Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജിലും വീട്ടിലും ഒന്നാം റാങ്ക്

rosher-jabeen റോഷൻ ജബീനും ഭർത്താവ് മുഹമ്മദ് അലിയും മക്കൾക്കൊപ്പം. ചിത്രം: രാഹുൽ ആർ. പട്ടം

ധൈര്യം, സ്നേഹം – റോഷൻ ജബീനിന്റെ ജീവിതത്തിൽ ഏറ്റവും വിലപിടിച്ച വാക്കുകൾ.  അവ ഇല്ലായിരുന്നെങ്കിൽ എംടെക്  പരീക്ഷയിലെ റോഷന്റെ  ഒന്നാം റാങ്കിന് ഈ തങ്കത്തിളക്കമുണ്ടാകില്ലല്ലോ. 

ബന്ധുക്കൾ നിരുൽസാഹപ്പെടുത്തിയിട്ടും ഇരട്ടക്കുഞ്ഞുങ്ങളുമായി പഠനം പൂർത്തിയാക്കാൻ ബലം കിട്ടില്ലായിരുന്നല്ലോ. അതുകൊണ്ടു തന്നെയാണു റോഷനും ഭർത്താവ് മുഹമ്മദ് അലിയും മക്കളെ വിളിച്ചത്;   ധൈര്യം എന്നർഥം വരുന്ന  ഹെയ്തൽ ഐസ അലി, സ്നേഹം തുളുമ്പുന്ന  ഹൈദിൻ ഐസ അലി.

∙ എല്ലായിടത്തും ടോപ്പർ 
കാസർകോട് ഉദുമ റോഷ്നി വില്ലയിൽ കെ.എം ബഷീറിന്റെയും ടി. റുഖിയയുടെയും മകൾ റോഷൻ ജബീൻ  ബിടെക്കിന് കുസാറ്റിലെ ടോപ്പർ.  വിവാഹ ആലോചന തുടങ്ങിയപ്പോൾ റോഷൻ പറഞ്ഞത് രണ്ടേ രണ്ടു ഡിമാൻഡ്, ‘ വരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത വേണം, എന്നെ ഇനിയും പഠിപ്പിക്കണം.’ 

അങ്ങനെ വന്നു, ഒന്നും രണ്ടുമല്ല, ട്രിപ്പിൾ പിജിക്കാരൻ മുഹമ്മദ് അലി. കാസർകോട് ചെറുവത്തൂർ പടന്നയിൽ അമീർ അലിയുടെയും എസ്.സി. റുഖിയയുടെയും മകൻ. 2015ൽ കല്യാണം കഴിഞ്ഞപ്പോൾ ചിലർ കുശുമ്പ് പറഞ്ഞു, കോളജ് ടോപ്പർ ഇനി വീട്ടിലെ ടോപ്പറായാൽ മതി. 

കോയമ്പത്തൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ എംടെക് പവർ സിസ്റ്റം എൻജിനീയറിങ്ങിനു ചേർന്നുകൊണ്ടായിരുന്നു റോഷന്റെ മറുപടി. പഠനത്തിനിടെ, ഇരട്ടക്കുട്ടികളുടെ  അമ്മയാകാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ ഇരട്ടി സന്തോഷം.‘‘ഇനി കുഞ്ഞുങ്ങളെ നോക്കാനുള്ള പഠിത്തം മതി,’’  എന്ന് അപ്പോഴും ചിലർ പറഞ്ഞു നോക്കി, ഏറ്റില്ല. 

∙ ഒപ്പം നടന്ന് ഭർത്താവ്
സ്കൂട്ടറോടിച്ച് കോളജിൽ പോയിരുന്നത് ഗർഭിണിയായതോടെ നിർത്തി. കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതും മുഹമ്മദ് അലിയായി.  

ശാരീരിക അസ്വസ്ഥതകൾ കൂടുന്ന ദിവസം വീട്ടുജോലികളെല്ലാം അലി ഏറ്റെടുത്തു. ഇരട്ടക്കുഞ്ഞുങ്ങൾക്ക് എട്ടാം മാസമായപ്പോഴായിരുന്നു മൂന്നാം സെമസ്റ്റർ പരീക്ഷ. നിന്നും ഇരുന്നും പരീക്ഷയെഴുതി. 

പ്രസവത്തിനായി ആശുപത്രിയിലെത്തിയതു കോളജിൽ നിന്ന് നേരിട്ട്! പ്രസവശേഷം 40 ദിവസം മാത്രം അവധിയെടുത്ത് പിന്നെയും കോളജിലേക്ക്. അതോടെ, കുഞ്ഞുങ്ങൾക്കായി മുഹമ്മദ് അലി  ലീവെടുത്തു.  വീണ്ടും ജോലിക്കു പോയത് റോഷന്റെ പഠിപ്പു കഴിഞ്ഞശേഷം. 

നാലാം സെമസ്റ്റർ മുതൽ പ്രോജക്ട് ആയതിനായിൽ അറ്റൻഡൻസിനു വേണ്ടിയാണ് കോളജിൽ പോയിരുന്നതെന്നു റോഷൻ. കുഞ്ഞുങ്ങൾ കരയുമ്പോൾ ഉമ്മ ഫോണിൽ വിളിക്കും. റോഷൻ സ്കൂട്ടറിൽ പാഞ്ഞെത്തും. പാലുകൊടുത്ത് തിരിച്ചു കോളജിലേക്ക്. വൈവ പരീക്ഷയുടെ സമയത്ത് അറ്റൻഡൻസ് പ്രശ്നമാണെന്നായി കോളജ് അധികൃതർ. അങ്ങനെ തോറ്റുകൊടുക്കാൻ പറ്റില്ലല്ലോ. പരീക്ഷ എഴുതാൻ 70 % ഹാജർ മതിയെന്നു രേഖകൾ പരിശോധിച്ചു കണ്ടെത്തി റോഷൻ. 72% ഹാജരോടെ ഒന്നാം റാങ്കുമായി കോളജ് വിടുകയും ചെയ്തു!

∙ ചിരിക്കു പിന്നിൽ കുടുംബവും
വീട്ടുകാരുടെ പൂർണസഹകരണമാണ്  ഞങ്ങളുടെ ഈ ചിരിക്കു പിന്നിലെന്നു പറയുന്നു മുഹമ്മദ് അലി.  റോഷന്റെ ഉമ്മയും അലിയുടെ ഉമ്മയും മാറി മാറി ഒപ്പം നിന്നു.  കുഞ്ഞുങ്ങൾക്ക് ഇപ്പോൾ അഞ്ചു മാസം. ഈ വർഷം അവർക്കായി നീക്കിവച്ചിരിക്കുകയാണ് റോഷൻ. ഒപ്പം പഠനവുമായുള്ള ബന്ധം വിടാതിരിക്കാൻ വീടിനടുത്ത് ഇന്റർനാഷനൽ സ്കൂളിൽ ഗെസ്റ്റ് അധ്യാപികയായും ജോലി ചെയ്യുന്നു.  

ഇനി കുസാറ്റിൽ പിഎച്ച്ഡി ചെയ്യണം. പിന്നെ കോളജ് പ്രഫസറാകാനുള്ള തയാറെടുപ്പ്...  സ്വപ്നങ്ങൾക്കു കരുത്താകാൻ  ഉമ്മയ്ക്കൊപ്പമുണ്ടല്ലോ  ധൈര്യവും സ്നേഹവും.

പഠിപ്പു നിർത്താൻ പറഞ്ഞവരെ പഠിച്ചു കാണിച്ചു കൊടുക്കണമെന്ന വാശിയായിരുന്നു. ചിന്തിച്ചത് കുടുംബവും സ്വന്തം ലക്ഷ്യങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനെ കുറിച്ചാണ്. അതു നൽകുന്ന സന്തോഷത്തെ കുറിച്ചാണ്’’റോഷൻ പറയുന്നു.

Education News>>