ഏറ്റവും മികച്ച ശമ്പളം നല്‍കുന്നവർ ഇവരാണ്!

സോപ്പും പൗഡറും ഷാംപുവും തേയിലയും ബിസ്‌കറ്റും ബാത്ത്‌റൂം ക്ലീനറുമെല്ലാം അടങ്ങുന്ന ഉപഭോക്തൃ ഉല്‍പന്ന(എഫ്എംസിജി) കമ്പനികളാണ് ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം നല്‍കുന്നതെന്ന് എച്ച്ആര്‍ കണ്‍സല്‍ട്ടിങ്ങ് സ്ഥാപനമായ റാന്‍ഡ്സ്റ്റാഡിന്റെ സര്‍വേ പഠനം. ശരാശരി വാര്‍ഷിക വേതനം 11.3 ലക്ഷം രൂപയാണ് എഫ്എംസിജി കമ്പനികളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നും 2017ലെ ശമ്പള ട്രെൻഡുകളെ കുറിച്ചുള്ള പഠനം ചൂണ്ടിക്കാണിക്കുന്നു. ഊര്‍ജ്ജം, ഐടി മെഖലകളാണ് എഫ്എംസിജി കഴിഞ്ഞാല്‍ മികച്ച വേതനം വാഗ്ദാനം ചെയ്യുന്ന മേഖലകള്‍.

യഥാക്രമം 9.8 ലക്ഷം രൂപ, 9.3 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ മേഖലയിലെ ശരാശരി വാര്‍ഷിക വരുമാനം. 8.8 ലക്ഷം രൂപ നല്‍കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് ആരോഗ്യ സേവന മേഖലയും 8.7 ലക്ഷം രൂപ നല്‍കുന്ന ടെലികോം മേഖലയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 

സെയില്‍സ്, മാര്‍ക്കറ്റിങ്ങ് ജോലികള്‍ക്കും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ജോലികള്‍ക്കും നിരവധി അവസരങ്ങളാണ് എഫ്എംസിജി മേഖല തുറന്നിടുന്നതെന്നും പഠനം പറയുന്നു. ഇവയില്‍ 30 ശതമാനവും പത്തു ലക്ഷത്തിലധികം വാര്‍ഷിക വരുമാനം നേടിത്തരുന്നവയുമാണ്. ഇന്ത്യയിലെ നഗരങ്ങളില്‍ ഏറ്റവും മികച്ച വേതന നിലവാരമുള്ളത് ബെംഗളൂരുവിലാണെന്നും പഠനം പറയുന്നു. 14.6 ലക്ഷം രൂപയാണ് ബെംഗളൂരു നഗരത്തിലെ പ്രഫഷണലുകളുടെ ശരാശരി ശമ്പളം. 14.2 ലക്ഷം രൂപ ശരാശരി വേതനവുമായി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയാണ് രണ്ടാം സ്ഥാനത്ത്. ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, പൂനെ, കോല്‍ക്കത്ത എന്നിവയാണ് പട്ടികയിലെ മറ്റു വമ്പന്മാര്‍. 

തൊഴില്‍ വിപണയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികളുടെ പട്ടികയും റാന്‍ഡ്സ്റ്റാഡ് നിരത്തുന്നുണ്ട്. ആറു മുതല്‍ 10 വര്‍ഷം വരെ തൊഴില്‍ പരിചയമുള്ള കോര്‍ ജാവ പ്രഫഷണലുകള്‍ക്ക് അതേ തൊഴില്‍ പരിചയമുള്ള മറ്റ് മേഖലകളിലെ ജീവനക്കാരേക്കാല്‍ വളരെ കൂടുതല്‍ ശമ്പളം ലഭിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു. 18.06 ലക്ഷം രൂപയാണ് എണ്ണം പറഞ്ഞ ഒരു കോര്‍ ജാവ പ്രഫഷണലിന്റെ വാര്‍ഷിക വരുമാനം. 17.09 ലക്ഷം രൂപ ശമ്പളമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പ്രഫണഷലുകളും 14.67 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ടെസ്റ്റിങ്ങ് ഓട്ടമേഷന്‍ എന്‍ജിനീയര്‍മാരുമാണ് ചൂടന്‍ ജോലികളില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. 

Job Tips >>