യേശുദാസുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടായ ‘ദുരന്തം’?

ഗായകൻ കെ.ജെ. യേശുദാസുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ ‘ദുരന്തം’ എന്താണ്?

ചോദ്യം സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന്റേതാണ്. ഉത്തരം പറയേണ്ടത് ബയോഡാറ്റയിൽ സംഗീതമാണു ഹോബി എന്നെഴുതിയ തിരുവനന്തപുരത്തുകാരി അനുപമ ജയിംസ്. യേശുദാസുമായി ബന്ധപ്പെട്ട് എന്തു ദുരന്തമാണ് കേരളത്തിൽ? ആലോചിച്ചു നിൽക്കാൻ സമയമില്ല. അടുത്ത നിമിഷം അനുപമ മറുപടി പറഞ്ഞു– എത്രയോ ശ്രീകൃഷ്ണ ഭക്തി ഗാനങ്ങൾ പാടിയ യേശുദാസിന് ഗുരുവായൂർ അമ്പല ത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. 

ബോർഡ് ഉന്നമിട്ടതും അതേ ഉത്തരമായിരുന്നു. 2012ലെ സിവിൽ സർവീസ് ഫലം വന്നപ്പോൾ ദേശീയതലത്തില്‍ ഇന്റർവ്യൂവില്‍ ഏറ്റവും കൂടുതൽ മാർക്ക് അനുപമയ്ക്ക്– 250 ൽ 245. എഴുത്തു പരീക്ഷയിൽ 754 മാർക്ക് മാത്രമേ കിട്ടിയുള്ളൂവെങ്കിലും ഇന്റർ വ്യൂവിലെ മികച്ച മാർക്കിന്റെ പിൻബലത്തിൽ 159–ാം റാങ്ക് സ്വന്തമാക്കാനും അനുപമയ്ക്ക് കഴിഞ്ഞു. 

സംവിധായകൻ ജയിംസ് ജോസഫിന്റെയും ഉഷാകുമാരിയുടെയും മകള്‍. ഐഎഎസ് ഒാഫീസർ ജി. രഘുവിന്റെ ഭാര്യ. മൂന്നാമത്തെ ശ്രമത്തിലാണ് അനുപമ മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയത്. 2010 ൽ പ്രിലിമിനറിപോലും കടന്നില്ല. രണ്ടാംവട്ടം മെയിന്‍സ് വരെയെത്തി. ആദ്യത്തെ ഇന്റർവ്യൂ തന്നെ കലക്കി. വെള്ളായണി കാർഷിക കോളജിലും ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിലുമായിരുന്നു അനുപമയുടെ ബിരുദവും ബിരുദാനന്തര ബിരുദവും. അതിനു ശേഷം കുടുംബശ്രീയുടെ മൈക്രോ ഫിനാൻസ് വിഭാഗത്തിൽ രണ്ടു വർഷം ജോലി എടുത്തു. പിന്നീട് ചെന്നൈയിലെ ഐഎഫ്എംആറിൽ കൺസൽട്ടന്റ് ആയും ജോലി നോക്കി. ഈ അനുഭവങ്ങൾ സിവിൽ സർവീസ് ഇന്റർവ്യൂവിൽ നല്ല പ്രകടനത്തിന് സഹായിച്ചുവെന്ന് അനുപമ പറയുന്നു. 

പുരുഷോത്തം അഗർവാളിന്റെ നേത‍ൃത്വത്തിലുള്ള ബോർഡിൽ ആകെയുണ്ടായിരുന്നത് അഞ്ചുപേർ. 25 മിനിറ്റു നീണ്ടു നിന്ന ഇന്റർവ്യൂ തികച്ചും സൗഹാർദപരമായിരുന്നു. ബയോഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. ബിരുദവിഷയം കൃഷിയായിരുന്നതുകൊണ്ട് ഒട്ടേറെ ചോദ്യങ്ങൾ ആ മേഖലയിൽ നിന്നായിരുന്നു. കൃഷി വരുമാനത്തിന് ആദായനികുതി ഏർപ്പെടുത്തുന്നത് നല്ലതാണോ? ലഹരി മരുന്നായി ഉപയോഗിക്കുന്ന കറുപ്പ് കൃഷി ഇന്ത്യയിൽ പ്രായോഗികമാണോ? കാലാവസ്ഥാമാറ്റം കന്നുകാലികളെ എങ്ങനെ ബാധിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ. ഹോബിയിൽ സംഗീതത്തോടൊപ്പം എഴുതിയിരുന്ന ചെറുകഥാവായനയെക്കുറിച്ചും കുറെ ചോദ്യങ്ങൾ വന്നു. മൂന്നാമത്തെ ഹോബിയായി എഴുതിയ സിനിമയെക്കുറിച്ച് ചോദ്യങ്ങളൊന്നുമുണ്ടായില്ല.

ഇന്റർവ്യൂവിനു വേണ്ടി വലിയ തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്ന് അനുപമ പറയുന്നു. തിരുവനന്തപുരത്തു തന്നെയുള്ള വിവിധ സ്ഥാപനങ്ങളിൽ അഞ്ചോ ആറോ മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് രഘുവുമായും അച്ഛൻ ജയിംസുമായും ഗൗരവമായ വിഷയങ്ങളിൽ ചര്‍ച്ചകള്‍ പതിവായിരുന്നു. ഇതൊക്കെ ഇന്റർവ്യൂവിന് പ്രയോജനപ്പെട്ടെന്നും അനുപമ കരുതുന്നു. 

അനുപമയുടെ ഇന്റർവ്യൂ മാർഗനിർദേശങ്ങൾ

∙സിവിൽ സർവീസ് ഇന്റർവ്യൂ വ്യക്തിത്വപരീക്ഷയാണ്. നമ്മൾ നമ്മളായിത്തന്നെ വേണം ബോർഡിനെ അഭിമുഖീകരിക്കേണ്ടത്. നമ്മുടെ യോഗ്യതകൾ  പരീക്ഷയിലൂടെ പരിശോധിച്ചു ബോധ്യപ്പെട്ടതിനുശേഷമാണ് ബോർഡ് നമ്മളെ ഇന്റർവ്യൂവിനു വിളിക്കുന്നത്. നമ്മുടെ വ്യക്തിത്വത്തെയും നിലപാടുകളെയും അളക്കുകയാണ് ചെയ്യുന്നത്. അവിടെ നമ്മുടെ യഥാർഥ വ്യക്തിത്വമായിരിക്കണം പ്രദർശിപ്പിക്കേണ്ടത്. 

∙നമ്മുടെ സമീപനം ആത്മാർഥമായിരിക്കണം. പറയുന്ന കാര്യങ്ങൾ ഉള്ളിൽ നിന്നു വരുന്നതാണെന്നും കൃത്രിമമല്ലെ ന്നും ബോർഡിനു ബോധ്യപ്പെടണം. 

∙എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കഴിയുന്ന വേൾഡ് എൻസൈക്ലോപീഡിയ അല്ല നിങ്ങളെന്ന് ബോർഡിന് നന്നായി അറിയാം. ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് കൃത്യമായി അറിയില്ല എന്നു തുറന്നു പറയാൻ ഒരു മടിയും വേണ്ട. ഇംഗ്ലീഷ് ചെറുകഥാവായനയാണ് ഹോബി എന്നെഴുതിയ എന്നോട് ബോർഡ് വായിച്ചിട്ടുണ്ടോ എന്നറിയാൻ അഞ്ചു കഥകളുടെ പേരു ചോദിച്ചു. അഞ്ചും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. അഞ്ചു തവണയും ഞാൻ ഇല്ല എന്നു തന്നെ പറഞ്ഞു. എനിക്ക് അതിൽ ഒരു അഭിമാനക്കുറവും തോന്നിയില്ല. എന്റെ വായന എത്രത്തോളമുണ്ടെന്ന് അളക്കാൻ ആയിരിക്കില്ല ആ ചോദ്യങ്ങൾ. മറിച്ച്, എന്റെ വ്യക്തിത്വം പരിശോധിക്കാനായി രിക്കും. ബോർഡിനെ പറ്റിക്കാൻ വായിക്കാത്ത കഥകൾ വായിച്ചുവെന്നു പറഞ്ഞാൽ അതേക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ വരികയും നമ്മൾ പിടിക്കപ്പെടുകയും ചെയ്യും.

∙നമ്മളേക്കാൾ വിവരമുള്ളവരാണ് ബോർഡിൽ ഇരിക്കുന്നത് എന്ന ബോധത്തോടെ വേണം മറുപടികൾ പറയാൻ. അവരെ പഠിപ്പിക്കാൻ ശ്രമിക്കരുത്. നമ്മുടെ വാദങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക.

∙നമ്മുടെ അഭിപ്രായങ്ങൾ പക്വമാണോ എന്നും നിഷ്പക്ഷമാണോ എന്നും അവർ കൃത്യമായി പരിശോധിക്കും, ചോദ്യം ഏതായാലും. തിരിച്ചും മറിച്ചും ചോദിച്ച് നമ്മളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചേക്കാം– പ്രകോപനമുണ്ടായാൽ നമ്മുടെ നിലപാടുകൾ മാറുമോ എന്നറിയാൻ. നിലപാടുകളിൽ ഉറച്ചു നിൽക്കുക. കാർഷികവരുമാനത്തിന് ആദായനികുതി ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് നാണ്യവിളകൾക്ക് ആകാം എന്നാണു ഞാൻ മറുപടി പറഞ്ഞത്. ഉടൻ അടുത്ത ചോദ്യം വന്നു– അതു ചെറുകിട കർഷകരെ ബാധിക്കില്ലേ? കൃഷിഭൂമിയുടെ അളവും ഉൽപാദനവും നോക്കി വൻകിടക്കാരെ കണ്ടെത്തി അവരിൽ നിന്ന് നികുതി ഈടാക്കണമെന്ന് വിശദീകരിച്ചതോടെയാണ് ബോർഡ് തുടർ ചോദ്യങ്ങൾ അവസാനിപ്പിച്ചത്.

∙സർക്കാരിനെയോ ഭരണനടപടികളെയോ നമ്മുടെ ഉത്തരങ്ങളിൽ വിമർശിക്കാം. പക്ഷേ, എന്തുകൊണ്ടാണ് വിമർശിക്കുന്നതെന്ന് വിശദീകരിക്കണം. അത് എങ്ങനെ തിരുത്താനാകും എന്നു കൂടി പറയാം. 

∙പറയാനുള്ള കാര്യങ്ങൾ ലളിതമായും ഹ്രസ്വമായും പറയുക. നീട്ടിപ്പരത്തി പറയുന്നത് നമ്മളെക്കുറിച്ചുള്ള അഭിപ്രായം കുറയാൻ കാരണമാകും. 

∙പൂർണബോധ്യമുള്ള കാര്യങ്ങൾ മാത്രമേ ബയോഡാറ്റയിൽ എഴുതാവൂ. നമ്മുടെ ബയോഡാറ്റ കൃത്യമായി പഠിച്ച ശേഷമാണ് ബോർഡ് നമ്മളെ ഇന്റർവ്യൂവിന് ക്ഷണിക്കുന്നത്. ബയോഡാറ്റയുടെ ഏതു കോണിൽ നിന്നു വേണമെങ്കിലും ചോദ്യങ്ങൾ വരാം. കുടുംബശ്രീയിൽ ജോലി ചെയ്തുവെന്ന് ബയോഡാറ്റയിൽ ഉണ്ടായിരുന്നതു കൊണ്ട് എന്നോട് ദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചും അമർത്യ സെന്നിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചും ചോദിച്ചു. ഗുജറാത്തിൽ പിജിക്കു പഠിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അമുൽ മാതൃകയെ ക്കുറിച്ചും അതിന്റെ സ്ഥാപകനായ വി. കുര്യനെക്കുറിച്ചും ചോദിച്ചു. 

∙നമ്മുടെ അഭിപ്രായം തെറ്റിപ്പോയെന്നു തോന്നുകയാണെങ്കിൽ അതു തിരുത്താൻ ഒരു മടിയും വിചാരിക്കേണ്ടതില്ല. അതിന് ഇങ്ങനെ ഒരു വശം കൂടിയുണ്ട്, അതാണ് കൂടുതൽ പ്രധാനമെന്നു തോന്നുന്നു എന്നു ധൈര്യസമേതം പറയാം. 

∙ആത്മവിശ്വാസത്തോടെ വേണം അഭിമുഖത്തെ നേരിടാൻ. നമ്മൾ വ്യത്യസ്ത സാഹചര്യങ്ങളിൽ സമൂഹത്തെ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്ന് ബോർഡ് നമ്മുടെ ഉത്തരങ്ങളിലൂടെയും സമീപനത്തിലൂടെയും മനസ്സിലാക്കുന്നുണ്ട് എന്നു തിരിച്ചറിയുക.