Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് ജോലി: സമ്മർദമേറുന്നു

bank-job-sketch

കിട്ടാക്കടവും നഷ്‌ടവും പെരുകുന്നതു മൂലമുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ ബാങ്കുകൾ പ്രയാസപ്പെടുന്നതിനിടയിൽ വ്യവസായത്തിലെ തൊഴിൽ സാഹചര്യങ്ങൾ അനാകർഷകമായി മാറുന്നു. ബാങ്കിങ്ങുമായി ഒരു ബന്ധവുമില്ലാത്ത ജോലികൾ മുതൽ വേതന നിർണയത്തിലെ അനന്തമായ കാലതാമസം വരെയുള്ള പ്രശ്‌നങ്ങൾക്കു പുറമെ വിജയ് മല്യയും നീരവ് മോദിയും മറ്റും വരുത്തിവച്ച ദുഷ്‌പേരിന്റെ പ്രത്യാഘാതങ്ങളും ജീവനക്കാർക്കു നേരിടേണ്ടിവരുന്നു.

മത്സരം കടുത്തതോടെ ബാങ്കിങ് മേഖലയിലെ ജോലിയുടെ പരമ്പരാഗത സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ കുറച്ചൊന്നുമല്ല. തന്മൂലം സ്വർണ നാണയം മുതൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയും ഇൻഷുറൻസ് പോളിസികളുടെയും വിൽപന വരെയുള്ള ജോലികളും ജീവനക്കാർക്കു ചെയ്യേണ്ടിവരുന്നു. വിൽപനയ്‌ക്കു ലക്ഷ്യം നിശ്‌ചയിച്ചു നൽകുന്ന ബാങ്കുകൾപോലുമുണ്ട്. ഓരോ ബാങ്കിന്റെയും 10% ശാഖകൾ ‘ആധാർ എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ് സെന്ററു’കളായി പ്രവർത്തിക്കണമെന്നു വന്നതോടെ അതുമായി ബന്ധപ്പെട്ട ജോലികളും ജീവനക്കാരുടെ തലയിലായി. വിവിധ കേന്ദ്രങ്ങളിലായി പ്രതിദിനം ആധാർ എൻറോൾമെന്റ് / അപ്ഡേറ്റിങ് നടത്തുന്ന 10 ലക്ഷം പേരിൽ ഗണ്യമായ പങ്ക് ആശ്രയിക്കുന്നതു ബാങ്കുകളെയാണ്.

മുമ്പൊക്കെ അഞ്ചു മണിക്കു ജോലി അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്ന ക്ലെറിക്കൽ തസ്തികകളിലുള്ളവർക്ക് ഇപ്പോൾ വീട്ടിലെത്താൻ രാവുദിക്കണം. ഉയർന്ന തസ്തികകളിലുള്ളവരുടെ കാര്യം അതിലും ദയനീയം. റോബട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബ്ലോക് ചെയിൻ സാങ്കേതിക വിദ്യയുമൊക്കെ ബാങ്കിങ് രംഗത്തേക്കു കടന്നുവന്നെങ്കിലും ജോലി ഭാരം ഇരട്ടിച്ചതേയുള്ളൂ. ജീവനക്കാരിൽ 60 ശതമാനത്തിലേറെയും തൊഴിൽ സംബന്ധമായ മാനസിക സമ്മർദം അനുഭവിക്കുന്നവരാണെന്നു വിവിധ പഠനങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. നിരന്തരമായ പിരിമുറുക്കം മൂലം മനോരോഗികളോ മാറാരോഗികളോ ആയിത്തീരുന്നവർ അപൂർവമല്ലെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്ന ജീവനക്കാരുള്ള 10 വ്യവസായ മേഖലകളിലൊന്ന് ബാങ്കിങ്ങാണെന്ന് അസോഷ്യേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് (അസോച്ചം) ഏതാനും വർഷം മുമ്പുതന്നെ കണ്ടെത്തിയിരുന്നു.

ജോലിഭാരത്തിന് ആശ്വാസമെന്ന നിലയിൽ പ്രവൃത്തിദിവസങ്ങളുടെ എണ്ണം ആഴ്ചയിൽ അഞ്ചെന്നു പരിമിതപ്പെടുത്തണമെന്നു ജീവനക്കാർ വളരെക്കാലമായി ആവശ്യപ്പെടുന്നതാണെങ്കിലും ഫലമുണ്ടായിട്ടില്ല. ധനസേവന മേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് ‘അഞ്ചു ദിവസ ആഴ്ച’യാണുള്ളത്. ‘ബാങ്കുകളുടെ ബാങ്ക്’ എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പോലും പ്രവർത്തിക്കുന്നത് ആഴ്ചയിൽ അഞ്ചു ദിവസം മാത്രം.

ജോലിഭാരത്തിന്റെ കാഠിന്യം വളരെ കൂടുതലുള്ള പുത്തൻ തലമുറ ബാങ്കുകളിലെ ജീവനക്കാർ എപ്പോഴും ജോലിസ്ഥിരത സംബന്ധിച്ച ആശങ്കയിലാണ്. ഇത്തരം ബാങ്കുകളിലെ 75 ശതമാനത്തോളം ഇടപാടുകാരും ഡിജിറ്റൽ ബാങ്കിങ്ങിലേക്കു മാറിക്കഴിഞ്ഞതിനാൽ ജീവനക്കാരുടെ എ‌ണ്ണം കുറയ്ക്കാനുള്ള നീക്കം സജീവമായിരിക്കുന്നു. ജീവനക്കാരിൽ നല്ല പങ്കും കരാർ അടിസ്ഥാനത്തിലുള്ളവരായതിനാൽ ഇവരുടെ സേവനം അവസാനിപ്പിക്കുക വളരെ എളുപ്പമാണ്.

ചില കാര്യങ്ങളിലെങ്കിലും വ്യവസ്ഥകളില്ലാത്തതിന്റെ പ്രശ്നങ്ങളും ജീവനക്കാർ അനുഭവിക്കേണ്ടിവരുന്നു. കീറിയ / കേടുവന്ന നോട്ടുകളുടെ മാറ്റിയെടുക്കൽ തന്നെ ഉദാഹരണം. ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്ക് ശാഖകളിലെത്തുന്നവരെ നിരാശപ്പെടുത്താനേ ജീവനക്കാർക്കു കഴിയൂ. നോട്ട് റീഫണ്ട് റൂൾ അടിസ്‌ഥാനമാക്കിയാണ് ഇത്തരം നോട്ടുകൾ മാറ്റി അതിന്റെ വില ഇടപാടുകാരനു ബാങ്കുകൾ നൽകുന്നത്. 2000, 500, 200 രൂപ നോട്ടുകൾ മാറ്റി നൽകുന്നതു സംബന്ധിച്ചുള്ള വ്യവസ്ഥ ആർബിഐ ഇതുവരെ തയാറാക്കിയിട്ടില്ല. ഇക്കാര്യം വിശദീകരിച്ചാലും ഇടപാടുകാർ ജീവനക്കാരുമായി കലഹിക്കുന്നു. സർവീസ് ചാർജ്, മിനിമം ബാലൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു കലഹിക്കുന്ന ഇടപാടുകാരും ജീവനക്കാരുടെ സ്വാസ്ഥ്യം കെടുത്തുന്നു.

കിട്ടാക്കടം പിരിച്ചെടുക്കാനുള്ള തീവ്രശ്രമമാണു ബാങ്കുകളിൽ നടക്കുന്നത്. ഇതു ജീവനക്കാർ നേരിടുന്ന വലിയൊരു പൊല്ലാപ്പാണ്. 10,000 രൂപയുടെ വായ്പ പോലും തിരിച്ചടയ്ക്കാൻ തയാറാകാത്ത ഇടപാടുകാരനുമായി ബന്ധപ്പെട്ടാൽ മറുപടിയായി ലഭിക്കുക ‘മല്യയ്ക്കു കൊടുത്ത വായ്പ തിരിച്ചുപിടിക്കാൻ ഈ ഉത്സാഹം കണ്ടില്ലല്ലോ’ എന്ന പരിഹാസവും മറ്റുമായിരിക്കും. ബാങ്ക് ജീവനക്കാർ ഒന്നടങ്കം തട്ടിപ്പിനു കൂട്ടുനിൽക്കുന്നവരാണെന്നു സാമാന്യവൽകരിക്കുന്ന സമൂഹമായിരിക്കുന്നു നമ്മുടേത്.

ബാങ്ക് ജീവനക്കാരുടെ വേതന നിർണയം തീരുമാനമാകാതെ നീളുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 31നു 2012ലെ വേതനക്കരാറിന്റെ കാലാവധി അവസാനിച്ചപ്പോൾത്തന്നെ നവംബറിനു മുമ്പു പുതിയ കരാറിലേർപ്പെടാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷ(ഐബിഎ)നോടു സർക്കാർ നിർദേശിച്ചിരുന്നതാണ്. എട്ടു മാസം പിന്നിട്ടിട്ടും കരാറായിട്ടില്ല. പൊതു മേഖലയിലെ എട്ടു ലക്ഷത്തോളവും സ്വകാര്യ മേഖലയിലെ രണ്ടു ലക്ഷത്തോളവും ജീവനക്കാർ 48 മണിക്കൂർ പണിമുടക്കിയിട്ടുപോലും ഐബിഎ വഴങ്ങിയിട്ടില്ല. ചർച്ചകളിൽ ആദ്യം രണ്ടു ശതമാനവും ഏറ്റവും ഒടുവിൽ ആറു ശതമാനവും വർധനയാണ് ഐബിഎ മുന്നോട്ടുവച്ചത്.

ജീവനക്കാർ ആവശ്യപ്പെടുന്നതാകട്ടെ 25 ശതമാനവും. 28നു നടക്കുന്ന ചർച്ചയിൽ തീരുമാനമായേക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. തീരുമാനമായാലും വർധന 7.5 – 10 ശതമാനത്തിനപ്പുറമുണ്ടാകില്ല എന്നു ജീവനക്കാർക്കറിയാം. മുമ്പു കരാർ പുതുക്കിയതു 15 ശതമാനം വേതന വർധനയോടെയായിരുന്നു.

കിട്ടാക്കടത്തിനു ബദലായി കോടികൾ വകയിരുത്തേണ്ടിവന്നിട്ടുള്ള ബാങ്കുകളുടെ ബാലൻസ് ഷീറ്റ്  തൽക്കാലത്തേക്കെങ്കിലും കൂടുതൽ ദുർബലമാകാതിരിക്കാനുള്ള തന്ത്രമായാണു കരാർ വൈകിപ്പിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. തലപ്പത്തുള്ളവർ തട്ടിപ്പു നടത്തിയതുകൊണ്ടും വഴിവിട്ടു വായ്പകൾ നൽകിയതുംകൊണ്ടാണു ബാങ്കുകൾ നഷ്ടക്കയത്തിലായത്. 2012ൽ ഓരോ ജീവനക്കാരനെയും പ്രതിയുള്ള ബിസിനസ് 18.79 കോടി രൂപ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് 28 കോടിക്കു മുകളിലെത്തിയിരിക്കുന്നു. ജീവനക്കാരുടെ ഉൽപാദനക്ഷമതയിലുണ്ടായ ഈ വർധന പോലും വിസ്മരിക്കുകയാണു സർക്കാരും ഐബിഎയും.

മുമ്പു ‘ഗ്ലാമർ ജോബ്’ എന്നു ബാങ്ക് ജോലിയെ വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ഒട്ടും ഗ്ലാമറില്ലാത്ത അവസ്ഥ. എൻജിനീയറിങ്ങിൽ വാസനയില്ലാതെ ബി.ടെക് ബിരുദം നേടിയവരും മറ്റും ഉപജീവനത്തിനായി ചേക്കേറുന്ന അഭയാർഥി കേന്ദ്രങ്ങളായി ബാങ്കുകൾ മാറിയിരിക്കുകയാണെന്നുവരെ ആക്ഷേപമുയരുന്നുണ്ട്.

Job Tips >>