ഈ കള്ളത്തരങ്ങള്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടുത്തിയേക്കാം

ജോലി കിട്ടുന്നതിനായി പലരും ചില്ലറ കള്ളമൊക്കെ പറയാറുണ്ട്. ജോലി ലഭിച്ച ശേഷം പണിയിലുള്ള മികവ് കൊണ്ട് നിരുപദ്രവകരമായ അത്തരം കള്ളത്തരങ്ങളൊക്കെ പലരും പഴങ്കഥയാക്കാറുമുണ്ട്. എന്നാല്‍ കമ്പനികളും എച്ച്ആര്‍ മാനേജര്‍മാരും ഒരിക്കലും പൊറുക്കാത്ത മൂന്നു കള്ളത്തരങ്ങളുണ്ട്. ഇവയിലൊന്ന് റെസ്യൂമേകളിലും അഭിമുഖങ്ങളിലുമൊക്കെ പ്രയോഗിച്ചു കഴിഞ്ഞാല്‍ അവ മിക്കവാറും നിങ്ങളുടെ ജോലി നഷ്ടപ്പെടുത്താനാണ് സാധ്യത. കരിയര്‍ വെബ്‌സൈറ്റ് ടോപ്പ് റെസ്യൂമേ നടത്തിയ സര്‍വേയാണ് തൊഴില്‍ അന്വേഷണ സമയത്തെ ഏറ്റവും ഗൗരവകരമായ മൂന്നു കള്ളത്തരങ്ങള്‍ കണ്ടെത്തിയത്. 

1. അക്കാദമിക യോഗ്യതയെ പറ്റിയുള്ള കള്ളത്തരം

തങ്ങള്‍ക്ക് ലഭിച്ച ബിരുദങ്ങളെ കുറിച്ച് നട്ടാല്‍ മുളയ്ക്കാത്ത നുണ പടച്ചു വിടുന്നവരുണ്ട്. ഒരു പക്ഷേ ഏറ്റവുമധികം ആളുകള്‍ കള്ളത്തരം കാണിച്ചിട്ടുള്ളതും ഈ യോഗ്യത സംബന്ധിച്ചായിരിക്കാം. എന്നാല്‍ എളുപ്പത്തില്‍ നടത്തുന്ന അന്വേഷണം വഴി ഈ കള്ളത്തരം കണ്ടു പിടിക്കാമെന്നതിനാല്‍ പണി പാലും വെള്ളത്തില്‍ കിട്ടാന്‍ ഏറ്റവും സാധ്യത അക്കാദമിക യോഗ്യത സംബന്ധിച്ച ഇല്ലാകഥയ്ക്കാണ്. ഈ വിഷയത്തില്‍ കള്ളത്തരം പറഞ്ഞ ഒരു ഉദ്യോഗാര്‍ത്ഥിയെ ജോലിക്കെടുക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം ഹയറിങ്ങ് മാനേജര്‍മാരും പറയുന്നു. 

2. ക്രിമിനല്‍ പശ്ചാത്തലം

ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടായിട്ടുള്ളവര്‍ അത് മറച്ചു വച്ച് ജോലിക്കായി അപേക്ഷിക്കുന്നത് ബുദ്ധിപരമല്ല. അധികകാലമൊന്നും അത് മറച്ചു വയ്ക്കാനും സാധിക്കില്ല. ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് കള്ളത്തരം പറഞ്ഞവരെ ജോലിയില്‍ വച്ചു കൊണ്ടിരിക്കില്ലെന്ന് 88 ശതമാനം ഹയറിങ്ങ് മാനേജര്‍മാരും അഭിപ്രായപ്പെടുന്നു. ക്രിമിനല്‍ കുറ്റത്തില്‍ അകപ്പെടാനുണ്ടായ സാഹചര്യം സത്യസന്ധമായി വിശദീകരിച്ച് അവയില്‍ നിന്നും താനെങ്ങനെ മാറിയെന്നും അതിനു ശേഷം എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചെന്നും പറയുന്നതാകും അഭികാമ്യം. 

3. സര്‍ട്ടിഫിക്കേഷനും ലൈസന്‍സുകളും

ജോലിക്ക് ആവശ്യമായ നൈപുണ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് കാണിച്ച് സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഹാജരാക്കുന്ന പരിപാടിയുണ്ട്. ഇതില്‍ കള്ളത്തരം കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നവരുണ്ട്. ജോലി ചെയ്തു തുടങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന മികവ് നിങ്ങള്‍ക്കില്ല എന്ന് കാണുമ്പോള്‍ ഈ കള്ളത്തരം കൈയ്യോടെ പിടിക്കപ്പെടും. 85 ശതമാനം എച്ച്ആര്‍ മാനേജര്‍മാരും ഇത്തരക്കാരെ പുറത്താക്കണമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടു. 

റെസ്യൂമേ കിടുക്കാച്ചിയാക്കാന്‍ നടത്തുന്ന കള്ളത്തരങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇന്നല്ലെങ്കില്‍ നാളെ നിങ്ങളെ പ്രശ്‌നത്തിലാക്കുമെന്ന് ഉറപ്പ്. അതു കൊണ്ട് തൊഴില്‍ തേടുമ്പോള്‍ കഴിവതും സത്യസന്ധമായി നിങ്ങള്‍ക്കുള്ള കഴിവുകളും യോഗ്യതകളും അവതരിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്. ഉള്ള കഴിവുകളെ അല്‍പം പെരുപ്പിച്ച് കാട്ടുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇല്ലാത്ത കഴിയും യോഗ്യതയും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ദീര്‍ഘകാലത്തേക്ക് കരിയറിന് ഗുണം ചെയ്യില്ല.