Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പർ 1, കേരളത്തിലല്ല, ഇന്ത്യയിൽ തന്നെ

devagiri

കേരളത്തിനും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിനും ഒരേ വയസ്സാണ്. പല മേഖലകളിലും ഇന്ത്യയിൽ ഒന്നാമതായ കേരളത്തിന്റെ പാരമ്പര്യം പിന്തുടർന്ന് ഇതാ ദേവഗിരി കോളജിനും ഒരു ഒന്നാം സ്ഥാനം. യുജിസിയുടെ ‘നാക്’ (നാഷനൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) ഗ്രേഡിങ്ങിൽ രാജ്യത്തെ ആദ്യ എ ഡബിൾ പ്ലസ്.

നിലവാര നിർണയം കൂടുതൽ സൂക്ഷ്മമാക്കിയ ശേഷം 330 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ‘നാക്’ പരിശോധന പൂർത്തിയാക്കിയത്. അവയിൽ എ ഡബിൾ പ്ലസ് ദേവഗിരിക്കു മാത്രം. സ്കോർ നാലിൽ 3.76. ഏഴു ഘടകങ്ങളാണു ഗ്രേഡിങ്ങിനു പരിശോധിക്കുന്നത്. പാഠ്യപദ്ധതി, അധ്യാപനം–പരീക്ഷാഫലം, ഗവേഷണവും സാമൂഹികപ്രതിബദ്ധതയും, ഭൗതികസാഹചര്യം, വിദ്യാർഥികൾക്കു നൽകുന്ന സഹായങ്ങളും മാർഗനിർദേശങ്ങളും, ഭരണനേതൃത്വം, പുതിയ ആശയങ്ങൾ.

ദേവഗിരിയെ ഒന്നാമതെത്താൻ സഹായിച്ച മികവിന്റെ നാലു നെടുംതൂണുകൾ ഇവ:

അധ്യാപനനിലവാരം: 15 ബിരുദ കോഴ്സുകളും 11 പിജി കോഴ്സുകളും ആറു ഗവേഷണകേന്ദ്രങ്ങളും കോളജിലുണ്ട്. സൈക്കോളജിയിലും സ്വാശ്രയ അടിസ്ഥാനത്തിൽ സോഷ്യൽ വർക്കിലും വരെ കോഴ്സുകൾ. 120 അധ്യാപകരിൽ പാതിയിലേറെപ്പേർക്കും പിഎച്ച്ഡി. വിദേശത്തു പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയവർ ഏഴ്. സ്വയംഭരണം നേടിയശേഷം സിലബസിലും ഗ്രേഡിങ് രീതിയിലും കാലാനുസൃത മാറ്റങ്ങൾ വന്നതായി പ്രിൻസിപ്പൽ ഡോ. സിബിച്ചൻ എം.തോമസ്.

വിദ്യാർഥിസമ്പത്ത്: പ്ലസ് ടുവിനു 98 % നേടിയവർക്കാണ് ഇക്കുറി ബികോം പ്രവേശനം ലഭിച്ചതെന്നു മാനേജർ ഫാ.ജോസഫ് പൈകട. ഇംഗ്ലിഷിനും ഫിസിക്സിനും ഇതു യഥാക്രമം 97, 96.5 % വീതം. പരീക്ഷകളിൽ വിജയശതമാനം എൺപതിലേറെ.

ഗവേഷണ മികവ്: സുവോളജി, ബോട്ടണി, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണു ഗവേഷണസൗകര്യം. അഞ്ചുവർഷത്തിനിടെ 59 ഗവേഷണ പ്രബന്ധങ്ങൾ; 25 എണ്ണവും പ്രസിദ്ധീകരിച്ചത് മികച്ച ഇംപാക്ട് ഫാക്ടറുള്ള ജേണലുകളിൽ. രാജ്യാന്തരതലശാസ്ത്ര ജേണലും ദേശീയതലത്തിലുള്ള സോഷ്യൽ വർക്ക് ജേണലും ഇവിടെനിന്നു പ്രസിദ്ധീകരിക്കുന്നു.

അടിസ്ഥാനസൗകര്യങ്ങൾ: ലൈബ്രറി പൂർണമായും കംപ്യൂട്ടർവൽകൃതം. അഞ്ചുനിലയുള്ള ഫാ.തിയഡോഷ്യസ് ബ്ലോക്ക് കൂടി നിർമിച്ചതോടെ കോളജിൽ സൗകര്യങ്ങളേറി. യുജിസി, കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ്, വനം–പരിസ്ഥിതി വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ സഹായത്തോടെ രണ്ടുകോടി രൂപയുടെ പദ്ധതികൾ വിവിധ വകുപ്പുകളിലായി നടപ്പാക്കുന്നു.