Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ ഡിസൈൻ വേറെ, ഡിസൈൻ വേറെ

506819498

ഡിസൈനും ഫാഷൻ ഡിസൈനും മനുഷ്യന്റെ സൗന്ദര്യബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപയോഗിക്കുന്ന ഏതു വസ്തുവും ആവശ്യം നിർവഹിച്ചാൽ മാത്രം പോരാ, അതിനു രൂപഭംഗിയും വേണമെന്നു നാം ചിന്തിച്ചുപോകും. അതുകൊണ്ടാണ് ഏതു രംഗത്തുമുള്ള ഡിസൈൻ ആധുനികജീവിതത്തിന്റെ  മുഖമുദ്രയായിരിക്കുന്നത്. സൗന്ദര്യസങ്കൽപങ്ങൾ ദേശവും കാലവും സംസ്കാരവും അനുസരിച്ചു മാറിവരും. ഇതും പരിഗണിച്ചാകണം രൂപകൽപന.

ഡിസൈനിലായാലും ഫാഷൻ ഡിസൈനിലായാലും പ്രാവീണ്യം നേടാൻ ചിത്രരചനാപാടവവും ഭാവനാശേഷിയും വേണം. ശാസ്ത്രീയ പരിശീലനം വഴി മികവു കൈവരിച്ചവർക്കു നല്ല കരിയർ രൂപപ്പെടുത്താൻ കഴിയും. ഇങ്ങനെ പൊതുവായി ചിലതു പറയാമെങ്കിലും ഇവ തീർത്തും വ്യത്യസ്ത മേഖലകളാണ്.

ഫാഷൻ  ഡിസൈൻ: വസ്ത്രങ്ങളിൽ  മാത്രമല്ല
‘ഫാഷൻ ഡിസൈനെക്കുറിച്ച് അറിയാം’ എന്നു കരുതുന്ന പലരും അതു മേന്മയേറിയ തയ്യൽ മാത്രമാണെന്നു കരുതാറുണ്ട്. എന്നാൽ വസ്ത്രം മാത്രം നന്നായാൽ വേഷവിധാനം നല്ലതെന്നു പറയാനാകില്ല. പാദരക്ഷ, ബെൽറ്റ്, ബാഗ്, ആഭരണം മുതലായവയും നന്നാകണം. ഇത്തരം അനുബന്ധവസ്തുക്കളുടെ രൂപകൽപനയും (അക്സസറി ഡിസൈൻ) ഫാഷൻ ഡിസൈൻ പഠനത്തിലുൾപ്പെടും. ലെതർ ഡിസൈൻ, ജ്വല്ലറി ഡിസൈൻ, ഗ്ലാസ് ഡിസൈൻ, ഫർണിച്ചർ ഡിസൈൻ മുതലായവയിലെ അടിസ്ഥാനപാഠങ്ങളും അറിയണം. നല്ല ബ്രാൻഡുകൾ പടുത്തുയർത്താൻ ഫാഷൻ കമ്യൂണിക്കേഷന്റെ സാങ്കേതികത സ്വായത്തമാക്കണം. ഐടിയുടെ ഉപയോഗം ധാരാളം വേണ്ടിവരും. നിറ്റ്‌വെയർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, വസ്ത്രനിർമാണം എന്നിവയും വിശാലമായ ഫാഷൻ ഡിസൈൻ മേഖലയിൽപ്പെടും. ഇന്ത്യയിലെ മികച്ച പരിശീലന സ്ഥാപനമാണു കണ്ണൂരിലടക്കം ശാഖകളുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്). വെബ്സൈറ്റ്: www.nift.ac.in കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു കൊല്ലം കുണ്ടറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള. വെബ്സൈറ്റ്: www.iftk.ac.in വേറെയും ധാരാളം സ്ഥാപനങ്ങളുണ്ട്. 

ഡിസൈൻ വേണം, എല്ലാ മേഖലകളിലും
വിസ്മയകരമായ വൈവിധ്യമുള്ള മേഖലയാണിത്. നാം ഉപയോഗിക്കുന്ന സമസ്ത വസ്തുക്കളും ഭാവനാപൂർണമായ രൂപകൽപന വഴി ആകർഷകമാക്കാം. കണ്ണട, വാച്ച്, കാർ, കംപ്യൂട്ടർ, ടെലിഫോൺ, ഫർണിച്ചർ, സ്ഥാപനങ്ങളുടെ ലോഗോ തുടങ്ങി ഏതിനുമാകാം രൂപകൽപന. ഡിസൈൻ കോഴ്സുകളിൽ പെടുന്ന ഏതാനും മേഖലകളിങ്ങനെ:

ഇൻഡസ്ട്രിയൽ ഡിസൈൻ (പ്രോഡക്ട് / ഫർണിച്ചർ & ഇന്റീരിയർ / സിറാമിക് & ഗ്ലാസ് ഡിസൈൻ)

കമ്യൂണിക്കേഷൻ ഡിസൈൻ (ഗ്രാഫിക് / അനിമേഷൻ ഫിലിം / ഫിലിം & വിഡിയോ കമ്യൂണിക്കേഷൻ / എക്സിബിഷൻ – സ്പേഷ്യൽ ഡിസൈൻ)

ടെക്സ്റ്റൈൽ, അപ്പാരൽ & ലൈഫ്സ്റ്റൈൽ അക്സസറി ഡിസൈൻ 

ഇവയ്ക്കു പുറമേ റീട്ടെയ്ൽ എക്സ്പീരിയൻസ്, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, യൂണിവേഴ്സൽ, ഫൊട്ടോഗ്രഫി, ന്യൂ മീഡിയ, ടോയ് & ഗെയിം, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടമൊബീൽ തുടങ്ങിയ മേഖലകളിൽ സ്പെഷലൈസ് ചെയ്യാവുന്ന മാസ്റ്റർ ബിരുദ ഡിസൈൻ പ്രോഗ്രാമുകളുമുണ്ട്.ഈ രംഗത്തെ പ്രശസ്ത സ്ഥാപനമാണു കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി). വെബ്സൈറ്റ്: www.nid.edu ബെംഗളൂരു, ഗാന്ധിനഗർ, കുരുക്ഷേത്ര, വിജയവാഡ എന്നിവിടങ്ങളിൽ ക്യാംപസുണ്ട്. മികച്ച പ്ലേസ്മെന്റും ലഭിക്കാറുണ്ട്. ഡിസൈൻ പഠനരംഗത്തു കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണു കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ. വെബ്സൈറ്റ്: www.ksid.ac.in