Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തു പഠനം, ജോലി: ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

സെബിൻ എസ്. കൊട്ടാരം
sskottaram@gmail.com
study abroad

പഠനത്തോടൊപ്പം ജോലിയും ചെയ്യാം. പഠനം കഴിഞ്ഞാൽ യുകെയിൽ തന്നെ ജോലിയും ഉറപ്പാക്കാം എന്ന ലക്ഷ്യത്തോടെയാണ് രാധിക ബ്രിട്ടനിലെ കോളജിൽ പിജിക്കു ചേർന്നത്. ഒരു സെമസ്റ്ററിലെ ട്യൂഷൻ ഫീസ് മാത്രം 12 ലക്ഷം രൂപ. സെമസ്റ്റർ ഫീസ് മുൻകൂറായി അടയ്ക്കണം. ആദ്യ സെമസ്റ്ററിലെ ക്ലാസ് തുടങ്ങുന്നതിനു മുൻപുതന്നെ കോളജിന്റെ അംഗീകാരം സർക്കാർ റദ്ദാക്കിയ വാർത്തയെത്തി. അതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഇനി ഒരേ ഒരു മാർഗ്ഗം, മറ്റു കോളജുകളിലേക്ക്് ടി.സി. വാങ്ങി മാറുകയാണ്. അവിടെ വീണ്ടും ട്യൂഷൻ ഫീസ് അടയ്ക്കണം. അംഗീകാരം നഷ്്ടപ്പെട്ട കോളജിൽനിന്ന്് അടച്ച ഫീസ് തിരികെ വാങ്ങാമെന്ന പ്രതീക്ഷയും വൈകാതെ പൊലിഞ്ഞു. 

കുറേനാൾ പിന്നാലെ നടന്നിട്ടും പ്രയോജനമൊന്നും കിട്ടാതെ വന്നതോടെ ആദ്യത്തെ കോളജിൽ അടച്ച 12 ലക്ഷം രൂപ ഉപേക്ഷിച്ചു. പുതിയ കോളജിൽ ചേരാൻ വീണ്ടും ആദ്യ സെമസ്റ്ററിന് 12 ലക്ഷം രൂപ അടയ്ക്കേണ്ടിവന്നു. ഭക്ഷണത്തിനും താമസത്തിനും വണ്ടിക്കൂലിക്കും വേറെ പണമുണ്ടാക്കണം. ഇടയ്ക്ക്് ചെറിയ പാർട്ട് ടൈം ജോലി ചെയ്ത് അക്കാര്യം പരിഹരിക്കാമെന്നാണ് വിചാരിച്ചത്. അപ്പോഴാണ് അവിടെയും നിയന്ത്രണമുള്ള കാര്യം അറിഞ്ഞത്. ആഴ്ചയിൽ  നിശ്ചിത മണിക്കൂർ മാത്രം വിദ്യാർഥികൾ പാർട്ട് ടൈം ജോലി ചെയ്യുമ്പോൾ ടാക്സ് ഇളവുണ്ട്. കൂടുതൽ സമയം ജോലി ചെയ്ത് കൂടുതൽ പണമുണ്ടാക്കാമെന്നു വിചാരിച്ചാൽ പഠനം ഉഴപ്പും, ഒപ്പം കൂടിയ ഇൻകം ടാക്സും അക്കൗണ്ടിൽനിന്നു പിടിക്കും. ജോലിക്കുള്ള പ്രതിഫലവും അക്കൗണ്ടിലൂടെയാണ് ട്രാൻസ്ഫർ ചെയ്യുന്നത്. ഫലത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ല. ഏറ്റവും കൂടുതൽ പണം ചെലവാകുന്നത് ദിവസേനയുള്ള യാത്രക്കായാണ്. 

അവസാനം അൻപതു ലക്ഷത്തോളം രൂപമുടക്കി യുകെയിലെ കോളജിൽ പിജി കോഴ്സ് കഴിഞ്ഞെങ്കിലും അവിടെ നല്ല ജോലിയൊന്നും ലഭിച്ചില്ല. കാരണം ഏതൊരു ജോലിക്കും പ്രഥമ പരിഗണന യൂറോപ്യൻ യൂണിയനിലുള്ളവർക്കു നൽകണമെന്നാണ് വ്യവസ്ഥ. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലുള്ളവർതന്നെ ജോലിക്കായി ധാരാളമായി എത്തുന്നതിനാൽ മറ്റു വിദേശികൾക്കു സാധ്യത കുറയുന്നു. അതോടെ കോഴ്സ് കഴിഞ്ഞ്് അധികം വൈകാതെ നാട്ടിലേക്കു മടക്കം. നാട്ടിലെത്തിയാലോ, വിദേശത്തെ കോഴ്സിനേക്കാൾ വ്യക്തിഗത പെർഫോമൻസിനു സ്ഥാപനങ്ങൾ പ്രാമുഖ്യം നൽകുന്നതിനാൽ ഫലത്തിൽ വിദേശഡിഗ്രി കൊണ്ട് അധിക നേട്ടമൊന്നുമില്ല.

മറ്റൊന്ന്്, ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാർ വിദേശത്തെ കോളജുകളിലും സർവകലാശാലകളിലും പഠിക്കുന്നുണ്ടെന്ന യാഥാർഥ്യമാണ്. ഇവിടെനിന്നെല്ലാം ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് ഓരോ വർഷവും പഠിച്ചിറങ്ങുന്നത്. ഇവരിൽ ഭൂരിഭാഗവും മെച്ചപ്പെട്ട ജോലി ലഭിക്കാതെ ഇന്ത്യയിലേക്കു മടങ്ങുകയാണ് പതിവ്. വിദേശത്തു സ്ഥിരം ജോലി സ്വപ്്നം കണ്ട് പഠിക്കാൻ പോകുന്നവരുടെ എണ്ണത്തിലും കഴിഞ്ഞവർഷം ഗണ്യമായ കുറവ് രേഖപ്പെടുത്തി. അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച്് 20% കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ടവ
1. വിദേശത്ത്് പഠനത്തിനായി സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച അക്കാദമിക് നേട്ടം കൈ വരിച്ച പ്രശസ്ത യൂണിവേഴ്സിറ്റികൾ തന്നെ തിരഞ്ഞെടുക്കുക. അത്ര പ്രശസ്തമല്ലാത്ത കോളജുകളിൽ ചേരുമ്പോഴാണ് ചിലപ്പോൾ സർക്കാർ അവയുടെ അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകുന്നതും അടച്ച ഫീസുൾപ്പെടെ നഷ്്ടപ്പെടുന്ന സ്ഥിതി സംജാതമാവുന്നതും. സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ വരുമ്പോഴാണ് കോളജുകൾക്ക്് അംഗീകാരം നഷ്്ടമാവുന്നത്.

2. വിദേശത്ത്് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അവിടെ ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്ന്് മനസ്സിലാക്കി തീരുമാനമെടുക്കുക. 

3. പഠനത്തിനായി മുഴുവൻ സമയവും പ്രയോജനപ്പെടുത്തുക. അല്ലാതെ, ഉള്ള സമയം പത്തുകാശുണ്ടാക്കാം എന്നു ചിന്തിച്ച് കോളജിൽ പോകേണ്ട സമയം കൂടി പാർട്ട്്ടൈം ജോലിക്കായി പോയാൽ കോഴ്സ് കഴിയുമ്പോൾ തിരികെ പോരേണ്ടിവരുമെന്നു മാത്രമല്ല, കോഴ്സിൽ പരാജയപ്പെടാനും സാധ്യതയുണ്ട്. നാട്ടിലെത്തിയ ശേഷം വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പ്രിൻസിപ്പൽ എമൗണ്ടും പലിശയും അടച്ചു തീർക്കേണ്ടതുമുണ്ട്. അതിനാൽ ലക്ഷ്യം മറക്കാതിരിക്കുക.

4. ഏതൊരു രാജ്യത്തും സാധാരണക്കാരുണ്ട്. അവിദഗ്ധ തൊഴിലുകൾ ചെയ്യുന്നവരാണവർ. ഓസ്ട്രേലിയയിലും മറ്റും പഠിക്കുന്ന വിദ്യാർഥികളോട് തദ്ദേശീയരിൽ ചിലർ മോശമായി പെരുമാറുന്നതിനു കാരണം, അവരുടെ തൊഴിലവസരം നഷ്്ടപ്പെടുന്നതും ശമ്പളം ഗണ്യമായി കുറയുന്നതുമാണ്. കുറഞ്ഞ വേതനത്തിൽ പാർട്‌ടൈം ജോലിക്ക്് വിദേശ വിദ്യാർഥികളെ ലഭിക്കുമ്പോൾ അവിദഗ്ധ തൊഴിലാളികൾ കൂടുതലുള്ള ഭക്ഷണശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ തദ്ദേശീയർക്ക്് തൊഴിലവസരവും വേതനവും കുറയുന്നു. ഇതു വിദേശി വിദ്യാർഥികളോടുള്ള അതൃപ്്തിക്ക്് ഒരു കാരണമാണ്.

5. ബാങ്കുകൾ വാരിക്കോരി വായ്പ തരും എന്നുകണ്ട് വലിയ തുകയെടുത്ത്് കടക്കെണിയിൽ വീഴാതിരിക്കുക. ഇതു തിരിച്ചടയ്ക്കേണ്ടതാണെന്ന്് ഓർക്കുക. വിദേശജോലി സ്വപ്്നം കണ്ടു വിദേശത്ത്് കോഴ്സ് ചെയ്തശേഷം അവിടെ ജോലി കിട്ടാതെ തിരിച്ചു നാട്ടിലെത്തിയ നല്ലൊരു ശതമാനം പേർ വായ്പയുടെ പലിശയടയ്ക്കാൻ പോലും ഇപ്പോൾ പാടുപെടുകയാണ്.

6. ഇവിടെ വേണ്ടത്ര വികസിക്കാത്തതും എന്നാൽ വിദേശത്ത്് പഠനസൗകര്യങ്ങളും ഉയർന്ന നിലവാരമുള്ളതുമായ കോഴ്സുകൾ ചെയ്യുന്നത് നിങ്ങളുടെ കരിയറിലെ ഉയർച്ചയ്ക്ക്് സഹായിക്കും. പിഎച്ച്്ഡി / പോസ്റ്റ്് ഡോക്ടറൽ ഫെലോഷിപ്പുകളും വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ ചെയ്യുന്നത് ഭാവി സുരക്ഷിതമാക്കാൻ ഉപകരിക്കും. അതിനാൽ തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കാം, സ്വപ്്നങ്ങൾ സാക്ഷാത്ക്കരിക്കാം. വിജയാശംസകൾ. 

More Motivational Stories>>