Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരേക്കള ഹജബ്ബ സ്കൂളുണ്ടാക്കിയ കഥ

harekala-hajaba മംഗളൂരു ന്യൂപദപ്പിൽ താൻവാങ്ങിക്കൊടുത്ത സ്ഥലത്തു സർക്കാർ നിർമിച്ച. സ്കൂളിനു മുന്നിൽ ഹരേക്കള ഹജബ്ബ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

ഹൗ മച്ച് ? മംഗളൂ രുവിൽ ബസിറങ്ങിയ സായിപ്പിന്റെ ചോദ്യത്തിനു മുന്നിൽ ഓറഞ്ച് കച്ചവടക്കാരൻ ഹജബ്ബ പരുങ്ങി. എത്രയോവട്ടം അനുഭവിച്ച അതേ നിസ്സഹായത. ഒരു കിലോ ഓറഞ്ചിന്റെ വില ഇംഗ്ലിഷിൽ പറയാൻ കഴിയുന്നില്ല. വിദ്യാഭ്യാസമില്ലാതെ പോയല്ലോ എന്ന വിലാപത്തിനൊടുവിൽ അദ്ദേഹം ചെയ്തതു ചരിത്രം; ഒരു സ്കൂൾ തന്നെ സ്ഥാപിക്കാൻ സർക്കാരിന് സ്ഥലം വാങ്ങിക്കൊടുത്തു !

ഇന്ന് ഹരേക്കള ഹജബ്ബ കർണാടക സർവകലാശാലകളിൽ പഠന വിഷയമാണ്. തെരുവിലെ ഓറഞ്ച് വിൽപനക്കാരനിൽ നിന്ന് ഹൈസ്കൂൾ സ്ഥാപകനായി മാറിയ അത്ഭുതം.  പക്ഷേ, അദ്ദേഹത്തിന് ഇപ്പോഴും സാധാരണയിൽ സാധാരണക്കാരന്റെ വേഷം, ഭാവം. ആ മനസ്സിൽ നിന്നുള്ള ഓരോ വാക്കും മധുനാരങ്ങയുടെ അല്ലികൾ പോലെ.

വള്ളിക്കൂടയിൽ വിരിഞ്ഞ ആഗ്രഹം
1977 മുതൽ 2014 വരെ മംഗളൂരു ബസ് സ്റ്റാൻഡിൽ വള്ളിക്കൂടയിൽ ഓറഞ്ച് വിറ്റു. അന്ന് പലരോടും കൃത്യമായി സംസാരിക്കാൻ കഴിയാത്തതിനാൽ കച്ചവടം പോലും കുറഞ്ഞു. എന്റെ ഗ്രാമമായ ന്യൂ പദപ്പിൽ ഒരു ചെറിയ സ്കൂൾ പോലുമില്ലാതിരുന്നതാണു ഞാനുൾപെടെ എല്ലാവരും നിരക്ഷരരാവാൻ കാരണം. ഒരു സ്കൂൾ തുടങ്ങണമെന്ന് ഉറപ്പിക്കുന്നത് അങ്ങനെയാണ്.

 പുണ്യം കിലുങ്ങിയ തകരപ്പെട്ടി
ഞാൻ ദരിദ്രനാണ്. ഓറഞ്ച് വിറ്റു കിട്ടുന്ന പണം ഒന്നിനും തികയില്ല. എങ്കിലും ഒരു തകരപ്പെട്ടിയിൽ ചെറിയ തുകകൾ കൂട്ടിവച്ചു. എല്ലാവരുടെ മുന്നിലും കൈനീട്ടി. ഒട്ടും നാണക്കേട് തോന്നിയില്ല. ചെറുതും വലുതുമായി ആളുകൾ സഹായിച്ചു. സർക്കാർ കൈപിടിച്ചു. വർഷങ്ങൾ പാടുപെട്ടെങ്കിലും അവസാനം സ്വപ്നം യാഥാർഥ്യമായി. ഇപ്പോൾ ന്യൂ പദപ്പിൽ 1.3 ഏക്കറിൽ ഹയർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു.

സഹായിച്ചതു ‘ദൈവങ്ങൾ’
1999 ജൂൺ ആറിനു ന്യൂ പദപ്പിലെ  മദ്രസയിൽ ഒറ്റമുറി സ്കൂൾ തുടങ്ങി. അംഗീകാരം കിട്ടണമെങ്കിൽ സ്വന്തമായി സ്ഥലം വേണമെന്നായി സർക്കാർ. അങ്ങനെ 2001ൽ 51,000 രൂപ മുടക്കി 40 സെന്റ് വാങ്ങി. ഒരു വലിയ കുന്നിൻപ്രദേശമായിരുന്നു. നിലം നിരപ്പാക്കാൻ ഉൾപെടെ ഒട്ടേറെപ്പേർ സഹായിച്ചു. ആദ്യം സംശയിച്ചവരും പിന്നീട് കൂടെ നിന്നു. കൂടുതൽ സ്ഥലവും റോഡും വാങ്ങി. മനുഷ്യരിലും ദൈവങ്ങളുണ്ടെന്നു മനസ്സിലായത് അക്കാലത്താണ്.

പഠിച്ചു വളരട്ടെ നാടും
ഇപ്പോൾ 64 വയസ്സായി. നാലു വർഷമായി ഓറഞ്ച് വിൽക്കാൻ പോകുന്നില്ല. എങ്കിലും എന്നും രാവിലെ 8.30 ന് സ്കൂളിലെത്തും. ഇവിടെയെല്ലാം വൃത്തിയാക്കും. ഇരുന്നൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. അവർക്കെല്ലാം എന്നോടു വലിയ സ്നേഹമാണ്. കുട്ടികൾ പഠിച്ചു വളരുന്തോറും ഈ നാടും വലുതാകും.

ദാരിദ്ര്യത്തിലും ആഗ്രഹങ്ങളുണ്ടാവണം
പണ്ട് ഒരു ചെറ്റക്കുടിലായിരുന്നു ഞാനും കുടുംബവും കഴിഞ്ഞിരുന്നത്. ഇപ്പോൾ നല്ല കുറച്ചു മനുഷ്യർ ചേർന്ന് എനിക്കൊരു വീടു വച്ചു നൽകി. രണ്ടു പെൺമക്കളും ഒരു മകനുമുണ്ട്. മകൻ പെയിന്റിങ് ജോലിക്കു പോയി കുടുംബം പോറ്റുന്നു. ചെറിയ രണ്ട് ആഗ്രഹങ്ങളുണ്ട്. സ്കൂൾ ഹയർ സെക്കൻഡറി ആക്കണം. മക്കളെ വിവാഹം കഴിപ്പിക്കണം. അതൊക്കെയങ്ങു നടക്കും അല്ലേ

ആരാണ് ഹരേക്കള ഹജബ്ബ ?
35 വർഷം മംഗളൂരു നഗരത്തിൽ ഓറഞ്ച് കച്ചവടം നടത്തിയ സാധാരണ ഗ്രാമീണൻ. മംഗളൂരുവിൽ നിന്ന് 25 കി.മീ അകലെ ഹരേക്കളയെന്ന ഗ്രാമത്തിലെ ന്യൂ പദപ്പ് എന്ന കുഗ്രാമമാണ് സ്വദേശം. ഓറഞ്ച് വിറ്റ് താൻ കൂട്ടിവച്ച നാണയത്തുട്ടുകളും സുമനസ്സുകളുടെ സഹായവും ചേർത്ത് ന്യൂ പദപ്പിൽ സ്കൂൾ തുടങ്ങിയാണ് ഹജബ്ബ ഹീറോ ആകുന്നത്. സിഎൻഎൻ ഐബിഎൻ റിയൽ ഹീറോ പുരസ്കാരം 2008 ൽ ലഭിച്ചു. മംഗളൂരു, കുവേമ്പു, ദാവംഗരേ സർവകലാശാലകളിൽ ഇന്നു ഹജബ്ബയുടെ ജീവചരിത്രം പഠിപ്പിക്കുന്നു.