ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ലോകത്തു കാര്യമായ ചർച്ചാവിഷയമാകുന്നതിനും ഏറെ മുൻപേ അതിനെക്കുറിച്ചൊരു സിനിമയെടുത്തിട്ടുണ്ട് വിഖ്യാത സംവിധായകൻ സ്റ്റീഫൻ സ്പീൽബർഗ്. 2001 ലിറങ്ങിയ ആ ചിത്രത്തിന്റെ പേരും എഐ എന്നു തന്നെ. 22–ാം നൂറ്റാണ്ടിലാണു കഥ നടക്കുന്നത്. മനുഷ്യരെപ്പോലെ ചിന്തകളും വികാരങ്ങളുമുള്ള ‘മെക്കാ’ എന്ന ഹ്യൂമനോയ്ഡ് റോബട്ടുകളാണ് പ്രധാന കഥാപാത്രങ്ങൾ ഹെന്റി–മോണിക്ക ദമ്പതികളുടെ മകൻ മാർട്ടിൻ അപൂർവ രോഗം ബാധിച്ച് ചികിത്സയിലാണ്. അവനു പകരം ദമ്പതികൾക്ക് തത്കാലത്തേക്ക് ഡേവിഡ് എന്ന ‘മെക്കാ’ക്കുട്ടിയെ നൽകുന്നു. മാർട്ടിൻ തിരികെ വരുമ്പോൾ ഡേവിഡിനെ അവർക്ക് വനത്തിലുപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കപ്പെട്ട ‘മെക്കാ’ കളെ തേടി വരുന്ന വില്ലന്മാരുടെ കയ്യിലാണു പിന്നെ ഡേവിഡ് അകപ്പെടുന്നത്. 

2015 ല്‍ മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള ഓസ്കർ നേടിയ ‘എക്സ് മാക്കിന’ എന്ന ചിത്രത്തിലെ എഐ നായിക ഏവ  ലോകത്തിനു മുന്നിലെത്തിയപ്പോൾ പലരും സ്പീൽബർഗിന്റെ  സിനിമ ഓർത്തു: അത്രയേറെയായിരുന്നു ഇരു ചിത്രത്തിലെ യും റോബട്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സാമ്യം.  എഐ റോബട്ടിന് മനുഷ്യന്റെ വികാരങ്ങൾ കൂടി പകർന്നു കൊടുക്കുന്നതോടെ സംഭവിക്കുന്ന ദുരന്തങ്ങളുടെ ആവിഷ്കാരമായിരുന്നു ‘എക്സ് മാക്കിന’.

AI വരും കൂടെ
ചിന്തിക്കാനും വിശകലനം ചെയ്യാനും ഓർത്തു വയ്ക്കാനും അതു പ്രയോഗത്തിൽ വരുത്താനും തയാറാക്കിയിട്ടുള്ള സാങ്കേതിക സംവിധാനങ്ങളാണ് നിർമിത ബുദ്ധി എന്ന എഐയിൽ ഉൾപ്പെടുന്നത്. കൃത്യമായ അൽഗോരിതങ്ങളുടെ സഹായത്തോടെ മനുഷ്യബുദ്ധിയെ അനുകരിക്കുന്ന സംവിധാനങ്ങൾ. യന്ത്രങ്ങളുടെ സഹായം മനുഷ്യൻ തേടുന്ന എല്ലായിടങ്ങളിലും എഐ സ്വാധീനം ചെലുത്തും. ഏറ്റവും പ്രകടമാകുന്ന ചില മേഖലകൾ:

∙ ‍‍ഡ്രൈവിങ് സീറ്റിൽ
സെൽഫ് ഡ്രൈവിങ് കാറുകൾ ഒരു സ്വപ്നമായ കാലം കഴിഞ്ഞു. ലോകവ്യാപകമായി ഇവ എന്നെത്തുമെന്നേ അറിയേണ്ടതുള്ളൂ. ഇപ്പോൾ ഇറങ്ങുന്ന സാധാരണ കാറുകളില്‍ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാന രൂപങ്ങളുണ്ട്. ജിപിഎസ്, റഡാർ, ലിഡാർ തുടങ്ങിയ കുറ്റമറ്റ സംവിധാനങ്ങ ളോടെ എത്തുന്ന ഡ്രൈവറില്ലാക്കാറുകൾ റോഡപകടങ്ങൾ കുറയ്ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. എഴുപതുകളിൽ ജപ്പാനിൽ രൂപപ്പെട്ട ഡ്രൈവറില്ലാക്കാർ എന്ന ആശയം ഇപ്പോള്‍ എഐയുടെ പിൻബലത്തോടെ മിക്ക കാർ കമ്പനികളും ഏറ്റെടുത്തു കഴിഞ്ഞു. 

∙ ആരോഗ്യത്തിന് കൈത്താങ്ങ്
ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ആരോഗ്യം. ശസ്ത്ര ക്രിയകളിലും ചികിൽസ വിലയിരുത്തുന്നതിലുമെല്ലാം ആർട്ടി ഫിഷ്യൽ ഇന്റലിജൻസിന്റെ സേവനം ഇപ്പോള്‍ത്തന്നെയുണ്ട്. വെട്ടൊന്ന് മുറി രണ്ട് എന്നാണ് പല രോഗങ്ങൾക്കും ഇപ്പോൾ വൈദ്യശാസ്ത്രം സ്വീകരിക്കുന്ന നിലപാട്. കാൻസറാകാൻ സാധ്യതയുള്ള ഒരു മുഴയുണ്ടെങ്കിൽ അതു മുറിച്ചു കളയുന്ന രീതി. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടേയിരിക്കും. കാര്യം അപകടകരമാണെങ്കിൽ മാത്രം ശസ്ത്രക്രിയ.

മറ്റൊരു ശ്രദ്ധേയമായ കാര്യം സൈബോർഗ് ടെക്നോളജിയാണ്. കൈകാലുകൾ അപകടത്തിൽ നഷ്ടമായവർക്ക് യഥാർഥ കൈകാലുകളോട് അടുത്തു നിൽക്കുന്ന രീതിയിലുള്ളവ ഘടിപ്പിക്കാനും പഴയ ശേഷിയിലേക്ക് തിരികെ കൊണ്ടു വരാനും എഐ വഴിയൊരുക്കും. തലച്ചോറുമായി സംവദിക്കാൻ കഴിവുള്ളവയാവും ഈ കൃത്രിമ കൈകാലുകൾ.

∙ തൊഴിലാളികൾ സുരക്ഷിതർ
ഈ ലോകത്ത് ഒട്ടേറെ തൊഴിലുകളിൽ തൊഴിലാളിക്കു സുരക്ഷ തീരെക്കുറവാണ്. ബോംബ് നിർവീര്യമാക്കുന്ന ജോലികൾ മുതൽ വെൽഡിങ് വരെ എന്തും ഏറ്റെടുത്ത് ചെയ്യാൻ കഴിവുള്ള റോബട്ടുകൾ ഇന്നുണ്ട്. എന്നാൽ പൂർണാർഥത്തിൽ ഇവയെ റോബട്ടുകൾ എന്നു വിശേഷിപ്പിക്കാൻ വയ്യ. ഒരു മനുഷ്യന്റെ മേൽനോട്ടം എപ്പോഴും ഇവയുടെ പ്രവർത്തനത്തിൽ വേണ്ടതിനാലാണ് ഇത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരോഗമിക്കുമ്പോൾ ഈ ന്യൂനതയൊക്കെ പോയി മറയും. 

∙ ഞാനുണ്ടല്ലോ കൂട്ടിന്
‘പെപ്പർ’ എന്നു കേട്ടിട്ടുണ്ടോ? ജപ്പാനിലെ ഒരു കമ്പനി നിർമി ച്ച റോബട്ടാണ്. ‘കംപാനിയൻ റോബട്ട്’ എന്നുള്ള ഗണത്തിൽ പെടുന്ന ഈ റോബട്ട് അഭിസംബോധ ചെയ്യുന്നത്  ഇന്നത്തെ കാലത്തെ വളരെ കാതലായ ഒരു പ്രശ്നമാണ്.... സ്നേഹ ദാരിദ്ര്യം.

ഒരു കൂട്ടുകാരനാണ് പെപ്പർ. മനുഷ്യന്റെ വികാരങ്ങൾ ഒട്ടൊക്കെ മനസ്സിലാക്കി ആശ്വസിപ്പിക്കാനും പ്രചോദിപ്പിക്കാനുമൊക്കെ കഴിവുള്ള നല്ല സ്നേഹിതൻ. നിർമിച്ച 1000 യൂണിറ്റുകളും, വിപണിയിലെത്തി നിമിഷങ്ങൾക്കകം വിറ്റുപോയെന്നതു കംപാനിയൻ റോബട്ടുകളുടെ പ്രസക്തി മനസ്സിലാക്കിത്തരുന്നു. ഈ മേഖലയിൽ, കൂടുതൽ വികസിച്ച റോബട്ടുകളുടെ ഗവേഷണം നടന്നു വരികയാണ്. വയോധികരുടെ പരിപാലനത്തിനു വേണ്ടിയുള്ള ‘ഹോം റോബട്ടു’കളും വിപണിയിലുണ്ട്. 

Job Tips >>