Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറ്റ് സെപ്റ്റംബർ 16ന്, ജൂലൈ 03 വരെ അപേക്ഷിക്കാം

exam പ്രതീകാത്മക ചിത്രം

തിരുവനന്തപുരം∙ ഹയർസെക്കൻഡറി/നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിട്ടുള്ള സംസ്‌ഥാനതല യോഗ്യതാനിർണ്ണയ പരീക്ഷ– സെറ്റ്   സെപ്റ്റംബര്‍ 16നു നടക്കും. കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തതുല്യ ഗ്രേഡ്, ബി.എഡ് എന്നിവ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ മൂന്ന്  വൈകിട്ട് അഞ്ചു വരെ. അപേക്ഷകർ ജൂൺ 30ന് അഞ്ചു മണിക്ക് മുൻപായി ഒാൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.    

അടിസ്‌ഥാന യോഗ്യതകളിൽ ഒന്നു നേടിയവർ രണ്ടാമത്തേത് ഈ അധ്യയന വർഷം നേടുമെങ്കിൽ അവരെയും പരീക്ഷ എഴുതാൻ അനുവദിക്കും. ഇപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദാനന്തര ബിരുദം/ബിഎഡ് പരീക്ഷ നിശ്ചിത മാർക്കോടുകൂടി വിജയിച്ച സർട്ടിഫിക്കറ്റുകൾ സെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ ഹാജരാക്കണം. അല്ലാത്തവരെ അയോഗ്യരായി കണക്കാക്കും. പരീക്ഷ എഴുതാൻ പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. 

ഇതരസംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്നും നിശ്ചിത യോഗ്യതകൾ നേടിയിട്ടുള്ളവർ പ്രസ്തുത യോഗ്യത കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതാണ് എന്നു കാണിക്കുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അംഗീകാരമുള്ള കറസ്പോണ്ടൻസ് കോഴ്സ് വഴിയോ ഒാപ്പൺ സർവകലാശാല വഴിയോ യോഗ്യത നേടിയവരും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിൽ മാത്രമേ പരിഗണിക്കൂ. LTTC, DLEd തുടങ്ങിയ ട്ര‌െയിനിങ് കോഴ്സുകൾ വിജയിച്ചവർക്ക് ബിഎഡി ഇല്ലെങ്കിലും സെറ്റ് എഴുതാം. 

അപേക്ഷിക്കേണ്ടതിങ്ങനെ

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ ഒാൺലൈനായി റജിസ്റ്റർ ചെയ്യണം. ഒാൺലൈൻ റജിസ്ട്രേഷന് മുൻപ് നിശ്ചിത ഫീസ് അടയ്ക്കേണ്ടതാണ്.  ജനറൽ/ഒബിസി വിഭാഗങ്ങളിൽ പെട്ടവർക്ക് 750 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളിലുള്ളവർക്ക് 375 രൂപയുമാണ് ഫീസ്. ഇത്  ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എൽബിഎസ് സെന്റർ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ടായി എടുക്കണം. റജിസ്ട്രേഷന് ആവശ്യമായ നിർദേശങ്ങൾ www.lbscentre.org, www.lbskerala.com സൈറ്റുകളിൽ   ലഭിക്കും. ഒാൺലൈനിൽ അപേക്ഷ അയച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഡയറക്ടർ,   എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. 

വിജയം കണക്കാക്കുന്നത് 

ജനറൽ വിഭാഗക്കാർക്ക് സെറ്റ് പരീക്ഷ വിജയിക്കാൻ  രണ്ടു പേപ്പറുകൾക്കുമായി 40 ശതമാനം വീതവും ആകെ 48 ശതമാനവും മാർക്ക് വാങ്ങണം. ഒബിസി വിഭാഗത്തിൽ (ക്രീമിലെയർ വിഭാഗത്തിൽ പെടാത്തവർ)  പെട്ടവർക്ക് ഇത് യഥാക്രമം 35, 45 എന്ന രീതിയിലും പട്ടികജാതി/പട്ടികവർഗക്കാർക്കും 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവരും കാഴ്‌ചശക്‌തിയില്ലാത്തവരുമായ (പിഎച്ച്, വിഎച്ച്) അപേക്ഷകർക്കും 35, 40 എന്ന രീതിയിലും  മാർക്ക് ലഭിച്ചാൽ മതി. 

സിലബസ്

സെറ്റിന് രാവിലെയും ഉച്ചയ്‌ക്കു ശേഷവുമായി രണ്ടു പരീക്ഷയാണ് നടത്തുക. രാവിലെ നടക്കുന്ന പേപ്പർ ഒന്നിൽ രണ്ടു പാർട്ടുകളുണ്ട്. പാർട്ട് എ– പൊതുവിജ്‌ഞാനം, പാർട്ട് ബി–  അധ്യാപന അഭിരുചി. രണ്ടു പാർട്ടിൽ നിന്നും 60 ചോദ്യങ്ങൾ വീതം ചോദിക്കും. മാർക്ക് 120. സമയം 120 മിനിറ്റ്. ഉച്ചയ്‌ക്കു ശേഷം നടക്കുന്ന പേപ്പർ രണ്ടിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര നിലവാരത്തിൽ 120 ചോദ്യങ്ങളുണ്ട്. സമയം 120 മിനിറ്റ്. മാർക്ക് 120. മാത്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് വിഷയങ്ങൾക്ക് 80 ചോദ്യങ്ങൾ മാത്രമേയുള്ളൂ. ഒരോ ചേദ്യത്തിനും 1.5 മാർക്ക്. വിശദമായ സിലബസ് എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാസിന്റെ കാർബൺകോപ്പി പരീക്ഷ എഴുതുന്നവർക്ക് നൽകും.