖയാണിത് എന്നതു തന്നെ കാരണം.

vfx2

വിഎഫ്എക്സ് മേഖലയിലേക്കു കടക്കും മുൻപു ശരിയായ ഹോംവർക്ക് വേണം. വരയ്ക്കാനുള്ള കഴിവും വിഷ്വൽ സെൻസും ഉള്ളവരാകണം. പുതിയ മേഖലയാണ്, ഒട്ടേറെ സ്പെഷലൈസേഷനുകളുണ്ട്. തന്റെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാൻ വിദ്യാർഥിക്കു കഴിയണം. അനിമേഷനാണോ ഇഫക്ട്സാണോ തുടങ്ങിയ കാര്യങ്ങൾ ആദ്യമേ തീരുമാനിക്കണം. അനിമേഷനിൽ തന്നെ പല വിഭാഗങ്ങളുണ്ട്. പഠിക്കാൻ പോകുന്ന സ്ഥാപനത്തിൽ നിലവിലുള്ള വിദ്യാർഥികൾ എങ്ങനെയാണു കരിയർ തിരഞ്ഞെടുക്കുന്നതെന്നു പരിശോധിക്കാം.

പ്ലേസ്മെന്റും കരിയറും
മികച്ച കരിയർ വേണമെങ്കിൽ പഠിക്കുന്ന കാലത്തേ വിഎഫ്എക്സ് സാങ്കേതികവിദ്യയിൽ മികവു തെളിയിച്ചിരിക്കണം. ചില വിഎഫ്എക്സ് കമ്പനികൾ ജോബ് ഇവന്റുകളിലൂടെ പ്ലേസ്മെന്റ് നടത്താറുണ്ട്. സാധാരണ ജോലികളിലെന്ന പോലെ, ആദ്യം തൊഴിൽപരിചയം നേടുകയും തുടർന്ന് പടിപടിയായി ഉയരുകയും ചെയ്യുന്ന കാഴ്ച ഇവിടെയില്ല. 15,000 രൂപയിൽ കരിയർ തുടങ്ങുന്ന ട്രെയിനി ഒരു വർഷത്തിനകം മാസം 2 ലക്ഷം വാങ്ങിയെന്നിരിക്കും. എത്ര നാൾ കഴിഞ്ഞാലും ശമ്പളവർധനയില്ലാത്ത പ്രഫഷനലുകളുമുണ്ടാകാം. സാധാരണഗതിയിൽ 25,000– 40,000 രൂപയാണു തൊഴിൽ പരിചയം അധികമില്ലാത്തവർക്കു ലഭിക്കുന്ന അടിസ്ഥാനശമ്പളം.

കലയോടൊപ്പം സാങ്കേതികവിദ്യയും ഒരുമിക്കുന്ന മേഖലയാണ് വിഎഫ്എക്സ്. സാങ്കേതികവിദ്യയിൽ അതിവേഗമാണു മാറ്റങ്ങൾ. ഇന്നു പഠിച്ചതു നാളെ ഉപയോഗപ്രദമാകണമെന്നില്ല. ഔപചാരിക പഠനം തുടക്കം മാത്രം. സ്വയം അപ്ഡേറ്റ് ചെയ്തുള്ള നിരന്തര പഠനമാണ് ആവശ്യം.

Sanath

പി.സി. സനത്

(ബാഹുബലി, പുലിമുരുകൻ, യന്തിരൻ എന്നിവയിലെ വിഷ്വൽ ഇഫക്ട്സ് സനത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു)


More Campus Updates>