Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർക്കിൽ സയന്റിഫിക് ഓഫിസറാകാം

barc

മുംബൈ ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന ഒസിഇഎസ്, ഡിജിഎഫ്‌എസ് പരിശീലനങ്ങൾക്കും തുടർന്നുള്ള സയന്റിഫിക് ഓഫിസർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു. 

1. ബിടെക് അഥവാ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയെന്റേഷൻ കോഴ്‌സ് (OCES). 5 ബാർക് ട്രെയിനിങ് സ്കൂളുകളിൽ പരിശീലന സൗകര്യം. 35,000 രൂപ പ്രതിമാസ സ്‌റ്റൈപെൻഡ്, പുറമേ ഒറ്റത്തവണ ബുക് അലവൻസ് 10,000 രൂപ.

2. ബിടെക് അഥവാ ഫിസിക്‌സ് പിജി യോഗ്യതയുള്ളവർക്ക് 2 വർഷത്തെ ഡിഎഇ ഗ്രാജുവേറ്റ് ഫെലോഷിപ് (DGFS). നിർദിഷ്ട സ്ഥാപനങ്ങളിലൊന്നിൽ എംടെക് / എംകെമിക്കൽ എൻജിനീയറിങ് പ്രവേശനം േനടിയിരിക്കണം. പിജി പഠനത്തിനുള്ള ട്യൂഷൻഫീ, 35,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ്, 10,000 രൂപ ബുക് അലവൻസ്, 25,000 രൂപ കണ്ടിൻജൻസി ഗ്രാന്റ് എന്നിവ ലഭിക്കും.

താൽപര്യമുള്ളവർക്ക് www.barconlineexam.in എന്ന സൈറ്റിലൂടെ അപേക്ഷ നൽകാൻ ജനുവരി 31 വരെ സമയമുണ്ട്. ആദ്യനിയമനത്തിൽ 89,000 രൂപയോളം മാസവേതനം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും.

ഒസിഇഎസ്
മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഇൻസ്‌ട്രമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ന്യൂക്ലിയർ ട്രേഡുകളിൽ 60 ശതമാനമെങ്കിലും മാർക്കോടെ ബിടെക്കാണ്  എന്‍ജിനീയറിങ് വിഭാഗക്കാർക്കു യോഗ്യത. 5 വർഷ ഇന്റഗ്രേറ്റഡ് എംടെക് നേടിയവർക്കും അപേക്ഷിക്കാം. ന്യൂക്ലിയർ എൻജിനീയറിങ്ങുകാർക്ക് ഗേറ്റ് സ്കോർ ഉപയോഗിക്കാൻ കഴിയില്ല. 50 ശതമാനമെങ്കിലും മാർക്കു നേടി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സയന്റിഫിക് ഓഫിസറായി നിയമനം, എംടെക്, എംഫിൽ, പിഎച്ച്ഡി, പിജി ഡിപ്ലോമ പഠനത്തിനു സൗകര്യവും.

ഡിജിഎഫ്‌എസ്
ജൂലൈ /ഓഗസ്‌റ്റ് കാലത്ത് പരിശീലനം തുടങ്ങും. നിർദേശിക്കുന്ന സ്‌ഥാപനത്തിൽ എംടെക് കോഴ്‌സ് ഒരു വർഷം പൂർത്തിയാക്കണം. മാസ്‌റ്റർ ബിരുദപഠനം പൂർത്തിയാക്കി വരുമ്പോൾ 4 മാസത്തെ ബാർക് സ്‌കൂൾ ട്രെയിനിങ് നൽകും. തുടർന്ന് മുംബൈയിലോ കൽപാക്കത്തോ സയന്റിഫിക് ഓഫിസറായി നിയമനം.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പിനു രണ്ടു വഴികൾ. 

(1) 2019 / 2018 ഗേറ്റ് സ്‌കോർ.

(2) മാർച്ച് 9 മുതൽ 15വരെ നടത്തുന്ന ഓൺലൈൻ പരീക്ഷ.

ഏതെങ്കിലും ഒന്നോ, രണ്ടും കൂടെയോ സ്വീകരിക്കാം.

ഗേറ്റ് സ്കോർ ഏപ്രിൽ ഒന്നുവരെ അപ്‌ലോഡ് ചെയ്യാം. പ്രാഥമിക സിലക്‌ഷനുള്ളവരെ മെയ് 20 മുതൽ ജൂൺ 21 വരെയുള്ള സമയത്ത് ഇന്റർവ്യൂ ചെയ്യും. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം 500 രൂപ ഫീസടയ്ക്കണം.

2019 ഓഗസ്‌റ്റ് ഒന്നിന് 26 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 29 / 31 / 36 വരെയാകാം.

അപേക്ഷിക്കുന്ന ഫൈനൽ ഇയർ വിദ്യാർഥികളുടെ ഫലം നവംബർ മുപ്പതിനകം അറിഞ്ഞിരിക്കണം. എംടെക്കുകാർക്കും അപേക്ഷിക്കാം. എംഎസ്‌സി (ബൈ റിസർച്), പിഎച്ച്‌ഡിക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല.

More Campus Updates>