Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ്ങിന്റെ നല്ല കാലം കഴിഞ്ഞോ ?

മുരളി തുമ്മാരുകുടി
worklife2020mt@gmail.com
scope-of-engineering

ഇത്തവണ നാട്ടിൽ വന്നപ്പോൾ പലരും ചോദിച്ചു– എൻജിനീയറിങ്ങിന്റെ നല്ല കാലം കഴിഞ്ഞോ ? ഇല്ല. ഇനിയുള്ള കാലത്തെ ‘എൻജിനീയർ’ ചെയ്യുക എൻജിനീയർമാരാകും. മറ്റേതു പ്രഫഷനേക്കാളും തൊഴിൽ സാധ്യതയും വരുമാന വളർച്ചയുമുണ്ടാകും. 

കേരളത്തിൽ നൂറ്റിയൻപതിലധികം എൻജിനീയറിങ് കോളജുകൾ ഉള്ളതിനാൽ ഈ മേഖല കുത്തിനിറയ്ക്കപ്പെട്ടതായി തോന്നാം. പക്ഷേ, ആന്ധ്രപ്രദേശിൽ എഴുനൂറിലേറെയും തമിഴ്നാട്ടിൽ അഞ്ഞൂറിലേറെയും എൻജിനീയറിങ് കോളജുകളുണ്ട്. ഇവിടെ നിന്നെല്ലാം പാസാകുന്നവർ ഇന്ത്യ എന്ന വലിയ കമ്പോളത്തിലാണു ജോലി തേടുന്നത്. നമ്മുടെ പത്തു കോളജ് പൂട്ടിയാലും പത്തെണ്ണം തുറന്നാലും ഇന്ത്യയിലാകെ പഠിച്ചിറങ്ങുന്നവരുടെ എണ്ണത്തിൽ നേരിയ മാറ്റമേ വരൂ. 

എൻജിനീയർമാരാകാത്ത എൻജിനീയർമാർ: യുഎസിലെ കംപ്യൂട്ടർ വിപ്ലവം തൊട്ട് y2k പ്രതിസന്ധി വരെയുള്ള സമയത്തുണ്ടായ പ്രോഗ്രാമർമാരുടെ വൻ ഡിമാൻഡിന്റെ പുറത്താണ് ഇന്ത്യയിൽ എൻജിനീയറിങ് വിദ്യാഭ്യാസം പച്ചപിടിച്ചത്. യുഎസിലും അംഗീകൃതമായ നാലുവർഷ ഡിഗ്രി, അതുവഴി വീസ കിട്ടാനുള്ള എളുപ്പം, കണക്കിലും പ്രോഗ്രാമിങ്ങിലുമുള്ള അടിത്തറ... ഇവയൊക്കെ നമുക്കു ഗുണമായി. ഈ കാരണങ്ങൾ ഇന്നും നിലനിൽക്കുന്നു. കുറെ പിരിച്ചുവിടലുണ്ടായാലും അവസരങ്ങൾ ഇനിയുമുണ്ടാകും. 

ഒന്നുവച്ചാൽ രണ്ടു കിട്ടുന്ന വിദ്യാഭ്യാസം: മധ്യവർഗത്തിലും അതിനു താഴെയുമുള്ളവർക്ക് എൻജിനീയറിങ് പഠനം ഒരു റിസ്ക് മാനേജ്മെന്റ് സ്ട്രാറ്റജിയാണ്. മുടക്കുന്ന പണവും പലിശയും ആദ്യ അഞ്ചു വർഷത്തെ ശമ്പളത്തിൽനിന്നു കിട്ടും. 

ഇതെല്ലാം സാമൂഹിക യാഥാർഥ്യങ്ങൾ. അതേസമയം ഇതുമാത്രം മുൻനിർത്തി പഠിപ്പിക്കേണ്ടതല്ല എൻജിനീയറിങ്. ഇന്ത്യയുടെ വികസനത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്നവരാണ് എൻജിനീയർമാർ. അടിസ്ഥാനസൗകര്യ രംഗത്തു സിവിൽ എൻജിനീയർമാർ മുതൽ ഡിജിറ്റൽ / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തു കംപ്യൂട്ടർ എൻജിനീയർമാർ വരെ. വളരുന്ന ഇന്ത്യയിൽ മാത്രമല്ല, വളരുന്ന ചൈനയിലും ആഫ്രിക്കയിലും ജനസംഖ്യാ വളർച്ച മുരടിച്ച ജപ്പാനിലും യൂറോപ്പിലുമൊക്കെ അവസരങ്ങളുണ്ട്‌. എൻജിനീയറിങ് ബിരുദം എവിടെയും അംഗീകരിക്കപ്പെടുന്നതിനാൽ ലോകം തന്നെയാണു ചക്രവാളം. 

എന്നാൽ അതൊക്കെ എത്തിപ്പിടിക്കണമെങ്കിൽ മറ്റു വല്ലവരെയും കൊണ്ട് പ്രോജക്ടും ചെയ്യിപ്പിച്ച് തട്ടിപ്പ് ഇന്റേൺഷിപ് സർട്ടിഫിക്കറ്റും വാങ്ങി പുറത്തിറങ്ങിയാൽ പോരാ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

1. എന്തു പഠിക്കുന്നു എന്നതിനേക്കാൾ ഏതു കോളജിൽ പഠിക്കുന്നു എന്നതാണു പ്രധാനം. മിടുക്കരായ സഹപാഠികൾ, അക്കാദമിക് സ്വാതന്ത്ര്യം (ഇലക്‌ടീവുകളും പഠനേതര അവസരങ്ങളും), നല്ല അധ്യാപകർ തുടങ്ങിയവയാണു നല്ല കോളജിന്റെ മാനദണ്ഡം. 

2. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, അപ്ലൈഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് തുടങ്ങിയ അടിസ്ഥാന എൻജിനീയറിങ് ശാഖകളാണു സുരക്ഷിതം. കേട്ടിട്ടില്ലാത്ത പുതിയ വിഷയങ്ങളെടുക്കുന്നതു തൊഴിൽസാധ്യതയെ ബാധിച്ചേക്കാം. 

3. ഓൺലൈനായി പുതിയ വിഷയങ്ങൾ പഠിക്കുക, പ്രഫഷനൽ സൊസൈറ്റികളിൽ പഠനകാലത്തേ ചേരുക, പ്രഫഷനൽ സർട്ടിഫിക്കേഷൻ എടുക്കുക. 

4. വർഷത്തിൽ ഒരു ഇന്റേൺഷിപ് എങ്കിലും ചെയ്യുക. തൊഴിലിനെക്കുറിച്ചുള്ള അറിവിനും സാമൂഹികബന്ധങ്ങൾക്കുമുള്ള വഴിയാണത്. 

5. ഒരു പ്രാവശ്യമെങ്കിലും വിദേശത്തു പോകാൻ ശ്രമിക്കുക. സിംഗപ്പൂരിലും ദുബായിലുമൊക്കെ എൻജിനീയറിങ് രംഗത്തെ നൂതന ചലനങ്ങൾ തിരിച്ചറിയാം. 

6. സ്വയം താൽപര്യമെടുത്ത് ഇംഗ്ലിഷ് മികച്ചതാക്കുക. ചൈനീസ്, ജാപ്പനീസ്, ജർമൻ തുടങ്ങിയ വിദേശഭാഷകളിൽ ഒന്നെങ്കിലും പഠിക്കുക. 

Articles By Muralee Thumarukudy>>