Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർവ്യൂകളിൽ നിങ്ങൾക്കും വിജയിക്കാം

Interview

ഉദ്യോഗാർഥികളെ ഇന്റർവ്യൂവിനു ക്ഷണിക്കുന്നത് കേവലം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു വേണ്ടി മാത്രമല്ല അവരുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളെ വിശകലനം ചെയ്ത് പ്രസ്തുത തൊഴിലിന് എത്രമാത്രം അനുയോജ്യരാണ് അവരെന്ന് കണ്ടെത്തുന്നതിനുകൂടിയാണെന്ന് നമുക്കറിയാം. അതു കൊണ്ടു തന്നെ ആധുനിക രീതിയിലുള്ള അഭിമുഖങ്ങളിൽ വ്യക്തിത്വത്തിന്റെ മുഖ്യ ഘടകമായ ശരീരഭാഷയെ അവഗണിക്കാനാവില്ല. ശരീരഭാഷയിലുള്ള അറിവും അതു പ്രയോഗവൽക്കരിക്കാനുള്ള കഴിവും സർവതോമുഖ വ്യക്തിത്വത്തിന് മാറ്റു കൂട്ടുന്നു. തൊഴിൽ സംബന്ധമായ അഭിമുഖങ്ങളിൽ ശരീര ഭാഷയ്ക്കുള്ള പ്രാധാന്യത്തെയും പ്രസക്തിയെക്കുറിച്ചും നമുക്ക് വിശദമായി ചർച്ച ചെയ്യാം. 

വിദ്യാഭ്യാസയോഗ്യതകളെക്കുറിച്ചും മുൻപരിചയത്തെക്കുറിച്ചു മെല്ലാം നമുക്ക് വാക്കുകളിലൂടെ വിശദീകരിക്കാം. അതു പോലെ ഇന്റർവ്യൂ ബോർഡംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വിഷയത്തിലുള്ള നമ്മുടെ അവഗാഹം വെളിപ്പെടുത്താനും വാഗ്വൈഭവം ഉപയോഗപ്പെടുത്താം. എന്നാൽ വാക്കുകളൊടൊപ്പമോ അല്ലാതെയോ ശരീരഭാഷയിലൂടെ മാത്രം നമ്മെക്കുറിച്ചുള്ള ഒരു പാടു വിവരങ്ങൾ നാമറിയാതെ വെളിപ്പെടുന്നുണ്ട്. ഇന്റർവ്യൂ ചെയ്യപ്പെടുന്നയാൾ ശാന്തപ്രകൃതക്കാരനോ അതോ ക്ഷോഭിക്കുന്ന സ്വഭാവക്കാരനോ, പെട്ടെന്ന് മാനസിക സമ്മർദങ്ങൾക്ക് അടിമപ്പെടുന്ന ആളാണോ അതോ പ്രശ്നങ്ങളെ നിശ്ചയദാർ‍ഢ്യത്തോടെ നേരിടാൻ കെൽപ്പുള്ളവനാണോ, ദോഷൈകദൃക്കോ ശുഭാപ്തിവിശ്വാസിയോ, ആളുകളുമായി ഇണങ്ങിപ്പോകുന്ന പ്രകൃതക്കാരനോ അതോ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ താൽപര്യപ്പെടുന്നവനോ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ശരീരഭാഷയിലൂടെ മാത്രം സമർഥനായ ഒരു ബോർ‌ഡംഗത്തിന് ഊഹിച്ചെടുക്കാനാകും.

നിങ്ങൾ എന്തു പറയുന്നു?
ഇന്റർവ്യൂവിൽ ഉദ്യോഗാർഥി എന്തു പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ പറയുന്നുവെന്നതും. ആദ്യത്തെ മതിപ്പ് (First impression) രൂപപ്പെടുത്തുന്നതിൽ ശരീരഭാഷയ്ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ട്. ശരീരഭാഷയുടെ നിയന്ത്രണം മുഖ്യമായും ബോധമനസ്സിനെക്കാളുപരി ഉപബോധമനസ്സി നാണ്. എന്നിരുന്നാലും സ്വന്തം ശരീരഭാഷയെക്കുറിച്ച് ബോധ പൂർവം സൃഷ്ടിച്ചെടുക്കുന്ന അവബോധവും മറ്റുള്ളവരുടെ ശരീരഭാഷ നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനുമുള്ള പാടവവും ഇന്റര്‍വ്യൂകളിൽ മാത്രമല്ല ജീവിതത്തിന്റെ നാനാതുറകളിലും നമ്മുടെ വിജയസാധ്യത വർധിപ്പിക്കുന്നു. 

ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെല്ലാം ശരീരഭാഷയിൽ വ്യവസ്ഥാപിതമായ പരിശീലനം സിദ്ധിച്ചവരായിക്കൊള്ളണമെന്നില്ല. എന്നിരിക്കിലും ഉദ്യോഗാർഥികളുടെ അംഗവിക്ഷേപങ്ങളും ഇതര ശാരീരിക ചേഷ്ടകളും ദീർഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തി അവരുടെ മനസ്സുവായിക്കാൻ പ്രാവീണ്യമുള്ളവരായിരിക്കാം അവർ. മറ്റുള്ളവരുടെ ശരീരഭാഷ ഗ്രഹിക്കാനും അറിഞ്ഞു പ്രതികരിക്കാനുമുള്ള കഴിവ് വ്യക്തിഗതമായ ഏറ്റക്കുറച്ചിലുകളോടെ നമുക്കോരോരുത്തര്‍ക്കും ജന്മസിദ്ധമാണെന്നും അത് അബോധതലത്തിൽ സ്വയമേ സംഭവിക്കുന്നതാണെന്നും ശരീരഭാഷാ വിദഗ്ധർ പറയുന്നു. 

സമയം നിങ്ങൾക്ക് പ്രധാനമോ?
ഇന്റര്‍വ്യൂവിനു പോകുമ്പോൾ സമയനിഷ്ഠ പാലിക്കുകയെന്നതിൽ അതിപ്രധാനമായ ഒരു നോൺവെർബൽ സൂചനയുണ്ട്; നിങ്ങൾ അതിനെ എത്രമാത്രം ഗൗരവത്തിലെടുക്കുന്നുവെന്നത്. ഇന്റര്‍വ്യൂ അല്ലേ, ഒന്നു പോയി നോക്കിക്കളയാം എന്ന മനോഭാവത്തോടുകൂടിയുള്ള ഒരു പോക്കിൽ സമയനിഷ്ഠയ്ക്കു പ്രസക്തിയില്ലല്ലോ. അതുകൊണ്ടു തന്നെ ഒരു തോഴിൽ ദാതാവും സമയത്തോടുള്ള അവഗണനയെ വച്ചു പൊറുപ്പിക്കുകയുമില്ല. ബസ് താമസിച്ചു പോയി, ട്രെയിൻ കിട്ടിയില്ല എന്നുള്ളതെല്ലാം മുടന്തൻ ന്യായങ്ങളാണ്. ഇന്റർവ്യൂവിന് ഒരു നിമിഷമെങ്കിലും താമസിച്ചെത്തുന്നതിലും ഭേദം വളരെ നേരത്തേ തന്നെ എത്തുന്നതാണ്. ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും നേരത്തെ സ്ഥലത്തെത്തിയിരിക്കണം. 

അഭിമുഖത്തിന്റെ ആദ്യഘട്ടം
സ്ഥലത്തെത്തി റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ സ്വാഭാവികമായും നിങ്ങളോട് അല്പസമയം ഇരിക്കാൻ പറയും; തുടർന്ന് ഇന്റര്‍വ്യൂ നടക്കുന്ന ഹാളിലേക്ക് ആരെങ്കിലും കൂട്ടിക്കൊണ്ടു പോകുന്നതുവരെ. ഇന്റര്‍വ്യൂ ഹാളിൽ പ്രവേശിക്കുന്ന നിമിഷം മുതൽ തന്നെ ശരീരഭാഷ നിങ്ങളുടെ യഥാർഥ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്ന സിഗ്നലുകൾ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടായിരിക്കും. നട്ടെല്ലു വളയാതെ തലയുയർത്തി ചെറുപുഞ്ചിരിയോടെയും ഉറച്ച കാൽ വയ്പ്പുകളോടെയുമുള്ള പ്രവേശനം. നിങ്ങളുടെ ആത്മവിശ്വാസത്തെയും ഉറച്ച നിലപാടിനെയും വിളംബരം ചെയ്യുന്നു. മറിച്ച് തല താഴ്ത്തി കുനിഞ്ഞു തൂങ്ങിയ ചുമലുകളോടെയും പതറിയ കാൽവയ്പ്പുകളോടുകൂടിയുമാണ് പ്രവേശനമെങ്കിൽ അത് അപകർഷതയുടെയും ചുറുചുറുക്കില്ലായ്മയുടെയും പ്രകടനമായിട്ടായിരിക്കും വിലയിരുത്തപ്പെടുക. നടക്കുമ്പോഴായാലും ഇരിക്കുമ്പോഴായാലും ചുമലുകളുടെയും തലയുടെയും കഴുത്തിന്റെയും അവസ്ഥ അതതു സമയങ്ങളിലെ മാനസികാവസ്ഥകളെ കൃത്യമായി പ്രതിഫലിപ്പിക്കും. അതുപോലെ തന്നെയാണ് ഹസ്തദാനരീതിയും. അതു നമ്മുടെ വൈകാരികാവസ്ഥകളോടൊപ്പം തന്നെ അപരനോടുള്ള മനോഭാവത്തെക്കൂടി പ്രകടമാക്കുന്നുവെന്നോർക്കുക.

ഹാളിലേക്കു പ്രവേശിക്കുമ്പോൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമടങ്ങിയ ഫയലുകൾ സ്ത്രീകളാണെങ്കിൽ മാറത്തടുക്കിപ്പിടിക്കുന്നതിൽ തെറ്റില്ല. പക്ഷേ, പുരുഷന്മാർ ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. പകരം ഇടതു കയ്യിൽ സാധാരണ രീതിയിൽ പിടിക്കാം. വലതുകൈ അഭിവാദ്യം ചെയ്യാൻ സ്വതന്ത്രമായിരിക്കണമെന്നതിനാലാണ് ഫയൽ ഇടതുകയ്യിലാണു പിടിക്കേണ്ടതെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നത്. 

അല്പം ക്ഷമിക്കൂ, അവരാദ്യം കൈ തരട്ടെ
ഹാളിലെത്തിക്കഴിഞ്ഞാൽ ഉടൻതന്നെ ചാടിക്കയറി ബോർഡംഗങ്ങളെ ഹസ്തദാനം ചെയ്യാൻ മിനക്കെടരുത്. അവർ തന്നെ മുൻകൈയെടുക്കട്ടെ. ആരെങ്കിലുമൊരാൾ നിങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിച്ച് മറ്റുള്ളവരെ ഒന്നൊന്നായി പരിചയപ്പെടുത്തിയേക്കാം. ഹസ്തദാനം ചെയ്യുമ്പോൾ ഒരിക്കലും കൈ അയച്ചിടരുത്. അല്പം മുറുകെത്തന്നെ പിടിക്കുകയും നോട്ടം അപരന്റെ പുരികങ്ങൾക്കു മേലെ നെറ്റിയുടെ മധ്യത്തിൽ പതിക്കാൻ ശ്രദ്ധിക്കുകയും വേണം. ശേഷം കൈവിടുന്നതുവരെ യാതൊരു കാരണവശാലും നോട്ടം പിൻവലിക്കുകയുമരുത്. പരിചയപ്പെടുന്ന സമയത്ത് ഹാളിലെ ഫർണിച്ചറുകളുടെ സംവിധാനം അനുവദിക്കുമെങ്കിൽ ഡെസ്ക്കിനു കുറുകെ മുന്നോട്ടാഞ്ഞു നിൽക്കുന്നതിനു പകരം വശത്തുകൂടി ചെന്ന് ബോർഡംഗങ്ങള്‍ ഓരോരുത്തർക്കായി  കൈകൊടുക്കുന്നതായിരിക്കും നല്ലത്. പക്ഷേ, ഹസ്തദാനത്തിനു  മുൻകയ്യെടുക്കുന്നത് നിങ്ങളാവരുത്. ആധുനിക ഇന്റര്‍വ്യൂകളില്‍ ബോർഡംഗങ്ങള്‍ തന്നെ സാധാരണഗതിയിൽ ഹസ്തദാനത്തിനു മുൻകയ്യെടുക്കാറുണ്ട്. അത്തരമൊരു സമീപനം അവരിൽ നിന്നു കാണാത്തപക്ഷം പുഞ്ചിരിയോടുകൂടി ഒരു തലകുനിക്കലിൽ സംഗതി ഒതുക്കുന്നതാകും ബുദ്ധി– സ്ത്രീകളാകുമ്പോൾ പ്രത്യേകിച്ചും.

ഇന്ത്യൻ സാഹചര്യങ്ങളിൽ ബോർഡംഗങ്ങളും ഇന്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തികളും പരസ്പരം എതിർലിംഗത്തിൽപ്പെട്ടവരാണെങ്കിൽ ഹസ്തദാനം ചെയ്യുന്നതിൽ പരിമിതികളുണ്ടായേക്കാം. അത്തരം സാഹചര്യങ്ങളിൽ അന്തസ്സോടെയുള്ള ഒരു തലകുനിക്കലിൽ കാര്യമവസാനിപ്പിക്കാം. പക്ഷേ അഭിവാദ്യത്തിനായുള്ള തലകുനിക്കലിൽ മുന്നിലുള്ള വ്യക്തിയുടെ മുഖത്തുനിന്ന് നോട്ടം വ്യതിചലിച്ച് നിലത്തേക്കാകാത്ത വിധത്തിലാകാൻ ശ്രദ്ധിക്കണം. ഫയലോ ബ്രീഫ് കേസോ കയ്യിലുള്ള അവസ്ഥയില്‍ കൈകൂപ്പി അഭിവാദ്യം ചെയ്യാൻ ശ്രമിക്കുന്നത് അഭംഗിയായിരിക്കും. 

ഇരിപ്പിടം തിരഞ്ഞെടുക്കൽ
പരിചയപ്പെടലിനു ശേഷം നിങ്ങൾക്കിരിക്കാൻ ഒരു സീറ്റ് അംഗങ്ങളിലാരെങ്കിലും ചൂണ്ടിക്കാണിച്ചുതന്നെന്നിരിക്കും. (അപൂർവമായി ഹസ്തദാനവും പരിചയപ്പെടലുമെല്ലാം ഇരുന്നതിനു ശേഷവുമായേക്കാം). ഇനി അങ്ങനെ അല്ല എങ്കിൽ ഇന്റർവ്യൂ ചെയ്യുന്നവരെ നിങ്ങൾക്കും അവർക്കു നിങ്ങളെയും വ്യക്ത മായി കാണുന്ന സ്ഥാനത്തുള്ള ഒരു ഇരിപ്പിടം നോക്കി അതിൽ വേണം ഇരിക്കാൻ. ഇരുന്നു കഴിഞ്ഞാൽ കയ്യിലുള്ളത് ഫയലാണെങ്കിൽ അതു പെട്ടെന്നു  തുറക്കാനും ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകളും മറ്റും ഞൊടിയിടയിൽ എടുത്തു കൊടുക്കാനും പറ്റിയ വിധത്തിൽ മേശപ്പുറത്തു വയ്ക്കാം. ബ്രീഫ് കേസാണ് കയ്യിലുള്ളതെങ്കില്‍ ഇരിപ്പിടത്തിന്റെ വലതു ഭാഗത്തു വയ്ക്കാം. ബോർഡംഗങ്ങള്‍ എന്തെങ്കിലും രേഖകൾ ആവശ്യപ്പെടുമ്പോൾ എടുക്കുന്നതിനുവേണ്ടിയല്ലാതെ മുൻ കൂട്ടി ബ്രീഫ് കേസ് മേശപ്പുറത്തു വയ്ക്കുന്നതോ മടിയിൽ വച്ച് കെട്ടിപ്പിടിച്ചിരിക്കുന്നതോ അഭികാമ്യമല്ല. നിങ്ങൾക്കും ബോർഡംഗങ്ങള്‍ക്കുമിടയിൽ ബ്രീഫ് കേസു പോലുള്ള വസ്തുക്കൾ വയ്ക്കുന്നത് മാനസികമായ ഒരു വേലിക്കെട്ടിനു തുല്യമായിരിക്കും. 

ഇരിക്കേണ്ട വിധം
വളരെ താൽപര്യത്തോടുകൂടിയാണ് ഇരുക്കുന്നതെന്നു തോന്നത്തക്കവിധത്തിലുളള ഒരു പോസിലായിരിക്കണം നിങ്ങളുടെ ഇരിപ്പ് ഇന്റർവ്യൂവിന്റെ ആരംഭത്തിൽ നട്ടെല്ലു വളയാതെ നിവർന്നിരിക്കാൻ ശ്രദ്ധിക്കണം. ഇന്റര്‍വ്യൂ ബോർഡിനു മുമ്പിൽ കസേരയുടെ ചാരുപടിയിൽ കുശാലായി ചാഞ്ഞിരിക്കുന്നത് കടുത്ത അപമര്യാദയാണ്. പാദങ്ങൾ നിലത്തു പതിച്ചു വെച്ചോ മടമ്പുകളുടെ ഭാഗം കൂട്ടിക്കൊളുത്തിയോ ഇരിക്കാം. കസേരയുടെ ഒരു വശത്തേക്ക് ചാഞ്ഞോ ചെരി ഞ്ഞോ ഇരിക്കുന്നതും മോശപ്പെട്ട മതിപ്പുളവാക്കുമെന്നോർക്കുക. അതുപോലെതന്നെ കസേരയുടെ വക്കത്തുള്ള ഇരിപ്പ് പരിഭ്രമത്തിന്റെയോ ഇരിക്കപ്പൊറുതിയില്ലായ്മയുടെയോ സൂചനയാണ് നൽകുക. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>