പ്രവാസം പതിയെ നിലയ്ക്കുന്നു; ഇന്ത്യക്കാര്‍ നാട്ടിലേക്ക്

തൊഴിലിനായി കരയും കടലും കടന്നു പോകാന്‍ മടിയില്ലാത്തവരാണ് ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും. മണലാരണ്യങ്ങളിലും മഞ്ഞുപുതച്ച ഹിമപ്രദേശങ്ങളിലും ഇരുണ്ട ഭൂഖണ്ഡത്തിലുമെല്ലാം നമ്മുടെ നാട്ടുകാര്‍ തൊഴില്‍ തേടി ചെന്നെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ അക്കരപ്പച്ച തേടിയുള്ള ഈ പോക്കിന്റെ ഗതിവേഗം കുറഞ്ഞിട്ടുള്ളതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. 

തൊഴില്‍ വെബ്‌സൈറ്റായ ഇന്‍ഡീഡിന്റെ കണക്കുകള്‍ പ്രകാരം തൊഴില്‍ അന്വേഷിച്ച് പുറം നാടുകളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 5 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ തന്നെ അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ യഥാക്രമം 38 ശതമാനത്തിന്റെയും 42 ശതമാനത്തിന്റെയും കുറവുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്താകലുമാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതുന്നു. 

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നോക്കുന്നവരുടെ എണ്ണത്തിലും 21 ശതമാനത്തിന്റെ കുറവുണ്ടായി. എണ്ണ വിലയിലുണ്ടായ കുറവും, പശ്ചിമേഷ്യയിലെ സാമ്പത്തിക മെല്ലപ്പോക്കും സ്വദേശീവത്ക്കരണവുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതാണ് പുതിയ ട്രെന്‍ഡെന്നും പഠനം പറയുന്നു. ഇന്ത്യയില്‍ തൊഴിലിനായി അപേക്ഷിക്കുന്ന യുകെയില്‍ താമസമാക്കിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെട്ട ഏഷ്യ പസഫിക് മേഖലയിലുള്ള പ്രവാസികളുടെ എണ്ണത്തില്‍ 170 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ഈ മനോഭാവം പുറം രാജ്യങ്ങളിലേക്ക് പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ടെന്ന് വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ് വരുന്നുണ്ട്.