തേയിലത്തോട്ടത്തിൽ നിന്നു ഐപിഎസിലേക്ക്

മൂന്നാർ ടാറ്റ ടീ എസ്റ്റേറ്റിലെ ചോലമല ഡിവിഷനിലെ കറുപ്പയ്യയ്ക്കും സുബ്ബമ്മാൾക്കും 1973 ൽ ഒരു ആൺകുഞ്ഞ് പിറന്നു. നാലാം ക്ലാസ് വരെ പഠിച്ച കറുപ്പയ്യ ടാറ്റ എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്നു. സുബ്ബമ്മാൾ സ്കൂളിൽ പോയിട്ടില്ല.

എസ്റ്റേറ്റിലെ ലയത്തിൽ കളിച്ചു വളര്‍ന്ന ആ കുട്ടി മറ്റു കുട്ടികളെപ്പോലെ അഞ്ചാം വയസിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപകവിദ്യാലയത്തിൽ ചേർന്നു. രണ്ടു ക്ലാസ് റൂമുകളും ഒരു മാഷും. തമിഴ് മീഡിയം, പല ക്ലാസിലെ കുട്ടികൾ ഒന്നിച്ചിരിക്കുന്നതിനാൽ ടെക്സ്റ്റ് ബുക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു സ്ലേറ്റും പെൻസിലുമായിരുന്നു ആകെയുണ്ടായിരുന്ന പഠനോപകരണങ്ങൾ. രണ്ടു കൊല്ലം  അങ്ങനെ പോയി. രണ്ടാം ക്ലാസ് പാസായെന്ന് മാഷ് പറഞ്ഞപ്പോൾ കറുപ്പയ്യ മകനെ പെരിയവാറൈ സ്കൂളിലേക്കയച്ചു. അവിടെയും തമിഴിൽ തന്നെയായിരുന്നു പഠനം. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിൽ ഒരു വർഷം. അഞ്ചാം ക്ലാസ് കഴിഞ്ഞാൽ പിന്നെ ആൺകുട്ടികൾക്ക് അവിടെ പഠിക്കാൻ കഴിയില്ല. ആ പയ്യൻ അധ്യാപകരുടെ പ്രേരണയാൽ സൈനിക് സ്കൂൾ പ്രവേശനപരീക്ഷയെഴുതി. പാസായി. അങ്ങനെ ഉദുമൽപ്പേട്ട് അമരാവതി നഗർ സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നു. 

2012‌
മലപ്പുറം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു പുറത്തെ നെയിംപ്ലേറ്റ് ഇങ്ങനെയായിരുന്നു– കെ. സേതുരാമൻ ഐ.പി.എസ്. മൂന്നു വർഷത്തോളമായിട്ടും പൊലീസ് മേധാവിയെ മാറ്റാൻ മലപ്പുറത്തുകാർ സമ്മതിച്ചിരുന്നില്ല. ഇതിനിടെ, ഇന്ത്യൻ ഭാഷകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഒരു പഠന– ഗവേഷണ പുസ്തകവും സേതുരാമൻ പുറത്തിറക്കി. മൂന്നു പതിറ്റാണ്ടു മുൻപ് മൂന്നാറിലെ തേയിലത്തോട്ടത്തിലെ ലയത്തിൽ നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ കസേരയിലേക്കുള്ള യാത്ര ഓരോ മലയാളിക്കുമുള്ള നല്ല പാഠമാണ്. 

ഒട്ടും എളുപ്പമുള്ള യാത്രയായിരുന്നില്ല അതെന്ന് സേതുരാമൻ ഓർക്കുന്നു. സൈനിക് സ്കൂളിൽ ചേർന്ന ശേഷമാണ് ലോകമെന്തെന്ന് അറിയുന്നത്. ജീവിതത്തിന് ലക്ഷ്യമുണ്ടാകുന്നത്. സൈനിക് സ്കൂളിലെ അധ്യാപകര്‍ ശരിക്കും കുട്ടികളെ ലക്ഷ്യ ബോധമുള്ളവരാക്കി വാർത്തെടുക്കുന്നവരായിരുന്നു. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ സിവിൽ സർവീസ് നേടാൻ എനിക്കു കഴിയും എന്ന് അന്ന് അവിടെ പ്രധാനാധ്യാപകനായിരുന്ന എം.എസ്.ഹൂഡ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അതിമോഹമായിരുന്നെങ്കിലും മനസ്സിൽ ഒരു വിത്ത് മുളയ്ക്കുകയായിരുന്നു. അത് കരിഞ്ഞു പോകാതെ നോക്കേണ്ടത് എന്റെ മാത്രം ചുമതലയായിരുന്നു. പല തടസങ്ങളുണ്ടായിട്ടും അതു കൃത്യമായി ചെയ്യാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 

സൈനിക് സ്കൂളിൽ അധ്യയനം ഇംഗ്ലീഷിലായിരുന്നു. നേരാം വണ്ണം തമിഴോ മലയാളമോ എഴുതാൻ അറിയാത്തവന്റെ മുന്നിലാണ് ഇംഗ്ലീഷ്! ആദ്യത്തെ രണ്ടു മൂന്നുവർഷം നന്നേ ബുദ്ധിമുട്ടി. അപ്പോഴൊക്കെ അവിടുത്തെ നല്ലവരായ അധ്യാപകർ ഒപ്പം നിന്നു.

ഏഴാംവട്ടം ഐപിഎസ്
ഏഴു തവണയാണ് സേതുരാമൻ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. എം എയ്ക്ക് പഠിക്കുന്ന കാലത്തായിരുന്നു ആദ്യത്തേത്. എംഫിലിന്റെ ആദ്യ വർഷത്തിൽ രണ്ടാമത്തേതും. രണ്ടിലും പ്രിലിമിനറി കടന്നു മെയിനിൽ വീണു. എംഫിലിന്റെ രണ്ടാം വർഷമായിരുന്നു മൂന്നാം ശ്രമം. ആദ്യ കടമ്പയിൽ ത്തന്നെ വീണു. തുടർന്ന് 2000ൽ പ്രിലിമിനറി ജയിച്ചു, മെയിനിൽ വീണു. 2001ലായിരുന്നു  പ്രിലിമിനറിയും മെയിനും കടന്ന് ഇന്റർവ്യൂ വരെ എത്തിയത്.

2002 ൽ പ്രിലിമിനറി ജയിച്ചു, മെയിൻ കടക്കാനായില്ല. 2003 ലാണ് സേതുരാമൻ രണ്ടു പതിറ്റാണ്ടുകൾ കൂടെ കൊണ്ടു നടന്ന ലക്ഷ്യം നേടുന്നത്. സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 322, പട്ടിക വിഭാഗത്തിൽ 23 എന്നിങ്ങനെ റാങ്കുകാരൻ.

വഴിത്തിരിവ്
‍ഡിഗ്രി ഏതു വിഷയത്തിൽ വേണം എന്ന സംശയം വന്നപ്പോൾ എടുത്ത തീരുമാനമാണ് ജീവിതത്തിൽ നിർണായകമായതെന്ന് സേതുരാമൻ കരുതുന്നു. പ്ലസ് ടു വിന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച് നല്ല മാർക്കു വാങ്ങിയെങ്കിലും ഡിഗ്രിക്ക് ഇക്കണോമിക്സ് എടുക്കുന്നതാണ് സിവിൽ സർവീസിലേക്കു തിരിയാൻ നല്ലതെന്ന് സ്വയം ഉൾവിളിയുണ്ടായി. സാഹചര്യങ്ങളുടെ സമ്മർദം മൂലം ഉൾവിളി ഉപേക്ഷിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.എസ്‌സി കെമിസ്ട്രിക്കു ചേർന്നു. ഇതല്ല തന്റെ വഴി  എന്നു മനസ്സിലാകാൻ അധികനാൾ വേണ്ടി വന്നില്ല. ഒന്നാം വർഷ പരീക്ഷ എഴുതും മുമ്പേ കെമി സ്ട്രി ബിരുദപഠനം ഉപേക്ഷിച്ചു. 

ഇവാനിയോസ് കോളജിൽ തന്നെ ഇക്കണോമിക്സ് ബിരുദത്തിന് പഠിക്കാമായിരുന്നു. പക്ഷേ അടുത്ത വർഷമേ ചേരാൻ കഴിയൂ. അങ്ങനെ വന്നാൽ സഹപാഠികൾ സീനിയേഴ്സ് ആകും.  കോളേജ് മാറാൻ തീരുമാനിച്ചത് അതു കൊണ്ടാണ്. അങ്ങനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേക്ക്. സമരങ്ങളുടെ പൂക്കാലമായിരുന്നു അത്. പഠിപ്പിക്കാനുള്ള ഒരു സാഹചര്യവും കോളേജിലുണ്ടായിരുന്നില്ല. സ്വയം പഠിക്കുക എന്നതായിരുന്നു ആകെയുള്ള വഴി. ഇത് പിന്നീട് വലിയ പ്രയോജനം ചെയ്തുവെന്ന് സേതുരാമൻ തുടര്‍ന്ന് എം.എ ഇക്കണോമിക്സിനും യൂണിവേഴ്സിറ്റി കോളജിൽ തന്നെ ചേർന്നു. 

ഇതിനു ശേഷം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ എം.ഫിലിന് റജിസ്റ്റര്‍ ചെയ്തു. ‘ജനകീയാസൂത്രണത്തിൽ ആദിവാസികളുടെ പങ്ക് ’ എന്നതായിരുന്നു വിഷയം. ഇതിനിടെ പലവട്ടം സിവിൽ സർവീസ് പരീക്ഷയിൽ പരാജയങ്ങൾ ഏറ്റുവാങ്ങി. സിവിൽ സർവീസ് എന്നതല്ല ജീവിതത്തിന്റെ അവസാനം എന്ന് തോന്നിത്തുടങ്ങിയത് ഇക്കാലത്തായിരുന്നു. അറിവുനേടുകയാണ് പ്രധാനമെന്നായിരുന്നു അക്കാലത്തെ തിയറി. പബ്ലിക് ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി, ഐ.എം.ജി. ലൈബ്രറി, യൂണിവേഴ്സിറ്റി ലൈബ്രറി എന്നിവിടങ്ങളിലായി ഒന്നര വർഷം ജീവിതം പിന്നീടുള്ള ഒന്നരവർഷം പി.ടി.പി. നഗറിലെ പട്ടികജാതിവർഗ പരിശീലനകേന്ദ്രത്തിൽ. ഇതിനിടെ തിരുവനന്തപുരത്ത് ഒരു സ്വകാര്യപരിശീലന രണ്ടു വർഷത്തോളവും തൃശൂരിൽ പി.സി.തോമസ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു മാസത്തോളം ഇന്ത്യൻ ഇക്കോണമി പഠിപ്പിക്കാൻ പോയതും പ്രയോജനം ചെയ്തു. ഇതിനൊപ്പം, സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന ഒരു സുഹ‍ൃദ് സംഘത്തെ സംഘചർച്ചകൾക്കായി കിട്ടിയതും കാര്യമായി.

സിവിൽ സർവീസ് വഴങ്ങാത്തതിനു മുന്നിൽ തന്റെ കൈയക്ഷരത്തിനു പങ്കുണ്ടെന്ന് സേതുരാമൻ അക്കാലത്താണ് തിരിച്ചറിഞ്ഞത്. പലവട്ടം സ്വയം ശ്രമിച്ചെങ്കിലും വിരലുകൾ പിണങ്ങിത്തന്നെ നിന്നു. ആയിടയ്ക്കാണ് ഒരു ലേഖനം കാണുന്നത്– ഹൈദരാബാദിലെ നാഷനൽ ഹാൻഡ്റൈറ്റിങ് അക്കാദമിയെപ്പറ്റി. പത്രത്തിൽ കണ്ടപടി കൈയക്ഷരം മാറ്റാൻ ദിവസങ്ങളോളം എഴുതിയെഴുതി അധ്വാനിച്ചു. ഒടുവിൽ വിരലുകൾ വഴങ്ങി. 

സ്വപ്നം കണ്ട നാളുകൾ, കഷ്ടപ്പാടുകളുടെയും
കോളജിലെ സുഹൃത്തുക്കളുടെ ഭാഷയിൽ പറഞ്ഞാൽ സേതു രാമൻ രാവിലെ എഴുന്നേൽക്കുന്നത് സിവിൽ സർവീസ് എന്നു പറഞ്ഞുകൊണ്ടായിരുന്നു. കിടക്കുമ്പോഴും സിവിൽ സർവീസ്. ഓരോ ശ്വാസത്തിലും സിവിൽ സർവീസ് എന്നു പറഞ്ഞാലും തെറ്റില്ല. ഒരേയൊരു ലക്ഷ്യം സിവിൽ സർവീസ്.

കഷ്ടപ്പാടിന്റെ കയ്പ് നന്നായറിഞ്ഞിട്ടുണ്ട് സേതുരാമൻ. പലപ്പോഴും ഫീസടയ്ക്കാൻ പോലും പണമില്ലാതെ അച്ഛൻ കഷ്ടപ്പെടുന്നത് അനുഭവിച്ചിട്ടുണ്ട്. അച്ഛനെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന തീരുമാനത്തിൽ വിദ്യാഭ്യാസ ലോൺ എടുക്കാൻ തീരുമാനിച്ചു. 1999 ൽ മൂന്നു പ്രധാന ബാങ്കുകളെ  സേതു സമീപിച്ചു. ബയോഡേറ്റയിലെ തോട്ടം തൊഴിലാളിയുടെ മകൻ  എന്ന കോളം കണ്ടതോടെ പലരും നെറ്റി ചുളിച്ചു. പോരാത്തതിന് പയ്യൻ പഠിക്കാൻ പോകുന്നത് സിവിൽ സർവീസും! ആരും സഹായിച്ചില്ല. അതേസമയം പ്രഫഷണൽ കോഴ്സ് ആയിരുന്നെങ്കിൽ ലോൺ ലഭിക്കുമായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ കഷ്ടപ്പെട്ട ദിവസങ്ങൾ. തോട്ടം തൊഴിലാളികളായതിനാൽ സ്വന്തമായ ഭൂമിയും ഇല്ലായിരുന്നു പണയം വയ്ക്കാൻ. പല നല്ല മനസ്സുകളുടെയും സഹായം കൊണ്ടാണ്  പഠനം പൂ‍ർത്തീകരിക്കാനായത്. പഠനത്തോടൊപ്പം പണം കണ്ടെത്തുന്നതിനായി ബ്രില്യന്റ് കോളജിലും തൃശൂരിലെ പിസി തോമസ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിപ്പിക്കാൻ പോയി. തൃശൂരിൽ ഒരു ദിവസം 500 രൂപ കിട്ടുമായിരുന്നു. അന്ന് അത് വലിയ തുകയായിരുന്നു.

ഹോസ്റ്റലിൽ നിന്നുള്ള പഠനം ശരിയാകാതെ വന്നതിനാൽ പുറത്തു താമസിച്ചാണു പഠിച്ചിരുന്നത്. തിരുവനന്തപുരത്തെ ജവഹർ നഗറിലെ നാണുപിള്ള സാറിന്റെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടായിരുന്നു താമസം. സാറിന്റെ സഹായവും കരുതലും മറക്കാനാവില്ലെന്നും സേതുരാമൻ പറയുന്നു. 

അവസാന ഇന്റർവ്യൂ
എഴുതിയെഴുതി തഴക്കം ചെന്നിരുന്നു അപ്പോഴേക്കും. പണ്ടെങ്ങുമില്ലാതിരുന്ന ആത്മവിശ്വാസം കൂട്ടിനെത്തി. ഇന്റർവ്യൂ ബോർഡിന് മുമ്പിലെത്തിയപ്പോൾ പതിവുപോലെ അൽപ്പം ടെൻഷൻ. 2001 ൽ സിവിൽ സർവീസിന്റെ പ്രിലിമിനറിയും മെയിനും കടന്ന് സേതുരാമൻ ഇന്റർവ്യൂ ബോർഡിന്റെ മുന്നി ലെത്തിയതാണ്. ചോദ്യങ്ങള്‍ വളരെ സിംപിളായിരുന്നു. ഛത്തിസ്ഗഢ് മുഖ്യമന്ത്രിയാര്, ഉത്തരാഞ്ചൽ മുഖ്യമന്ത്രിയാര്..? അന്നത് അജിത് ജോഗിയും നിത്യാനന്ദ സ്വാമിയും ആയിരുന്നെന്ന് സേതുരാമന് അറിയാമായിരുന്നു. പക്ഷേ വലിയൊരു തസ്തികയിലേക്ക് പ്രവേശനം നൽകാനുള്ള വലിയൊരു ഇന്റർവ്യൂ എന്നത് സേതുരാമന്റെ മുന്നിൽ വലിയൊരു നിഴലായിത്തന്നെ നിന്നു. സേതുരാമൻ എല്ലാം മറന്നു.

ഇത്തവണ പതറില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നു. മനസ്സ് പിടിച്ചിടത്തു തന്നെ നിന്നു. 800, 1500, 5000 മീറ്റർ മല്‍സരങ്ങളിൽ വിജയിച്ച് യൂണിവേഴ്സിറ്റി കോളജിലെ വ്യക്തിഗത ചാംപ്യനായിരുന്നു സേതുരാമൻ. സ്കൂൾ പഠനകാലത്ത് ക്രോസ് കൺട്രിയിലും തിളങ്ങി. ഹ്രസ്വദൂര ഇനങ്ങളിലേക്ക് എന്താണ് തിരിയാത്തത് എന്നായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം. ദീർഘദൂര മൽസരങ്ങൾക്കായി പരിശീലനം നടത്തുന്ന ആളുടെ ശരീരപ്രകൃതി സ്പ്രിന്റ് ഇനങ്ങൾക്കു പറ്റില്ലെന്നായിരുന്നു സേതുരാമന്റെ മറുപടി.

തുടർന്ന് ധനതത്വശാസ്ത്രത്തിൽ നിന്നായി ചോദ്യങ്ങൾ. റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കാൻ കാരണമെന്ത്?, ലോകവ്യാപാര സംഘടനയുടെ കരാർ വികസ്വര രാജ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നിങ്ങനെ. തുടർന്ന് കേരളത്തിലെ  നഴ്സുമാരെക്കുറിച്ചായി ചോദ്യം. എവിടെച്ചെന്നാലും അവരെയാണല്ലോ കാണുന്നത്? സ്ത്രീസാക്ഷരതയും സ്ത്രീ ശാക്തീകരണവും മാന്യതയുള്ള ജോലിയെന്ന ഇപ്പോഴത്തെ പരിഗണനയും ഒക്കെ കാരണങ്ങളായി സേതുരാമൻ ചൂണ്ടിക്കാട്ടി. 

ഹാർഡ് വർക്ക് അല്ല സ്മാർട്ട് വർക്ക്
∙നല്ല സ്കൂളും കോളജും തിര‍ഞ്ഞെടുക്കുക. കുട്ടികളുടെ മനോഭാവവും കാഴ്ചപ്പാടും വളർത്തിയെടുക്കുന്നതിൽ സ്കൂളുകൾക്കും കോളജുകൾക്കും വലിയ പങ്കുണ്ട്. കുട്ടികളെ റാങ്കുകൾക്കു വേണ്ടി വളർത്തിയെടുക്കുന്ന സ്കൂളുകളും കോളജുകളുമല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് കുട്ടികളെ നല്ല കുട്ടികളായി വളർത്തിയെടുക്കുന്ന വിദ്യാലയങ്ങളാണ് തിര‍ഞ്ഞെടുക്കേണ്ടത്. 

∙പഠിക്കുന്ന കാര്യങ്ങളുടെ കുറിപ്പുകൾ കൃത്യമായി സൂക്ഷിക്കുക. ഭാവിയിൽ റിവിഷന് അത് സഹായിക്കും. അത് ചെറിയ പ്രായത്തിൽ തന്നെ ശീലമാക്കുന്നത് നന്നായിരിക്കും. ഇതിന് അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്.

∙രണ്ടു പത്രങ്ങളെങ്കിലും വായിക്കുന്നത് ദിനചര്യയാക്കുക. ഒരെണ്ണം ഇംഗ്ലീഷും ഒരെണ്ണം മലയാളവും ആക്കുന്നത് നന്ന്. നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിയാനും വിലയിരുത്താനും മലയാളപത്രങ്ങളുടെ വായന നിർബന്ധമാണ്. നമുക്ക് താൽപ്പര്യമില്ലാത്ത വിഷയങ്ങളും വായിക്കണം. 

∙ഒരു വിഷയത്തിൽ പല തരത്തിലുള്ള വിശകലനങ്ങൾ ശ്രദ്ധിക്കുക. ശരിയും തെറ്റുമേതെന്ന് സ്വന്തമായി നിഗമനത്തിലെത്തുക. പത്രങ്ങളും മാഗസിനുകളും ടെലിവിഷൻ ചർച്ചകളുമെല്ലാം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തണം.

∙ സംഘ ചർച്ചയ്ക്കായി നല്ലൊരു സുഹൃദ് സംഘത്തെ രൂപപ്പെടുത്തുക. പല പുതിയ അറിവുകളും വിവരങ്ങളും ഇങ്ങനെയുള്ള സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. അക്കാദമിക് കാര്യങ്ങൾക്കു മാത്രമല്ല, നമ്മുടെ ആത്മവിശ്വാസമുയർത്താനും ഇത്തരം സൗഹൃദങ്ങൾ സഹായിക്കും.

∙എല്ലാം വായിക്കാൻ നിൽക്കാതെ വായിക്കേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുക. സമയം വളരെ പ്രധാനമാണ്. കിട്ടിയതു മുഴുവൻ വായിക്കുന്നത് സമയനഷ്ടത്തിന് ഇടയാക്കും. 

∙സ്വന്തം ഇല്ലായ്മകൾ പോരാട്ടത്തിനുള്ള ഊർജമാക്കാൻ ശ്രമിക്കുക. എല്ലാം തികഞ്ഞവരായിട്ടല്ല. എല്ലാവരും ജനിക്കുന്നതും വളരുന്നതും. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽ നിന്നു പോലും ഉന്നതനിലയിലെത്തിയ എത്രയോ പേരുണ്ടെന്ന് തിരിച്ചറിയുക.

∙ എനിക്ക് കഴിയും എന്നു മനസ്സിനെ വിശ്വസിപ്പിക്കുക. എന്നിട്ട് പരീക്ഷയ്ക്കും അഭിമുഖത്തിനും തയാറെടുക്കുക. ആത്മവിശ്വാസമാണ് ഒരാളുടെ ഏറ്റവും വലിയ കരുത്ത്.

∙പല തവണ പരീക്ഷ എഴുതി ഊഴം പാഴാക്കാതെ കഴിയുന്നത്ര തയാറെടുത്ത ശേഷം പരീക്ഷ എഴുതുക. പഴയ ചോദ്യ പേപ്പറുകളും മറ്റും ഉപയോഗിച്ച് സ്വയം പരിശീലനം നടത്തി നോക്കുക. എനിക്കു കഴിയും എന്നുറപ്പു വന്നാൽ പിന്നെ ധൈര്യമായി പരീക്ഷയ്ക്കു പോകുക. 

∙‘ഹാര്‍ഡ് വർക്ക്’ അല്ല, ‘സ്മാർട്ട് വർക്ക്’ ആണ് സിവിൽ സർവീസ് വിജയത്തിന് അടിസ്ഥാനം.

കടപ്പാട്
സിവിൽ സർവീസ് വിജയഗാഥകൾ
മഹേഷ് ഗുപ്തൻ
മനോരമ ബുക്സ്

Order Book>>