Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനേജ്മെന്റിൽ ഡോക്ടറേറ്റ് വേണോ?

Author Details
phd

എംബിഎ അല്ലെങ്കിൽ പിജിപി... മാനേജ്മെന്റ് പഠനം എന്നു പറയുമ്പോൾ മനസ്സിൽ വരുന്ന പേരുകൾ ഇവയാകും. ഐഐഎമ്മുകളും അതിനൊപ്പം നിൽക്കുന്ന പ്രശസ്ത മാനേജ്മെന്റ് ഉന്നതസ്ഥാപനങ്ങളും തങ്ങളുടെ കോഴ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊന്നാണ് എഫ്പിഎം അഥവാ ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്. 

ഈ മേഖലയിലെ ഡോക്ടറൽ പഠനമായ കോഴ്സ് വിദ്യാർഥികൾക്കിടിയിൽ മുൻപ് അത്ര പരിചിതമായിരുന്നില്ലെങ്കിലും ഇന്നു സ്ഥിതി മാറി. പ്രായപരിധിയുമില്ല.

 കരിയർ: ‌മാനേജ്മെന്റിൽ മാസ്റ്റേഴ്സ് എടുത്താൽ ജോലിയിലേക്കുള്ള വാതിൽ തുറന്നുകിട്ടും. എന്നാൽ ഡോക്ടറൽ കോഴ്സിന്റെ സ്ഥിതിയെന്ത് ?

അക്കാദമിക് മേഖലയിൽ വലിയ അവസരങ്ങളുണ്ട്. ഐഐഎമ്മിൽ നിന്നാണ് എഫ്പിഎം എങ്കിൽ അവിടെത്തന്നെ അധ്യാപകജോലിക്കു സാധ്യത കൂടുതലാണ്. മറ്റു മാനേജ്മെന്റ് സ്ഥാപനങ്ങളിലും അവസരങ്ങളേറെ.കൺസൽറ്റിങ്, അനലിറ്റിക്സ്, കോർപറേറ്റ് റിസർച് മേഖലകളിൽ എഫ്പിഎമ്മുകാർക്കു സ്വീകാര്യത കൂടുതലാണ്. ഡേറ്റ അനലിറ്റിക്സിന് അടുത്തകാലത്തായി കൈവന്ന പ്രാമുഖ്യം സാധ്യതകൾ കൂട്ടിയിട്ടുണ്ട്. മികച്ച റാങ്കിങ് ഉള്ള വിദേശ സർവകലാശാലകളിൽ ഗവേഷണം തുടരാം. കോഴിക്കോട് ഐഐഎമ്മിലെ എഫ്പിഎം പ്ലേസ്മെന്റ് ഉദാഹരണം. വിദ്യാർഥികളിൽ ഭൂരിപക്ഷവും ഉന്നത സർവകലാശാലകളിൽ അധ്യാപകരായി പോകുന്നു.

പ്രവേശനം: 4 വർഷത്തെ ഡോക്ടറൽ പഠനമാണ് എഫ്പിഎം. പ്രവേശനരീതി പല സ്ഥാപനങ്ങളിലും പലതാണ്. അടിസ്ഥാനയോഗ്യത ബിരുദം. പിജിക്കെന്ന പോലെ ഇവിടെയും ക്യാറ്റ്, ജിമാറ്റ്, ഗേറ്റ് സ്കോറുകൾ പരിഗണിക്കും. അക്കാദമിക് പ്രൊഫൈൽ, എൻട്രൻ‌സ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷനിലെയും ഇന്റർവ്യൂവിലെയും പ്രകടനം, തൊഴിൽപരിചയം എന്നിവയും പ്രധാനം.

ബിടെക് മുതൽ ബിഎ വരെ ഒട്ടേറെ ബിരുദങ്ങൾ കോഴ്സിനുള്ള യോഗ്യതയാണ്. ഇതു സ്ഥാപനങ്ങൾക്കനുസരിച്ചു മാറും.

ഘടന: മിക്കയിടത്തും കോഴ്സിനു രണ്ടുഘട്ടം. ആദ്യഘട്ടം രണ്ടുവർഷം. മാനേജ്മെന്റ് സിദ്ധാന്തങ്ങളും ആശയങ്ങളും പരിചയപ്പെടും. രണ്ടാം ഘട്ടത്തിൽ ഗവേഷണമേഖല തിരഞ്ഞെടുക്കണം. ഇക്കണോമിക്സ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പബ്ലിക് പോളിസി, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് തുടങ്ങി ഒട്ടേറെ മേഖലകളിൽ ഗവേഷണം ചെയ്യാം.

സ്റ്റൈപൻഡ്: കോഴിക്കോട് ഐഐഎമ്മിൽ ആദ്യ 2 വർഷം പ്രതിമാസം 27,000 രൂപയാണു സ്റ്റൈപൻഡ്. പിന്നീട് ഓരോ ഘട്ടത്തിലും തുക കൂടും. കണ്ടിൻജൻസി ഗ്രാന്റ്, സൗജന്യതാമസം, കോൺഫറൻസ് സപ്പോർട്ട് തുടങ്ങിയ സഹായങ്ങളുമുണ്ട്.

More Campus Updates>