Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീറ്റ് എങ്ങനെ നീറ്റായി പാസ്സാകാം?

Kalpana-Kumari

കോപ്പിയടിയുടെയും പരീക്ഷത്തട്ടിപ്പിന്റെയും കഥകള്‍ മാത്രം ഉയരുന്ന ബിഹാറില്‍നിന്ന് ഇത്തവണ ഉയര്‍ന്നു കേള്‍ക്കുന്നത് ഒരു റാങ്കിന്റെ കഥയാണ്. മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കു പ്രവേശനത്തിനായുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) ഒന്നാം റാങ്ക് നേടിയത് ബിഹാറിലെ ശിയോഹര്‍ ജില്ലയിലുള്ള കല്‍പനാ കുമാരിയാണ്. 720 ല്‍ 691 മാര്‍ക്ക് (99.99 പേര്‍സന്റൈല്‍) നേടിയാണ് കല്‍പന ഒന്നാം റാങ്കിലേക്കു ചുവടു വച്ചത്. ഫിസിക്‌സിന് 180 ല്‍ 171 ഉം, കെമിസ്ട്രിക്ക് 180 ല്‍ 160 ഉം, ബയോളജിക്ക് 360 ല്‍ 360 ഉം സ്വന്തമാക്കിയാണ് ഈ സ്വപ്‌നതുല്യ നേട്ടം. 

നീറ്റ് പരീക്ഷാ വിജയത്തിനുള്ള കല്‍പനയുടെ വിജയമന്ത്രം വളരെ സിംപിളാണ്. എന്‍സിഇആര്‍ടി പുസ്തകങ്ങളും കോച്ചിങ് സാമഗ്രികളും ഉപയോഗിച്ച് ദിവസവും 12 മുതല്‍ 13 വരെ മണിക്കൂര്‍ പഠനം. പിന്നെ ഓണ്‍ലൈനും ഓഫ്‌ലൈനുമായുള്ള മോക്ക് ടെസ്റ്റുകള്‍ ചെയ്തു നോക്കി സ്വന്തം പ്രകടനം വിലയിരുത്തലും തെറ്റ് തിരുത്തലും. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ത്തന്നെ കല്‍പന നീറ്റിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ഓരോ വിഷയത്തിന്റെയും എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ വായിച്ച് പൊതുധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചു. മത്സരപ്പരീക്ഷാ മാതൃക അനുസരിച്ച് പരിഷ്‌ക്കരിച്ച ബിഹാറിലെ പുതിയ സിലബസും സഹായകമായെന്ന് കല്‍പന അഭിപ്രായപ്പെടുന്നു. 

എയിംസിലേക്കു പ്രവേശനത്തിനായുള്ള പരീക്ഷയും എഴുതിയ കല്‍പന അതിന്റെ ഫലം കാത്തിരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ എയിംസില്‍ അഡ്മിഷനെടുക്കാനും അല്ലെങ്കില്‍ മൗലാന ആസാദ് മെഡിക്കല്‍ കോളജില്‍ ചേരാനുമാണ് കല്‍പനയുടെ തീരുമാനം. കല്‍പനയുടെ പിതാവ് രാകേഷ് മിശ്ര സീതാമര്‍ഹിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ ലക്ചററും അമ്മ മമത കുമാരി ശിയോഹര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ടീച്ചറുമാണ്. മുതിര്‍ന്ന സഹോദരി ഭാരതി കുമാരി പട്‌നയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് എന്‍ജിനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കി. സഹോദരന്‍ പ്രണയ് പ്രതാപ് ഐഐടി ഗുവാഹത്തിയിലെ നാലാം വര്‍ഷം ബിടെക് വിദ്യാര്‍ഥിയാണ്.