ആദ്യ വാതിൽ തുറക്കാൻ മതിപ്പിന്റെ താക്കോൽ

ആദ്യ 30 സെക്കൻഡ് ആണ് ഏറ്റവും പ്രധാനം. ജോലിക്ക് അപേക്ഷിച്ചുള്ള നിങ്ങളുടെ വ്യക്തിവിവരരേഖ (റിസ്യൂമെ) വായിക്കുന്നയാളിൽ ആദ്യ 30 സെക്കൻഡിനുള്ളിൽ നിങ്ങളെക്കുറിച്ച് അഭിപ്രായം രൂപപ്പെട്ടുകഴിഞ്ഞിരിക്കും. അതിനുള്ളിൽ മതിപ്പുളവാക്കാനായാൽ നിങ്ങളുടെ സാധ്യതകൾ വർധിക്കും. നെടുനീളൻ വ്യക്തിവിവര രേഖകൾ മാനവവിഭവശേഷി (എച്ച്ആർ) മാനേജർമാർ മുഴുവനായി വായിച്ചുനോക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഈ രേഖ കഴിവതും ഒരു പേജിൽ ഒതുക്കുന്നതു നന്നായിരിക്കും. നെടുനീളൻ വ്യക്തിവിവരരേഖകൾ തയാറാക്കിയിരിക്കുന്നവർ ജോലിയുടെ സ്വഭാവം അനുസരിച്ച് ചില കാര്യങ്ങൾ എടുത്തുപറഞ്ഞും ബന്ധമില്ലാത്ത മറ്റു ചിലത് ഒഴിവാക്കിയും രേഖ ചെറുതാക്കണം. ആ സ്ഥാപനത്തിന് ഏറ്റവും താൽപര്യമുണ്ടാവാൻ സാധ്യതയുള്ള ഒരു കാര്യം നിങ്ങൾക്കു പറയാനുണ്ടെങ്കിൽ അത് ശ്രദ്ധിക്കുന്ന വിധത്തിൽ അവതരിപ്പിക്കണം.

വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ രേഖയിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് കുറച്ചുകൂടി എളുപ്പത്തിൽ അഭിമുഖമെന്ന തലത്തിലേക്ക് എത്താൻ സഹായിക്കും. വിവിധ കോളങ്ങളുള്ള ഒരു റിസ്യൂമെ ടെംപ്ലേറ്റ് ഉപയോഗിച്ച് വ്യക്തിവിവരരേഖ തയാറാക്കുന്നതു നന്നാവും. ഉദ്യോഗാർഥിയെപ്പറ്റി പെട്ടെന്നു കാര്യങ്ങൾ അറിയാൻ സഹായിക്കുന്നവയാണ് ഇത്തരം ടെംപ്ലേറ്റുകൾ. ബുള്ളറ്റുകൾ ഇട്ട് ചില വിവരങ്ങൾ ചുരുക്കിയെഴുതുന്നുണ്ടെങ്കിൽ അതു നീളൻ വാചകങ്ങളാവാതെ ശ്രദ്ധിക്കണം. നിങ്ങളുടെ കഴിഞ്ഞകാല നേട്ടങ്ങൾ ഇവിടെ കൊടുക്കാം. നിങ്ങൾ ഏറ്റെടുത്ത ചുമതലകളേക്കാൾ നേട്ടങ്ങൾക്കു പ്രാധാന്യം കൊടുത്ത് എഴുതിനോക്കൂ. മറ്റൊരാളിൽ അതു കൂടുതൽ മതിപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. ശരിക്ക് അറിയില്ലാത്ത ഒരു ഭാഷ തനിക്കറിയാമെന്ന് വ്യക്തിവിവരരേഖയിൽ എഴുതരുത്. അഭിമുഖത്തിന്റെ ഘട്ടത്തിൽ എത്തിയാൽ അതു പരിശോധിക്കപ്പെടാനിടയുണ്ട്. വ്യക്തിവിവരരേഖയിൽ വ്യാകരണപ്പിശക് ഉണ്ടാവാൻ പാടില്ല. അതും വളരെ പ്രധാനമാണ്. 

നൈപുണ്യത്തിന് പ്രധാന സ്ഥാനം 
നിങ്ങൾക്കുള്ള നൈപുണ്യം വളരെ പ്രധാനമാണ്. നിങ്ങൾ നേടിയെടുത്ത നൈപുണ്യം കൃത്യമായി രേഖപ്പെടുത്തണം. പല കഴിവുകളും കാലക്രമേണ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നതിനാൽ ഓരോ കഴിവു നേടുമ്പോഴും രേഖയിൽ ആവശ്യമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് പിന്നീട് ഉപകരിക്കും. ഉപതലക്കെട്ടുകളെല്ലാം ഒരേ ഫോണ്ടിൽ ഒരേ പോയിന്റ് സൈസിൽ വേണം. ഒന്നു വലുതും മറ്റൊന്നു ചെറുതുമാവുന്നത് അഭംഗിയാണ്. ചുരുക്കെഴുത്തുകൾ ബ്രാക്കറ്റിൽ വിശദീകരിച്ച് എഴുതണം. ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ആ ജോലിയുമായി ബന്ധമുള്ള മറ്റു ജോലികൾ ചെയ്തു പരിചയമുണ്ടെങ്കിൽ അത് പ്രത്യേകം ശ്രദ്ധിക്കുന്ന വിധത്തിൽ കൊടുക്കുകയുമാവാം. 

അക്കങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. അക്കങ്ങൾ എഴുതേണ്ടി വരുമ്പോൾ അത് അക്ഷരങ്ങളിൽ നീട്ടിയെഴുതിയാൽ ഈ ശ്രദ്ധ കിട്ടാതെ പോവും. 70% എന്ന് എഴുതേണ്ടിടത്ത് seventy percent എന്ന് എഴുതുമ്പോൾ ശ്രദ്ധ കുറയാൻ സാധ്യതയുണ്ട്. 70 എന്ന അക്കം മുഴച്ചുനിൽക്കും. കംപ്യൂട്ടറിൽ എച്ച്ആർ മാനേജർ നിങ്ങളുടെ വ്യക്തിവിവരരേഖ തുറക്കുമ്പോൾ പിഡിഎഫ് പേജിന്റെ മുകൾ ഭാഗമാണ് ആദ്യം തെളിഞ്ഞുവരുന്നത്. ആ ഭാഗത്തു തന്നെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തണം. ആയിരക്കണക്കിനു രേഖകൾ പരിശോധിക്കുമ്പോൾ ചിലപ്പോൾ താഴത്തെ ഭാഗം ശ്രദ്ധിച്ചില്ലെന്നു വരാം. താഴേക്കു വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് അവിടെയുണ്ടാവണം. അത് അഭിമുഖമെന്ന ഘട്ടത്തിലേക്ക് നിങ്ങളെ എത്തിക്കാൻ സഹായിച്ചേക്കും. നിങ്ങളെ ശരിക്ക് അറിയില്ലാത്ത ഒരാൾക്ക് നിങ്ങളെക്കുറിച്ചുള്ള വ്യക്തിവിവരരേഖ വായിക്കാൻ കൊടുക്കുന്നത്, മറ്റൊരാൾ അത് എങ്ങനെ കാണുന്നു എന്ന് അറിയാൻ ഉപകരിക്കും. 30 സെക്കൻഡ് മാത്രമായിരിക്കണം അയാൾ ആ രേഖ നോക്കേണ്ടത്. അപ്പോൾ എന്ത് അഭിപ്രായം രൂപപ്പെടുന്നു എന്നു പരിശോധിക്കാം. അതു പരിഷ്കരിക്കാൻ ഇത്തരം ഉപദേശങ്ങൾ സഹായിക്കും. 

നിരന്തരമായ പരിഷ്കരണം
പുതിയ ജോലിക്കു ശ്രമിക്കുന്നില്ലെങ്കിൽ കൂടി നിങ്ങളുടെ വ്യക്തിവിവര രേഖ വർഷത്തിലൊരിക്കൽ പുതുക്കണം. ഓരോരോ നേട്ടങ്ങളും ചുമതലകളും അപ്പപ്പോൾ രേഖയിൽ ഉൾപ്പെടുത്തിയാൽ പിന്നീടൊരിക്കൽ മറ്റൊരു ജോലിക്ക് അപേക്ഷിക്കേണ്ടിവന്നാൽ അത് ഉപകരിക്കും. പഴയ കാര്യങ്ങൾ ഓർത്തെടുത്ത് എഴുതുമ്പോൾ ചില പ്രധാന വിവരങ്ങൾ വിട്ടുപോവാനിടയുണ്ട്. വായിക്കാൻ എളുപ്പമുള്ള ഫോണ്ടിൽ വേണം രേഖ തയാറാക്കാൻ. വായിക്കാൻ ബുദ്ധിമുട്ടുള്ള ഫോണ്ടിൽ വിവരങ്ങൾ നൽകിയാൽ വായിക്കുന്നയാൾക്കു നിങ്ങളെക്കുറിച്ചു മതിപ്പില്ലായ്മയാണ് ആദ്യമുണ്ടാവുക. തുടക്കത്തിൽ തന്നെ കല്ലുകടിച്ചാൽ പിന്നീട് മതിപ്പുണ്ടായി വരാൻ ബുദ്ധിമുട്ടാണ്. വരികൾ തമ്മിൽ ആവശ്യമായ അകലവും വേണം. സ്പെല്ലിങ് തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കണം. പിഡിഎഫ് ആയി രേഖ അയയ്ക്കുന്നത് വായിക്കുന്നവർക്ക് എളുപ്പമാവും. അയയ്ക്കുമ്പോൾ ഫയലിന്റെ പേരിൽ നിങ്ങളുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത് ഇത്തരം രേഖകളുടെ പ്രളയത്തിൽ നിന്ന് നിങ്ങളുടെ രേഖ എച്ച്ആർ മാനേജർമാർക്ക് പിന്നീട് കണ്ടെത്താൻ ഉപകരിക്കും. നിങ്ങളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിന്റെ ലിങ്ക് ഈ രേഖയിൽ ചേർക്കുന്നതു നന്നാവും. എന്നാൽ ഫെയ്സ്ബുക്ക് ഇവിടെ കഴിവതും ഒഴിവാക്കണം.

Job Tips >>