സൂപ്പര്‍ 30 പോലൊരു സൂപ്പര്‍ 60

നിര്‍ധനരായ വിദ്യാർഥികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും പരീക്ഷാ പരിശീലനവും നല്‍കി ജെഇഇ പോലുള്ള പരീക്ഷകളുടെ കടമ്പ കടത്തുന്ന അനന്ത് കുമാറിന്റെ സൂപ്പര്‍ 30യെ എല്ലാവരും അറിയും. എന്നാല്‍ അത്രയ്‌ക്കൊന്നും പ്രചാരം ലഭിക്കാത്ത സൗജന്യ പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. രാജസ്ഥാനിലെ ദൗസ ജില്ലയിലുള്ള അധ്യാപക ദമ്പതികളായ വിനോദ് മീണയും സീമയും നടത്തുന്ന സൂപ്പര്‍ 60 അത്തരത്തില്‍ ഒന്നാണ്. 

ആദിവാസി മേഖലകളിലെ 60 പാവപ്പെട്ട വിദ്യാർഥികള്‍ക്കാണ് തികച്ചും സൗജന്യമായി ഈ ദമ്പതികള്‍ മത്സരപരീക്ഷാ പരിശീലനം നല്‍കുന്നത്. ഇവരുടെ ക്ലാസില്‍ പഠിച്ച് 300ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ഗവണ്‍മെന്റ് ജോലി അടക്കം നേടിയത്. 

സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന കടമ്പയായ ഇന്റര്‍വ്യൂ ഘട്ടത്തില്‍ മൂന്നു തവണയെത്തി പരാജിതനായി മടങ്ങിയ വ്യക്തിയാണ് വിനോദ് മീണ. പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി താന്‍ നേടിയ അറിവ് കോച്ചിങ്ങിന് പണം മുടക്കാനില്ലാത്ത യുവാക്കള്‍ക്കായി പങ്കുവയ്ക്കാം എന്ന ചിന്തയാണ് സൂപ്പര്‍ 60യിലേക്ക് വിനോദിനെ എത്തിച്ചത്. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഭാര്യയുടെ പിന്തുണയോടെ മുന്നോട്ട് പോയി. സ്വന്തം ശമ്പളത്തില്‍ നിന്നൊരു തുക എല്ലാ മാസവും വിനിയോഗിച്ചാണ് ദമ്പതികള്‍ ഈ സൗജന്യം കോച്ചിങ് ക്ലാസ് മുന്നോട്ട് കൊണ്ടുപോകുന്നത്. 

ദമ്പതികളുടെ ഈ നന്മനിറഞ്ഞ സംരംഭത്തിന് പിന്തുണയുമായി മറ്റ് അധ്യാപകരും ഇവിടെ സൗജന്യമായി പഠിപ്പിക്കാനെത്തുന്നുണ്ട്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ നാലു മണിക്കൂര്‍ വീതമാണ് ക്ലാസുകള്‍.