ജോലി ഉപേക്ഷിക്കാൻ 10 കാരണങ്ങൾ

ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി വിടാന്‍ സമയമായി എന്ന് തിരിച്ചറിയുന്നതെങ്ങനെ?എന്തിനുമേതിനും ഉത്തരം കണ്ടെത്താന്‍ ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന ക്വോറയില്‍ ഈ ചോദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉത്തരങ്ങളുമായി നിരവധി പേരെത്തി. അതില്‍ പൊതുവായി പ്രത്യക്ഷപ്പെട്ട ചില ലക്ഷണങ്ങള്‍ ഇതാ:

1. ജോലിക്ക് പോകാന്‍ മടി

നാളെ രാവിലെ ഉണര്‍ന്നെണീറ്റ് വീണ്ടും ജോലിസ്ഥലത്തേക്ക് പോകണമല്ലോ എന്ന് ആലോചിച്ച് വല്ലാതെ വേവലാതിപ്പെടുന്നുണ്ടെങ്കില്‍ അതൊരു ലക്ഷണമാണ്. കുറച്ചൊക്കെ മടി ഒരുവിധം എല്ലാവര്‍ക്കും കാണാമെങ്കിലും അതങ്ങ് പാരമ്യത്തില്‍ എത്തുന്നത് ജോലി ഉപേക്ഷിക്കാന്‍ സമയമായതിന്റെ ലക്ഷണമാണ്.

2. സന്തോഷവാനല്ലാതെ ഇരിക്കുക

ജോലിയുണ്ട്. കൃത്യമായ ശമ്പളമൊക്കെയുണ്ട്. പക്ഷേ, ചെയ്യുന്ന ജോലിയില്‍ ഒരു സംതൃപ്തിയോ സന്തോഷമോ ലഭിക്കുന്നില്ല. ഇതും ജോലി ഉപേക്ഷിക്കാറായി എന്നതിന്റെ സൂചനയാണ്. 

3. പുതുതായി ഒന്നും പഠിക്കുന്നില്ല

ജോലിയില്‍ നിന്ന് ഒന്നും പുതുതായി പഠിക്കാന്‍ സാധിക്കാതെ ആകെ ബോറടിച്ചിരിക്കുന്നെങ്കില്‍ അതും ജോലി ഉപേക്ഷിക്കാന്‍ സമയമായി എന്നതിന്റെ ലക്ഷണമാണ്. 

4. എല്ലാം വളരെ എളുപ്പമാകുമ്പോള്‍

ചെയ്യുന്ന പണി വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ അനായാസമായി ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ റോളിലേക്ക് മാറാന്‍ സമയമായി എന്നാണ് അതിനര്‍ത്ഥം. 

5. ബന്ധനം സ്വര്‍ണ്ണ വിലങ്ങുകള്‍ കൊണ്ട്

നിങ്ങള്‍ക്ക് മറ്റൊരു കമ്പനിയോ ജോലിയോ നോക്കണമെന്നുണ്ട്. പക്ഷേ ഇപ്പോള്‍ കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതൊരു ബന്ധനമാണ്, സ്വര്‍ണ്ണ വിലങ്ങുകള്‍ കൊണ്ടുള്ള ബന്ധനം. ഇത് പൊട്ടിച്ചെറിഞ്ഞ് മുന്നോട്ട് പോയില്ലെങ്കില്‍ നിങ്ങള്‍ക്ക് കരിയര്‍ വളര്‍ച്ചയുണ്ടാകില്ല എന്നുറപ്പ്. 

6. ഭാവി ഇരുളടഞ്ഞത്

ഇപ്പോള്‍ ഇരിക്കുന്ന ജോലിയില്‍ അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്കകം പ്രത്യേകിച്ചൊരു ഭാവി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അതും കണക്കിലെടുക്കണം. 

7.  ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാല്‍

നിങ്ങളുടെ മെഡിക്കല്‍ അവധികളുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്ന് വരുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. സന്തോഷ രഹിതമായ നിങ്ങളുടെ  ജോലി ശരീരത്തില്‍ പ്രതിഫലിക്കുന്ന വിധമാണ് അടിക്കടി വരുന്ന രോഗങ്ങള്‍. വ്യായാമം ചെയ്യാനോ, ശരിക്കൊന്ന് ഉറങ്ങാനോ, ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനോ ഒന്നും നിങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ലെങ്കില്‍ ജോലി മാറാന്‍ സമയമായി എന്നറിയുക. 

8. പരാതിക്കെട്ടഴിക്കുമ്പോള്‍

നിങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ ദിവസവും നടത്തുന്ന സംഭാഷണങ്ങള്‍ ഒന്നു മനസ്സില്‍ റീവൈന്‍ഡ് ചെയ്തു നോക്കുക. ജോലി സ്ഥലത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും ജോലിയെ കുറിച്ചുമൊക്കെ നിരന്തരം ആ സംഭാഷണങ്ങളില്‍ നിങ്ങള്‍ പരാതിപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ വേറെ ജോലി നോക്കാന്‍ തുടങ്ങാം. ജോലിയെന്നത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതാകണം. 

9. ന്യായീകരണം തുടങ്ങുമ്പോള്‍

ശമ്പളം മോശമാണ്, ബോസും കൊള്ളില്ല, പക്ഷേ, ഓഫീസ് കിടിലനാണ്. സഹപ്രവര്‍ത്തകര്‍ എല്ലാം പാരവയ്പ്പുകാരാണ്, പക്ഷേ ശമ്പളം കൃത്യസമയത്ത് കിട്ടും. ആവശ്യത്തിന് പണമുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കിലും ലീവൊക്കെ ഇടയ്ക്ക് കിട്ടുന്നുണ്ട്. ഇത്തരം ന്യായീകരണങ്ങള്‍ നിങ്ങള്‍ ഇടയ്ക്കിടെ നടത്താറുണ്ടോ? ഉണ്ടെങ്കില്‍ മനസ്സിലാക്കണം ഉള്ളിന്റെയുള്ളില്‍ നിങ്ങളുടെ ജോലിയെ നിങ്ങള്‍ വെറുക്കുന്നു. 

10. നിങ്ങള്‍ക്ക് യോഗ്യതക്കൂടുതലുണ്ടോ

ചെയ്യുന്ന ജോലിക്ക് ആവശ്യമുള്ളതിനേക്കാല്‍ യോഗ്യത കൂടിയ ആളാണോ നിങ്ങള്‍. എന്റെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച് ഇതിലും മികച്ച ജോലി ചെയ്യാന്‍ കഴിയും എന്ന് ഇടയ്ക്കിടെ തോന്നുന്നുണ്ടോ. എങ്കില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കുറച്ചു കൂടി നല്ല ജോലിക്കായി ശ്രമം ആരംഭിക്കാം. യോഗ്യതയിലും കുറഞ്ഞ ജോലി ദീര്‍ഘകാലം ചെയ്യുന്നത് നിങ്ങളുടെ ആത്മവീര്യം കെടുത്തും.