Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിങ്ക്ഡ്ഇൻ തൊഴിലവസരങ്ങളുടെ അക്ഷയഖനി

Author Details
linkedin

തൊണ്ണൂറു ശതമാനം റിക്രൂട്ടർമാരും ആശ്രയിക്കുന്ന സമൂഹമാധ്യമം – ലിങ്ക്ഡ്ഇന്നിന്റെ പ്രാധാന്യത്തിന് അടിവരയിട്ട് ഈയിടെ സൊസൈറ്റി ഓഫ് ഹ്യൂമൻ റിസർച് മാനേജ്മെന്റ് പുറത്തുവിട്ട കണക്കാണിത്. പുതിയ കാലത്തെ തൊഴിലന്വേഷണത്തിൽ ലിങ്ക്ഡ്ഇൻ ഒഴിച്ചുകൂടാനാകില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ വഴിപാടിന് അക്കൗണ്ട് തുറന്നിട്ട്, വെറുതെയിരിക്കുന്നതാണോ നമ്മുടെ ശീലം ? ഇതൊക്കെ പിള്ളേർക്കുള്ളതല്ലേ എന്നു മുതിർന്നവർ ചിന്തിക്കുന്നുണ്ടാകും. സത്യത്തിൽ, തൊഴിൽപരിചയം ഉള്ളവർക്കു തുടക്കക്കാരേക്കാൾ പ്രയോജനപ്പെടും ലിങ്ക്ഡ്ഇൻ; വിദ്യാര്‍ഥികള്‍ക്കാകട്ടെ, കരിയര്‍ ലക്ഷ്യമിട്ടുള്ള നെറ്റ്‌വര്‍ക്കിങ്ങിന് ഏറ്റവും മികച്ച ഉപാധിയും. 

കണക്ട്... എൻഗേജ്
പലരും ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നത് ഇഷ്ടമേഖലകളിലുള്ള പ്രഫഷനലുകളുടെ വിവരങ്ങൾ ലഭിക്കാനാണ്. സമൂഹ മാധ്യമമെന്ന രീതിയിലുള്ള ലിങ്ക്ഡ്ഇന്നിന്റെ പ്രസക്തി ഇതുമൂലം ഇല്ലാതാകുന്നുണ്ടെന്നു വിദഗ്ധർ പറയുന്നു. നിശ്ശബ്ദ കാഴ്ചക്കാരനായി നിൽക്കാതെ മറ്റുള്ളവരുമായി ലിങ്ക്ഡ്ഇന്നിൽ തന്നെ സംവദിക്കുന്നതും അവരുടെ പോസ്റ്റുകളിൽ കമന്റിടുന്നതുമൊക്കെ ഏറെ ഗുണം ചെയ്യും.

∙അപ്ഡേറ്റ് ചെയ്യൂ
പ്രൊഫൈൽ എപ്പോഴും സജീവമായി നിലനിർത്തേണ്ടതും ആവശ്യമാണ്. കരിയറിലെ പുതിയ നേട്ടങ്ങൾ, ഈയിടെ ആർജിച്ച നൈപുണ്യങ്ങൾ എന്നിവയൊക്കെ അപ്ഡേറ്റ് ചെയ്യുന്നതും ലിങ്ക്ഡ്ഇൻ നെറ്റ്‌വർക്കിലുള്ളവരെ നമ്മിലേക്കു കൂടുതൽ അടുപ്പിക്കും.

∙കൃത്യം കീവേഡ്
ലിങ്ക്ഡ്ഇന്നിൽ ഒരു കോടിയിലധികം തൊഴിൽ നോട്ടിഫിക്കേഷനുകളുണ്ട്. ഇവയിൽ ചില കീവേഡുകളുണ്ടാകും. അവ രേഖപ്പെടുത്തി വയ്ക്കണം. ഇവ ഒരു പക്ഷേ നിങ്ങളുടെ നൈപുണ്യങ്ങളുമായി ബന്ധപ്പെട്ടതാകും. കൃത്യമായ കീവേഡുകൾ റിക്രൂട്ടറെ നമ്മിലേക്കു നയിച്ചേക്കാം.

∙കിടുക്കൻ പ്രസന്റേഷൻ
ലിങ്ക്ഡ്ഇൻ പ്രൊഫൈലിന് ഒരു റെസ്യൂമെയുടെ സ്വഭാവവുമുണ്ട്. വിഡിയോ റെസ്യൂമെകൾ, നിങ്ങൾ പങ്കെടുത്തതോ നേതൃത്വം വഹിച്ചതോ ആ പരിപാടികളുടെ വിഡിയോകൾ, തയാറാക്കിയ സ്ലൈഡുകൾ എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യാം. ലിങ്ക്ഡ്ഇന്നിലെ പ്രമുഖരായ കുറച്ചു പ്രഫഷനലുകളുടെ പ്രൊഫൈൽ നോക്കിയാൽ ഇതിനുള്ള മാർഗനിർദേശം ലഭിക്കും.

∙‘സിംഹ’ങ്ങളുടെ കൂട്ട് 
ലിങ്ക്ഡ്ഇന്നിലെ ഗ്രൂപ്പുകൾ സമാനമേഖലയും നൈപുണ്യവുമുള്ളവർക്കു സംവദിക്കാനും തമ്മിലറിയാനും അവസരം നൽകുന്നു. ഇത്തരം ഗ്രൂപ്പുകളിൽ അംഗമാകണം. ചില ഗ്രൂപ്പുകളുടെ പേരിനൊപ്പം ലയൺ (ലിങ്ക്ഡ് ഇൻ ഓപ്പൺ നെറ്റ്‌വർക്കേഴ്സ്) എന്നു ചേർത്തിട്ടുണ്ടാകും. ഇവരുടെ നെറ്റ്‌വർക്ക് വളരെ ബൃഹത്തായിരിക്കും. ഇവരുമായുള്ള ചങ്ങാത്തം നമ്മുടെ നെറ്റ്‌വർക്ക് വളർത്താൻ ഉപകരിക്കും.

∙മൈക്രോസോഫ്റ്റിന്റെ റെസ്യൂമെ അസിസ്റ്റന്റ്
ലിങ്ക്ഡ്ഇന്നിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തപ്പോൾ വന്ന മാറ്റങ്ങളിൽ ശ്രദ്ധേയമാണ് ‘റെസ്യൂമെ അസിസ്റ്റന്റ്’. റെസ്യൂമെകളുടെ തരംതിരിക്കലിനായി ലോകമെങ്ങും ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ്‌വെയറുകൾ  ഉപയോഗിച്ചുതുടങ്ങിയതോടെ ഇവ കൃത്യമായി എഴുതേണ്ടത് അത്യാവശ്യമായി. നല്ല റെസ്യൂമെയ്ക്കായി എത്ര പണവും മുടക്കാൻ തയാറുള്ളവരുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് റെസ്യൂമെ അസിസ്റ്റന്റ് എന്ന സേവനം മൈക്രോസോഫ്റ്റ് കൊണ്ടുവന്നത്. വിജയകരമായ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ വിലയിരുത്തി, മികച്ച റെസ്യൂമെ തയാറാക്കാൻ സഹായിക്കും. മൈക്രോസോഫ്റ്റ് ഓഫിസിനൊപ്പമുള്ള സേവനം ‘ഓഫിസ് 365’ എന്ന പദ്ധതിയിൽ അംഗമാകുന്നവർക്കേ ലഭിക്കൂ. 

റെക്കമന്റേഷനും എൻഡോഴ്സ്മെന്റും
കോളജുകളിൽനിന്നും മേലധികാരിയിൽ നിന്നുമൊക്കെ നാം റെക്കമന്റേഷൻ ലെറ്ററുകൾ വാങ്ങിയിട്ടുണ്ടാകാം. ലിങ്ക്ഡ്ഇന്നിലും റെക്കമന്റേഷൻ സാധ്യമാണ്; നമ്മുടെ നെറ്റ്‌വർക്കിൽപെട്ട വ്യക്തികളില്‍നിന്ന്. നമ്മുടെ വിദ്യാഭ്യാസ, കരിയർ മേഖലകളുമായി ബന്ധപ്പെട്ടവരിൽ നിന്നാണു റെക്കമന്റേഷൻ തേടേണ്ടത്. അതുപോലെ തന്നെ നൈപുണ്യങ്ങൾക്ക് അംഗീകാരം നൽകാനും നെറ്റ്‌വർക്കിലുള്ളവർക്കു കഴിയും. ‘സ്കിൽ എൻഡോഴ്സ്മെന്റ്’ എന്നറിയപ്പെടുന്ന ഈ പ്രക്രിയ നമ്മുടെ സാധ്യതകൾ പതിൻമടങ്ങ് കൂട്ടും.

Expert Advice

ലിങ്ക്ഡ്ഇന്നിന്റെ തന്നെ ഔദ്യോഗിക കരിയർ വിദഗ്ധയായ ബ്ലെയർ ഡിസംബറല്ലെയുടെ വാക്കുകൾ നോക്കാം.

∙പ്രൊഫൈൽ: വിദ്യാഭ്യാസ യോഗ്യത, ജോലി ചെയ്യാൻ താൽപര്യമുള്ള സ്ഥലം, പ്രൊഫൈലിൽ സ്വന്തം പ്രഫഷനൽ ചിത്രം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളവർ റിക്രൂട്ടറുടെ കണ്ണിൽപ്പെടാനുള്ള സാധ്യത പല മടങ്ങാണ്.ലിങ്ക്ഡ് ഇന്നിൽ കൊടുത്തിരിക്കുന്ന ചിത്രം തന്നെ മറ്റ് ഓൺലൈൻ അക്കൗണ്ടുകളിലും ഉപയോഗിക്കുന്നതു ഗുണം ചെയ്യും. റിക്രൂട്ടർക്ക് ആശയക്കുഴപ്പമില്ലാതെ നമ്മെ തിരയാം.

∙സമ്മറി സ്റ്റേറ്റ്മെന്റ്: ചുരുങ്ങിയ വാക്കുകളിൽ ഇടിവെട്ട് സ്റ്റേറ്റ്മെന്റ് നൽകാം. കൃത്യമായി കാര്യം പറയണം. ‘ഗ്യാസി’ൽ കാര്യമേയില്ല.

∙ഹെഡ്‌ലൈൻ:  ഒഴുക്കൻ മട്ട് ആകരുത്. ഉദാഹരണത്തിന് നിങ്ങൾ ഡ്രില്ലിങ് എൻജിനീയർ ആണെന്നിരിക്കട്ടെ. അതിൽ തന്നെ ഒരു മേഖലയിൽ വൈദഗ്ധ്യവുമുണ്ടെങ്കിൽ ആ വൈദഗ്ധ്യം കൂടി ചൂണ്ടിക്കാട്ടുന്നതാകണം തലക്കെട്ട്.

Job Tips >>