ഒരുങ്ങിയോ ഐബിപിഎസിന്

ഐബിപിഎസ് പിഒ ഒരുക്കങ്ങൾ ഇനി അവസാന ലാപ്പിൽ. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ 20 ബാങ്കുകളിലെ 4252 പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കാണ് ഒരുമിച്ചു നിയമനം നടത്തുന്നത്. 

ഒക്ടോബർ 13, 14, 20, 21 തീയതികളിലായുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇനി അഞ്ചാഴ്ച മാത്രം സമയം. തുടർന്ന് ഒരു മാസം കൂടി കഴിയുമ്പോഴേക്കു നവംബർ 18നു മെയിൻ പരീക്ഷയും. പരീക്ഷയ്ക്കു കടുപ്പമേറി എസ്ബിഐ പിഒയുടേതിനു തുല്യമായതാണ് ഇത്തവണത്തെ സവിശേഷത. 

പ്രധാനമാറ്റങ്ങൾ
ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾക്കും 20 മിനിറ്റ് വീതമാണു സമയം. ഓരോന്നും നിശ്ചിത സമയത്തിനുള്ളിൽ തീർക്കണം. മൊത്തം ഒരു മണിക്കൂർ.

ഓരോ വിഭാഗത്തിനും പ്രത്യേക കട്ട് ഓഫുമുണ്ട്. മൂന്നു വിഭാഗത്തിലും നിശ്ചിത കട്ട് ഓഫ് നേടുന്നവർക്കു മാത്രമേ മെയിൻ പരീക്ഷ എഴുതാൻ കഴിയൂ. ഇംഗ്ലിഷ് -  30 മാർക്ക് (30 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് - 35 മാർക്ക് (35 ചോദ്യങ്ങൾ), റീസണിങ് എബിലിറ്റി - 35 മാർക്ക് (35 ചോദ്യങ്ങൾ) എന്നിങ്ങനെയാണു പ്രിലിമിനറി പരീക്ഷയുടെ ചോദ്യഘടന.

പ്രിലിമിനറിയിൽ ഓരോ വിഭാഗത്തിനും പ്രത്യേകം കട്ട് ഓഫ് വരുന്നതോടെ, മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടുക മുൻപത്തേക്കാൾ പ്രയാസമാകും. 

മെയിൻ പരീക്ഷയ്ക്കു നാലു ഘട്ടങ്ങൾ. റീസണിങ് & കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്- 45 ചോദ്യം (60 മാർക്ക്, 60 മിനിറ്റ്്), ഇംഗ്ലിഷ്- 40 മാർക്ക് (35 ചോദ്യം, 40 മിനിറ്റ്), ഡേറ്റ അനാലിസിസ് & ഇന്റർപ്രറ്റേഷൻ- 60 മാർക്ക് (35 ചോദ്യം, 45 മിനിറ്റ്), ജനറൽ/ഇക്കണോമി/ബാങ്കിങ് അവെയർനെസ്- 40 മാർക്ക് (40 ചോദ്യം, 35 മിനിറ്റ്). നാലു വിഭാഗങ്ങളിലും പ്രത്യേകം കട്ട് ഓഫ് ഉണ്ടാകും. 25 മാർക്കിനുള്ള അര മണിക്കൂർ ഇംഗ്ലിഷ് എഴുത്തുപരീക്ഷയുമുണ്ട്.