ഓണ്‍ലൈന്‍ വഴിയുള്ള ഫ്രീലാന്‍സ് ജോലിയില്‍ ഇന്ത്യ മുന്‍പന്തിയില്‍

ഓണ്‍ലൈന്‍ വഴി ഫ്രീലാന്‍സ് ആയി ജോലി ചെയ്യുന്നതില്‍ ഇന്ത്യാക്കാരാണു മുന്‍ പന്തിയിലെന്നു പഠനങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമായ ഫ്രീലാന്‍സ് ജോലികളുടെ 24 ശതമാനവും സ്വന്തമാക്കുന്നത് ഇന്ത്യയിലുള്ളവരാണെന്ന് കണ്ടെത്തി. 16 ശതമാനവുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തും 12 ശതമാനവുമായി അമേരിക്ക മൂന്നാം സ്ഥാനത്തുമാണ്. ഫിലിപ്പൈന്‍സ്, യുകെ തുടങ്ങിയവയും ഓണ്‍ലൈന്‍ ഫ്രീലാന്‍സിങ്ങില്‍ ഇന്ത്യയോട് മത്സരിക്കുന്നു. 

വിവിധ രാജ്യങ്ങള്‍ വിവിധ തരത്തിലുള്ള തൊഴില്‍ മേഖലകളിലെ ഫ്രീലാന്‍സിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ 55 ശതമാനം ഓണ്‍ലൈന്‍ ഫ്രീലാന്‍സിങ്ങും സോഫ്ട് വെയര്‍ വികസനവും സാങ്കേതികരംഗവുമായുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ ഫ്രീലാന്‍സിങ് മേഖലില്‍ ക്രിയേറ്റീവ്, മള്‍ട്ടീമീഡിയ സേവനങ്ങള്‍ രണ്ടാമതും സെയില്‍സ്, മാര്‍ക്കറ്റിങ്ങ് സേവനങ്ങള്‍ മൂന്നാമതുമാണ്. അക്കൗണ്ടിങ്ങ്, നിയമ സേവനം, ബിസിനസ് കണ്‍സല്‍ട്ടിങ് തുടങ്ങിയ മേഖലകളില്‍ യുകെയിലെ ഫ്രീലാന്‍സേഴ്‌സാണ് മുന്നില്‍. 

ഓണ്‍ലൈന്‍ ഫ്രീലാന്‍സിങ് പ്ലാറ്റ്‌ഫോമുകളായ ഫീവര്‍, ഫ്രീലാന്‍സര്‍, ഗുരു, പീപ്പിള്‍പെര്‍അവര്‍ തുടങ്ങിയവയുടെ വിവരശേഖരം അപഗ്രഥിച്ചാണ് ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.