Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഥമം, പ്രതിഭാവിലാസം

മോൻസി വർഗീസ്
iisc-bangalore

ശാസ്ത്ര സാേങ്കതിക പഠനത്തിലും ഗവേഷണത്തിലും ലോകോത്തര നിലവാരം പുലർത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. ഭാരത സർക്കാരിന്റെ മാനവ വിഭവ ശേഷി മന്ത്രാലയം തയാറാക്കിയ NIRF (National Institutional Ranking Framework) റാങ്കിങ്ങിൽ തുടർച്ചയായി ഒന്നാം സ്ഥാനത്താണ് ഈ മഹത്തായ സ്ഥാപനം. ഭാരതത്തിന് അഭിമാനമായ നിരവധി ശാസ്ത്രപ്രതിഭകളെ സംഭാവന ചെയ്യാൻ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഈ സ്ഥാപനത്തിനായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തുടങ്ങിയ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ രൂപീകൃതമായത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ചുവട് പിടിച്ചാണ്.

ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ജംഷഡ്ജി നുസർവൻജി ടാറ്റയാണ് ഈ സ്ഥാപനം ആരംഭിക്കാൻ കാരണക്കാരനായത്. ടാറ്റയ്ക്ക് അതിനുള്ള പ്രചോദനം നൽകിയതാവട്ടെ യോഗീവര്യനായ സ്വാമി വിവേകാനന്ദനും. യാദൃച്ഛികമായ ഒരു കണ്ടുമുട്ടൽ ഇന്ത്യയിൽ ശാസ്ത്രഗവേഷണ രംഗത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ള ചിന്തകൾ ഉണർത്താനായി.

1893ൽ ജപ്പാനിലെ യോകോഹാമ തുറമുഖത്തുനിന്നും വാൻകൂവറിലേക്ക് പുറപ്പെട്ട ഒരു യാത്രാ കപ്പലിൽ വച്ചായിരുന്നു സ്വാമി വിവേകാനന്ദനും ടാറ്റയും കൂടിക്കാഴ്ച നടത്തിയത്. ചിക്കാഗോയിൽ നടക്കുന്ന ലോക മതസമ്മേളനത്തിലേക്കുള്ള യാത്രയിലായിരുന്നു സ്വാമി. ഇന്ത്യയിൽ ഇരുമ്പ് വ്യവസായം ആരംഭിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യകൾ തേടിയുള്ളതായിരുന്നു ടാറ്റയുടെ യാത്രാലക്ഷ്യം. ഭാരതത്തിന്റെ ഭാവിയെക്കുറിച്ചും ശാസ്ത്ര വൈജ്ഞ‌ാനിക മേഖലകളെക്കുറിച്ചുമുള്ള സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകളിൽ ആകൃഷ്ടനായ ടാറ്റ ഇന്ത്യയിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാനായി.

ഇന്ത്യയിൽ തിരിച്ചെത്തിയ ടാറ്റ ശാസ്ത്രപഠനത്തിനും ഗവേഷണത്തിനുമായി ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനുള്ള ശ്രമമാരംഭിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ശാസ്ത്രസാങ്കേതിക വിദ്യയും ഇന്ത്യക്കാരുടെ ബൗദ്ധികശേഷിയും സംയോജിപ്പിച്ച് വ്യവസായങ്ങൾക്ക് അടിത്തറ പാകുകയായിരുന്നു ലക്ഷ്യം. എന്നാൽ ടാറ്റ മുമ്പോട്ടുവച്ച ആശയത്തെ അന്നത്തെ ബ്രിട്ടിഷ് വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു പുച്ഛിച്ച് തള്ളി. ഇന്ത്യക്കാർക്ക് ശാസ്ത്രം പഠിക്കാനുള്ള വിവരമില്ല എന്നായിരുന്നു കഴ്സന്റെ പരിഹാസം. ടാറ്റ പിൻതിരിയാതെ പ്രോജക്ടുമായി നോബേൽ പുരസ്കാര ജേതാവായ വില്യം രാംസ്സെയെ സമീപിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം സ്ഥാപനം തുടങ്ങാൻ അനുയോജ്യമായ സ്ഥലം ബാംഗ്ലൂരാണെന്ന് കണ്ടെത്തി. സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്ന മൈസൂർ മഹാരാജാവ് കൃഷ്ണരാജ വോഡയാർ നാലാമൻ 372 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകി. ടാറ്റ തന്റെ സമ്പത്തിന്റെ പകുതി സ്ഥാപനം തുടങ്ങാനായി നീക്കിവച്ചു. താൻ തുടങ്ങുന്ന സ്ഥാപനത്തിന്റെ ആദ്യത്തെ ഡയറക്ടറായി സ്വാമി വിവേകാനന്ദനെ ക്ഷണിച്ചുകൊണ്ട് 1898ൽ ടാറ്റ സ്വാമിക്ക് കത്തെഴുതിയെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.

1902ൽ സ്വാമി വിവേകാനന്ദനും 1904ൽ ജംഷഡ്ജി ടാറ്റയും ഇഹലോകവാസം വെടിഞ്ഞെങ്കിലും ടാറ്റയുടെ പിൻഗാമികൾ പദ്ധതിയുമായി മുമ്പോട്ട് പോയി. ഭാരതത്തിന് അഭിമാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 1911ൽ പിറവി എടുത്തു. ഇന്ന് 443 ഏക്കറുകളിലായി വളർന്നുനിൽക്കുന്ന സ്ഥാപനത്തിൽ 35 വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ പ്രതിഭകൾ ശാസ്ത്രഗവേഷണം നടത്തുന്നു. ഗവേഷണ പഠനങ്ങളും മാസ്റ്റർ കോഴ്സുകളും മാത്രം നടന്നിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറാം വാർഷിക വർഷമായ 2011 മുതൽ ബിരുദതലത്തിലുള്ള കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. മഹാപ്രതിഭകളുടെ ദീർഘവീക്ഷണത്തിന്റെ ഫലമായുണ്ടായ ഈ വിഖ്യാത സ്ഥാപനം ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യവുമായി തലയെടുപ്പോടെ യാത്ര തുടരുന്നു.

Be Positive>>