Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് കാലി മേയ്ച്ചു നടന്നു; ഇന്ന് ജില്ലാ കലക്ടര്‍

vanmathi സി. വന്മതി

മാതാപിതാക്കളെ സഹായിക്കാന്‍ വീട്ടിലെ കാലിയെ മേയ്ച്ചു നടന്ന ഒരു സാധാരണ പെണ്‍കുട്ടി. കാലികളെയും മേയ്ച്ചു ഗ്രാമം ചുറ്റി നടന്നപ്പോള്‍ കൂട്ടിനുണ്ടായിരുന്നത് ഒരുപിടി ദിവാസ്വപ്‌നങ്ങള്‍. ആ സ്വപ്‌നങ്ങളില്‍ നിറഞ്ഞത് സീരിയലിലെ നായികയായ ഐഎഎസ് ഉദ്യോഗസ്ഥ. സ്വന്തം ജില്ലയിലെ കലക്ടര്‍ക്കു ലഭിക്കുന്ന ആദരം കണ്ടപ്പോള്‍ കലക്ടറാകാനുള്ള മോഹം ഇരട്ടിയായി. ഒടുവില്‍ 2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 152-ാം റാങ്കോടെ ഐഎഎസിലേക്ക്. ഇത് തമിഴ്‌നാട് ഈറോഡ് സ്വദേശി സി. വന്മതിയുടെ കഥ. കേട്ടാല്‍ ആരും പ്രചോദിതരാകുന്ന കഠിനാധ്വാനത്തിന്റെ കഥ.

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കെട്ടിച്ചു വിടുന്നതായിരുന്നു ആ ഗ്രാമത്തിലെ പതിവ്. വന്മതിയുടെ മാതാപിതാക്കള്‍ പക്ഷേ അതില്‍നിന്നു വ്യത്യസ്തമായി ചിന്തിച്ചു. പണത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും അവര്‍ വന്മതിയെ പഠിപ്പിച്ചു. കാര്‍ ഡ്രൈവറായ പിതാവിന്റെ വരുമാനത്തില്‍നിന്നു മിച്ചം പിടിച്ച് പുസ്തകങ്ങള്‍ വാങ്ങി നല്‍കി. വന്മതി കഠിനാധ്വാനം ചെയ്ത് ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ഒരു സ്വകാര്യ ബാങ്കില്‍ ജോലിയും ലഭിച്ചു. 

പക്ഷേ, ജോലിയും കൊണ്ട് ഒതുങ്ങിക്കൂടാന്‍ വന്മതി തയാറായിരുന്നില്ല. 2015 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പഠിച്ചു. പ്രിലിമിനറിയും മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞു. ഫലം വരുമ്പോള്‍ നട്ടെല്ലിനു ക്ഷതമേറ്റ് തളര്‍ന്നു കിടക്കുന്ന പിതാവ് ചെന്നിയപ്പനെ പരിചരിക്കുന്ന തിരക്കിലായിരുന്നു വന്മതി. മകളുടെ സിവില്‍ സര്‍വീസ് റാങ്ക് രോഗക്കിടക്കയില്‍ ഈ പിതാവിനു ലഭിച്ച സന്തോഷത്തിന്റെ ഊന്നുവടിയായി. ഇല്ലായ്മകളോട് പടവെട്ടി വിജയിച്ച വന്മതി അങ്ങനെ ഒരുപാടു പേര്‍ക്ക് പ്രചോദനവുമായി.