Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടർന്ന കണ്ണുകളോടെയാണോ അവർ നിങ്ങളെ കേട്ടത്?

Body Language

അവനവന്റെ ശരീരഭാഷയിൽ ശ്രദ്ധിക്കേണ്ടതു പോലെ തന്നെ പ്രധാനമാണു ബോർഡംഗങ്ങളുടെ ശരീരഭാഷയെ നിരീക്ഷിച്ചു കൊണ്ടിരിക്കൽ. അതു നിങ്ങളുടെ പ്രകടനം ഏതു വിധത്തിലുള്ള പ്രതികരണമാണ് അവരിലുളവാക്കുന്നതെന്നു മനസ്സി ലാക്കാൻ സഹായകമാകുമെന്നതു മാത്രമല്ല അതിനനുസരിച്ച് നിങ്ങളുടെ ശരീരഭാഷയിലും വാക്കുകളിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുവാനാവശ്യമായ സൂചനകൾ നൽകുക കൂടി ചെയ്യുന്നു. 

പെരുവിരലും ചൂണ്ടുവിരലുമൊഴിച്ച് മറ്റു വിരലുകളെല്ലാം മടക്കി കൈ കവിളിനോടു ചേർത്തുള്ള ബോർഡംഗത്തിന്റെ ഇരിപ്പ് സജീവമായ താൽപര്യത്തിന്റെ ലക്ഷണമാണ്. ഇതേ ഇരിപ്പ് തല ഒരു വശത്തേക്ക് അല്പം ചെരിച്ച് പിടിച്ച് അല്പം മുന്നോട്ടു കുനിച്ചു കൊണ്ടാണെങ്കിൽ അതു വിമർശനബുദ്ധ്യാ ഉളള താൽപര്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ മുഖം പൂർണമായും താടിയിൽ താങ്ങിയുള്ള ഇരിപ്പ് മടുപ്പിന്റെ ലക്ഷണമാണ്. 

വിശ്വസിക്കുന്നോ ഇല്ലയോ?
ബോർഡംഗം വിരൽ കൊണ്ട് ചുണ്ടുകള്‍ മറച്ചുപിടിക്കുന്നുവെങ്കിൽ അത് ഉദ്യോഗാർഥിയുടെ വാക്കുകളിലുള്ള അവിശ്വാ സത്തെ സൂചിപ്പിക്കുന്നു. ഈ ഇരിപ്പ് അല്പം വിടർന്ന കണ്ണുകളോടെയാണെങ്കില്‍ അവിശ്വാസം അതിന്റെ പാരമ്യത്തിലാണെന്നു കരുതാം. താടി തടവലും ഉഴിയലും വിമർശന ബുദ്ധിയോടെയുള്ള വിലയിരുത്തലിന്റെ സൂചനയാണ്. 

ഇരുകൈകളിലെയും പെരുവിരലടക്കമുള്ള വിരലുകളുടെ അഗ്രങ്ങൾ ചേർത്തമർത്തി ഗോപുരാകൃതിയില്‍ മുകളിലേക്ക് ഉയർത്തിപ്പിടിച്ചുള്ള  ഇരിപ്പ് ആത്മവിശ്വാസത്തിന്റെയും അധീശത്വ മനോഭാവത്തിന്റെയും സൂചനയെന്നപോലെ തന്നെ ഫലപ്രദമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു കഴിയുമ്പോഴുണ്ടാകുന്ന സംതൃപ്തിയുടെ സൂചന കൂടിയാവാം. ചില സാഹചര്യങ്ങളിൽ അനുനയമനോഭാവത്തിന്റെ സൂചനയായും ഈ ആംഗ്യം പ്രത്യക്ഷപ്പെടാറുണ്ട്. കസേരയിൽ ഒന്നുകൂടി അമർന്നിരിക്കൽ, കറങ്ങുന്ന കസേരയാണെങ്കിൽ അല്പം പുറകിലേക്കു നിരക്കിനീക്കൽ എന്നിവ അതൃപ്തി, ദേഷ്യം, താൽപര്യരാഹിത്യം, മുഷിപ്പ് എന്നിവയുടെ പ്രകടനമാകാം. സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് നോട്ടം പിൻവലിക്കൽ മേശപ്പുറത്തുള്ള കടലാസുകൾ, ഫയലുകൾ തുടങ്ങിയവ ഒതുക്കിവയ്ക്കൽ, കണ്ണടയൂരി മേശപ്പുറത്തേക്കിടൽ, താടി കൊണ്ട് താങ്ങിയുള്ള ഇരിപ്പ് തുടങ്ങിയവ ഉടൻ അഭിമുഖം അവസാനിപ്പിക്കാനാഗ്രഹഗിക്കുന്നുവെന്നതിന്റെ സൂചനകളാണ്. 

ഇന്റർവ്യൂ ആരംഭിച്ച് അല്പം മുന്നേറിക്കഴിഞ്ഞാൽ പിന്നീട് ഇരിപ്പിന്റെ പോസിൽ ചെറിയ നീക്കുപോക്കുകളൊക്കെ ആകാം. ഉദാഹരണത്തിന് ബോർഡംഗങ്ങൾ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുമ്പോൾ അവർക്കു നേരെ ചുമൽ തിരിക്കുകയോ അല്പം മുന്നോട്ടാഞ്ഞിരിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല. കാരണം അത് അവരുടെ വാക്കുകളിൽ നിങ്ങൾക്കുള്ള താൽപര്യത്തെയാണ്  കാണിക്കുന്നത്. തല ഒരു വശത്തേക്ക് അല്പം ചെരിച്ചു പിടിക്കുന്നതും താൽപര്യ ത്തിന്റെ സൂചനയാണ്. 

സംസാരിക്കുമ്പോൾ മിതമായ തോതിൽ തല ചലിപ്പിക്കുന്നത് വാക്കുകൾക്ക് ഊന്നലും അർഥവ്യാപ്തിയും നൽകുന്നു. അതു പോലെ തന്നെയാണ് കൈകൾകൊണ്ടുള്ള ആംഗ്യങ്ങളും. നിയന്ത്രിതമായ രീതിയിലുള്ള കൈ ആംഗ്യങ്ങൾ ആത്മവിശ്വാസത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പ്രതിഫലനമാണ്. എന്നിരുന്നാലും ഇന്റർവ്യൂവിന്റെ തുടക്കത്തിൽ കൈ ആംഗ്യ ങ്ങൾ പതുക്കെപ്പതുക്കെ സജീവമാക്കുന്നതുമാണ് നല്ലത്. ഇന്റർവ്യൂ ചെയ്യുന്ന ആൾ അംഗവിക്ഷേപങ്ങളോടെ സംസാരിക്കുന്ന ആളാണെങ്കിൽ അതു പോലെ തന്നെ നിങ്ങൾക്കു മാകാം; പരിധി വിടരുതെന്നു മാത്രം. 

കാലുകൾ വിറപ്പിക്കുക, പാദങ്ങൾ ക്രമരഹിതമായി ചലിപ്പിക്കുക, അറിയാതെ മേശയുടെ കാലിൽ തട്ടിപ്പോകുക തുടങ്ങിയവ മറ്റുള്ളവരിൽ സാരമായ അസ്വസ്ഥതയുണ്ടാക്കും. 

ഇന്റർവ്യൂ ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന പരിഭ്രമത്തിൽ കൈ കൊണ്ടെന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നറിയാതെ കുഴങ്ങിപ്പോകുന്ന ഒരവസ്ഥ സംജാതമാകാൻ സാധ്യതയുണ്ട്; മികച്ച ഒരു ആശയ വിനിമയോപാധി എന്നതിനുപകരം കൈ കൾ ഒരു അധികപ്പറ്റായി തോന്നുന്ന അവസ്ഥ! ഈ പ്രശ്നം തരണം ചെയ്യാൻ ചിലർ മാറത്തു കൈകെട്ടി ഇരുന്നു കളയും. ഇങ്ങനെയുള്ള ഇരിപ്പ് നേരിയ സുരക്ഷിതത്വബോധം പ്രദാനം ചെയ്യുമെന്നതു ശരിയാണെങ്കിലും ഇന്റർവ്യൂ സാഹചര്യങ്ങളി ൽ ഒട്ടും അഭികാമ്യമല്ല. കാരണം, കൈകെട്ടൽ ഒരു പ്രതിരോധ ആംഗ്യമായാണ് (Defensive gesture) വ്യാഖ്യാനിക്കപ്പെടുക. അതു കൊണ്ട് കൈകൾ രണ്ടും മസിലുകളെല്ലാം അയച്ചിട്ട അവസ്ഥയിൽ മടിയിൽ വയ്ക്കുകയോ കസേരക്കൈകളിൽ വയ്ക്കുകയോ ആണ് ഉത്തമം. വാക്കുകൾക്കൊപ്പം ആംഗ്യങ്ങൾ ആവശ്യമായി വരുമ്പോൾ കൈകളെ തടസ്സമില്ലാതെ ഉപയോഗപ്പെടു ത്താൻ ഈ അവസ്ഥയിൽ എളുപ്പമായിരിക്കും. 

വിരലുകൾ കൊണ്ട് മേശയിൽ താളമടിക്കൽ, ഷർട്ടിന്റെ കഫിലോ, സാരിത്തുമ്പിലോ വസ്ത്രത്തിന്റെ മറ്റേതെങ്കിലും ഭാഗ ങ്ങളിലോ ഞെരടിപ്പിടിക്കലും കുപ്പായക്കയ്യിലെ നൂലു നുള്ളിപ്പറിക്കലും, കൈകൾ പരസ്പരം കോർത്തു പിടിക്കൽ, മേശപ്പു റത്തുള്ള പേപ്പര്‍വെയ്റ്റ് പോലുള്ള സാധനങ്ങളിൽ കയറിപ്പിടിക്കൽ, താക്കോൽക്കൂട്ടം വിരലിലിട്ടുതിരിക്കൽ, ചെവിക്കുന്നി പിടിച്ചു വലിക്കൽ, വിയർപ്പു തുടയ്ക്കാനെന്ന ഭാവേന നെറ്റി തടവൽ, വിരലുകൾ അനാവശ്യമായി ഞൊടിക്കുകയോ ഇളക്കിക്കൊണ്ടിരിക്കുകയോ ചെയ്യൽ, അസ്വാഭാവികമാംവണ്ണം കൈകൾ നിശ്ചലമാക്കിവയ്ക്കല്‍, നഖം കടിക്കൽ, വിരലുകൾ ചുണ്ടുകൾക്കിടയിൽ തിരുകൽ, സംസാരിക്കുമ്പോൾ വാ പൊത്തിപ്പിടിക്കൽ, പേനയുടെ ക്ലിപ്പിൽ പിടിച്ചു വലിച്ച് ക്ലിക് എന്നു ശബ്ദമുണ്ടാക്കൽ തുടങ്ങിയ പരിഭ്രമ സൂചകങ്ങളായ പ്രവൃത്തികളും ഒഴിവാക്കപ്പെടേണ്ടതുതന്നെ.

വിരൽ ചൂണ്ടിയുള്ള സംസാരവും ആംഗ്യങ്ങളും അരോചകങ്ങളും അതുകൊണ്ടു തന്നെ വർജിക്കപ്പെടേണ്ടവയുമാണ്. കൈയാംഗ്യങ്ങൾ കഴിവതും കൈ മുഴുവനായും പങ്കെടുക്കുന്ന വിധത്തിലാവാൻ ശ്രദ്ധിക്കണം. ഒരു കാരണവശാലും ബോർ ഡംഗങ്ങള്‍ക്കു നേരെ വിരൽ ചൂണ്ടി സംസാരിക്കരുത്.

ശരീരം സത്യം വിളിച്ചു പറയും
ഇന്റർവ്യൂവിൽ യാതൊരു കാരണവശാലും കളവു പറയരുത്. കാരണം നമ്മുടെ ശരീരം സത്യം വിളിച്ചു പറയും. കളവു പറയുമ്പോൾ അബോധതലത്തിൽ ഉളവാകുന്ന മനസ്സാക്ഷിക്കുത്ത് അസ്വസ്ഥമായ ശാരീരിക ചലനങ്ങളായും ഭാവങ്ങളായും പ്രകടമാകും. കൈകൊണ്ട് വായ് മറയ്ക്കൽ, ഇടയ്ക്കിടെ മൂക്കിന്മേലോ ചെവിയിലോ തടവുകയോ ചൊറിയുകയോ ചെയ്യല്‍, കഴുത്തിന്റെ ഒരു വശത്തു ചൊറിയൽ, കണ്ണുതിരുമ്മൽ തുടങ്ങിയ ചേഷ്ടകൾ വാക്കുകളുടെ സത്യാവസ്ഥയെ ക്കുറിച്ച് സംശയം ജനിപ്പിക്കും. മുഖത്തേക്കും ചുമലുകളിലേക്കും മതിയായ കാരണങ്ങളില്ലാതെ കൈകൾ കൊണ്ടു പോകു ന്നതും ഇതേ പ്രതീതിയുളവാക്കും.

തുറന്ന കൈപ്പത്തി തുറന്ന മനസ്സിന്റെയും സത്യസന്ധതയുടെയും സൂചകമാണ്. കൈവെള്ള പുറത്തുകാണാത്തവിധം മുഷ്ടി ചുരുട്ടിപ്പിടിച്ച അവസ്ഥ കാപട്യത്തിന്റെയും ശത്രുതാ മനോഭാവത്തിന്റെയും സൂചനയാകാം. പെരുവിരല്‍ ഉള്ളിലാ ക്കി മുഷ്ടി ചുരുട്ടിയുള്ള ഇരിപ്പ് പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിലുള്ള പ്രയാസത്തെ സൂചിപ്പിക്കുന്നു.  അതു കൊണ്ട് ഇന്റർവ്യൂ നടന്നുകൊണ്ടിരിക്കുമ്പോൾ കൈപ്പത്തികൾ തുറന്നു പിടിച്ചിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ആരെ നോക്കണം? എങ്ങനെ?
ആർക്കു നേരെ എപ്പോൾ നോക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എല്ലാവിധ മുഖാമുഖ ആശയവിനിമയങ്ങളിലും നേത്രബന്ധം അതിപ്രധാനമാണ്. ആളുകളുടെ മുഖത്തു നോക്കി വേണം സംസാരിക്കാൻ. അത് ആത്മവിശ്വാസത്തെയും തുറന്ന മനസ്ഥിതിയെയും എടുത്തു കാണിക്കുന്നു. ഇന്റർവ്യൂ പോലുള്ള ഔപചാരിക സന്ദർഭങ്ങളിൽ നിങ്ങളുടെ നോട്ടം മുമ്പിലിരിക്കുന്ന വ്യക്തിയുടെ കണ്ണുകളിലെ കൃഷ്ണ മണികളെയും നെറ്റിത്തടത്തിന്റെ മധ്യബിന്ദുവിനെയും കൂട്ടിയിണക്കുന്ന സാങ്കല്പികത്രികോണം ഉൾപ്പെടുന്ന ഭാഗത്തു കേന്ദ്രീകരിക്കാൻ കഴിവതും ശ്രമിക്കണം. സംഭാഷണവേളകളില്‍ ഈ നോട്ടം ഗൗരവപൂർണമായ ഒരന്തരീക്ഷം സൃഷ്ടി ക്കുമെന്നതിനാൽ എല്ലാവരും വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ടുകൊണ്ട് പെരുമാറുമെന്നു പ്രതീക്ഷിക്കാം. 

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ ബോർഡംഗങ്ങള്‍ ഓരോരുത്തർക്കും കഴിവതും തുല്യമായ രീതിയിൽ മുഖം കൊടുക്കാനും പരിഗണന നൽകാനും ശ്രദ്ധിക്കണം. സംസാരിക്കുമ്പോൾ ഒരാളുടെ മുഖത്തു നോക്കുകയെന്നത് നാം അയാളെ വിശ്വാസത്തിലെടുക്കുന്നുവെന്നതിന്റെ സൂചനയാണ്. ഇടയ്ക്കിടെ മുഖത്തു നിന്ന് നോട്ടം പിൻവലിക്കുകയും വീണ്ടും മുഖത്തു നോക്കുകയും ചെയ്യുന്നത് സംസാരഭാഷയിൽ കുത്തിന്റെയും കോമയുടെയും ഫലം ചെയ്യുന്നു. ഒരംഗം ഒരു കാര്യം വിശദീകരിക്കുകയോ ചോദ്യം ചോദിക്കുകയോ ചെയ്യുമ്പോൾ അയാളുടെ വാക്കുകൾ അവസാനിക്കുന്നതു വരെ അയാളുടെ മുഖത്തുനിന്ന് നോട്ടം പിൻവലിക്കരുത്. നിങ്ങളോടു സംസാരിക്കുമ്പോൾത്തന്നെ കക്ഷി മറ്റു ബോർഡം ഗങ്ങളുടെ മുഖത്ത് മാറി മാറി നോക്കുന്നുണ്ടായിരിക്കാം. പക്ഷേ, ഏതെങ്കിലും പോയിന്റ് ഊന്നിപറയുമ്പോൾ നോട്ടം നിങ്ങളുടെ മുഖത്തു തന്നെ ഉടക്കി നിൽക്കും. സംസാരം അവസാനിച്ചു കഴിഞ്ഞാൽ തല അല്പം പുറകിലേക്കു ചെരിച്ച് നിങ്ങളുടെ മുഖത്തു നോക്കി പ്രതികരണം കാത്തിരിക്കുന്നതു കാണാം. 

മറുപടി പറയാനാരംഭിച്ചു കഴിഞ്ഞാൽ സംസാരം ചോദ്യകർത്താവിന്റെ മുഖത്തു മാത്രം ദൃഷ്ടിയൂന്നിക്കൊണ്ടാകരുത്. മറിച്ച് എല്ലാ അംഗങ്ങളുടെയും മുഖത്ത് മാറി മാറി നോക്കിക്കൊണ്ടാകണം. എന്നാൽ എന്തെങ്കിലും കാര്യങ്ങൾ ഊന്നി പ്പറയുമ്പോഴും ഉത്തരം ഉപസംഹരിക്കുമ്പോഴും നോട്ടം ചോദ്യ കർത്താവിന്റെ മുഖത്തുതന്നെ ആയിരിക്കണം. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>