Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിച്ചു പെരുമാറിയില്ലെങ്കിൽ ഇങ്ങനെയും ‘പണി കിട്ടാം’

Job

പണ്ടൊക്കെ ജോലി കിട്ടാന്‍ ആകര്‍ഷകമായ ഒരു ബയോഡേറ്റ മതിയായിരുന്നു. പക്ഷേ, ഇന്ന് ഈ ന്യൂജനറേഷന്‍ യുഗത്തില്‍ ഒരാളുടെ സമൂഹ മാധ്യമങ്ങളിലെ ഇമേജും ജോലിയില്‍ നിര്‍ണ്ണായകമാണ്. പുറത്ത് ആളൊരു മാന്യന്‍. പക്ഷേ, ഫേസ്ബുക്കില്‍ കയറി നോക്കിയാല്‍ നാട്ടുകാരെ മുഴുവന്‍ തെറി വിളി. സ്ത്രീകളെ കമന്റടിക്കല്‍. വംശീയ പരാമര്‍ശങ്ങള്‍ നടത്തല്‍. ഇങ്ങനെയുള്ളവര്‍ക്കു പുതിയൊരു ജോലി കിട്ടാനോ കയ്യിലുള്ള ജോലി സുരക്ഷിതമാക്കി വയ്ക്കാനോ ഇനിയുള്ള കാലത്തു വലിയ ബുദ്ധിമുട്ടായിരിക്കും. 

അടുത്തിടെ നടന്ന ഒരു കരിയര്‍ബില്‍ഡര്‍ സര്‍വേ പ്രകാരം 70 ശതമാനം തൊഴില്‍ദായകരും ഉദ്യോഗാർഥികളെ ജോലിക്കെടുക്കുന്നതിനു മുന്‍പ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അരിച്ചുപെറുക്കി നോക്കാറുണ്ട്. ചില കമ്പനികളില്‍ ഈ വകകാര്യങ്ങള്‍ നോക്കാന്‍ മാത്രമായി ആളുകളെ നിയമിച്ചിട്ടുമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗാർഥിയുടെ യോഗ്യതകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, ഓണ്‍ലൈനിലെ അവരുടെ പ്രഫഷണല്‍ വ്യക്തിത്വം, മറ്റുള്ളവര്‍ ഉദ്യോഗാർഥിയെ കുറിച്ച് പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ എന്നിങ്ങനെ പലതുമാണ് തൊഴില്‍ദായകര്‍ പരതുക. ഇതു കൊണ്ട് തന്നെ സമൂഹ മാധ്യമ ബ്രാന്‍ഡിങ് സ്വയം നടത്തുന്നത് തൊഴില്‍ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഉത്തമമായിരിക്കും. 

സമൂഹ മാധ്യമങ്ങളില്‍ ചെയ്യരുതാത്തത് :

>> ദീര്‍ഘമേറിയ വിവാദപരമായ പോസ്റ്റുകള്‍ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ചും ഫേസ്ബുക്കിലും ലിങ്ക്ഡ് ഇന്നിലും. പരദൂഷണം പറച്ചിലും ചീത്ത വിളിയും അധിക്ഷേപങ്ങളുമൊക്കെ നേരിട്ടായിക്കൊള്ളുക. അതിനായി ഓണ്‍ലൈനില്‍ കയറാതിരിക്കുക. വംശീയവും, ലിംഗപരവും മതപരവുമായ കാര്യങ്ങളെ കുറിച്ചുള്ള അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും കൊണ്ടു മാത്രം തൊഴില്‍ദായകന്‍ നിങ്ങളെ പരിഗണിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. അതു പോലെ തന്നെ സൂക്ഷിക്കേണ്ടതാണ് മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ പറ്റിയോ അവിടുത്തെ ജീവനക്കാരെയോ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍.  അവ നല്ലൊരു അഭിപ്രായം ഉദ്യോഗാർഥിയെ കുറിച്ച് ഒരിക്കലും തൊഴില്‍ദായകന് ഉണ്ടാക്കില്ല.

>> പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളൊക്കെ പലരും സമൂഹ  മാധ്യമങ്ങളില്‍ ഇടാറുണ്ട്. പക്ഷേ, അത്യധികം പേഴ്‌സണലായ കാര്യങ്ങള്‍ ഒഴിവാക്കുക. മദ്യപിക്കുന്നതിന്റെയും പുകവലിക്കുന്നതിന്റെയും മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാവുന്ന സ്‌നേഹപ്രകടനങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ വലിയ സ്റ്റൈലാണെന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടാല്‍ പണി പാളുമെന്ന് ചുരുക്കം. 

>> ഒരേ സാധനം തന്നെ പല സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. ഓരോ സമൂഹ മാധ്യമത്തിനും തനത് സ്വഭാവമുണ്ട്. അതനുസരിച്ച് വേണം അവയില്‍ പുതിയ പോസ്റ്റുകളോ ചിത്രങ്ങളോ ലിങ്കുകളോ ഒക്കെ ഇടാന്‍. 

സമൂഹ മാധ്യമത്തോട് തീര്‍ത്തും നോ പറയണ്ട
അയ്യോ. എനിക്ക് ഇത്രയുമൊന്നും ശ്രദ്ധിച്ച് സമൂഹ മാധ്യമത്തില്‍ ഇടപെടാന്‍ പറ്റില്ല. അതു കൊണ്ട് ഞാന്‍ ഇതിനില്ല എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയ അക്കൗണ്ട് പൂട്ടിപ്പോകുന്നതും ഗുണം ചെയ്യില്ല. ഉദ്യോഗാർഥിയെ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരെ പരിഗണിക്കാന്‍ താത്പര്യം കാട്ടാത്തവരാണ് 57 ശതമാനം തൊഴില്‍ദായകരും. സമൂഹ മാധ്യമങ്ങള്‍ നമ്മുടെ ഓണ്‍ലൈന്‍ റെസ്യൂമേ ആണെന്നുള്ള തിരിച്ചറിവില്‍ ശ്രദ്ധയോടെ ബ്രാന്‍ഡ് നിര്‍മ്മാണം നടത്തിയാല്‍ ജോലി നമ്മളെ തേടി വരും. 

Job Tips >>