Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിസ്ഥലത്ത് ഒരു മെന്റര്‍ ഇല്ലേ? ശ്രദ്ധിക്കാം ഈ അഞ്ചു കാര്യങ്ങള്‍

office

ജോലിസ്ഥലത്ത് ഒരു മെന്റര്‍ ഉണ്ടായിരിക്കേണ്ടതു കരിയര്‍ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. എന്നാല്‍ നിര്‍ദേശങ്ങള്‍ നല്‍കി കൃത്യമായി ഗൈഡ് ചെയ്യാന്‍ പറ്റിയ ഒരു മെന്ററെ ചിലപ്പോള്‍ എല്ലാവര്‍ക്കും കിട്ടിയെന്നു വരില്ല. മെന്റര്‍ ഇല്ലാത്തപ്പോഴും താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ കരിയറിലെ പടവുകള്‍ വിജയകരമായി കയറാം. 

ശരിയായ കൂട്ട്
നിങ്ങളുടെ ചുറ്റുമുള്ള ഏഴു പേരുടെ ശരാശരിയാണ് നിങ്ങള്‍. അതുകൊണ്ടു നിങ്ങളുടെ തൊഴിലിടങ്ങളിലെ സൗഹൃദങ്ങളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്നവരെയും നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവരെയും നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ പിന്തുണയ്ക്കുന്നവരെയുമെല്ലാം കൂടെക്കൂട്ടുക. 

പുതിയ ശേഷികള്‍ വികസിപ്പിക്കുക
ജോലി കിട്ടി എന്നതു കൊണ്ട് ഇനി ഒന്നും പുതുതായി പഠിക്കുകയില്ല എന്നു കരുതരുത്. പുതിയ കഴിവുകളും നൈപുണ്യങ്ങളുമെല്ലാം വളര്‍ത്തിക്കൊണ്ടേയിരിക്കുക. പഠിച്ചെടുക്കുന്ന ശേഷികള്‍ ശരിയായ ഉദ്ദേശ്യത്തോടെ ശരിയായ ഇടത്തു പ്രയോഗിക്കുക. തെറ്റായ ലക്ഷ്യങ്ങളോടെ പഠിക്കുന്ന കാര്യങ്ങള്‍ അധാര്‍മിക കാര്യങ്ങളിലേക്കു നയിക്കാം. 

ഒരു റോള്‍ മോഡലിനെ കണ്ടെത്തുക
മെന്ററെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ പോട്ടെ, പക്ഷേ കുറഞ്ഞത് ഒരു റോള്‍ മോഡലെങ്കിലും ജോലി സ്ഥലത്ത് ഉണ്ടായിരിക്കണം. റോള്‍ മോഡലിനെ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കണം. വിജയിക്കാനായി എന്തും ചെയ്യാന്‍ മടിക്കാത്ത സ്ഥലത്തെ പ്രധാന പെര്‍ഫോമറെയല്ല, മറിച്ച് നൈതികതയും മൂല്യങ്ങളും സൂക്ഷിക്കുന്ന ഒരാളെ വേണം റോള്‍ മോഡലാക്കാൻ. ശരിയായ ഒരു റോള്‍ മോഡലുണ്ടായിക്കഴിഞ്ഞാല്‍ നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനു കൃത്യമായ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. 

സഹായം തേടാന്‍ മടി വേണ്ട
കരിയര്‍ വളര്‍ച്ചയ്ക്കും വികസനത്തിനും തൊഴിലിടങ്ങളില്‍ ചുറ്റുമുള്ളവരുടെ സഹായം കൂടിയേ തീരൂ. സഹായം ആവശ്യമെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് മനസ്സിലാക്കാനും പഠിക്കാനും സാധിക്കില്ല. ചുറ്റുമുള്ളവരെ എത്ര കൂടുതല്‍ മനസ്സിലാക്കുന്നുവോ അത്ര കൂടുതല്‍ കാര്യങ്ങള്‍ തൊഴിലിനെപ്പറ്റി അറിയാം. എല്ലാവരുടെയും ആശയങ്ങള്‍ക്കു ചെവി കൊടുക്കണം. എന്നിട്ടു തീരുമാനങ്ങള്‍ സ്വന്തമായി ആലോചിച്ച് എടുക്കണം. 

റിസ്‌കും നേട്ടങ്ങളും മുന്‍കൂട്ടി അറിയണം
തനിക്കു മുന്‍പ് ആ സ്ഥാനത്ത് ഇരുന്നവര്‍ എടുത്ത തീരുമാനം പുനരാലോചന കൂടാതെ എടുത്തു ചാടി നടപ്പാക്കാന്‍ ശ്രമിക്കരുത്. വളരെ വേഗം മാറുന്ന ലോകത്ത് 5 വര്‍ഷം മുന്‍പെടുത്ത ഒരു തീരുമാനം നിലവിലെ സാഹചര്യങ്ങള്‍ക്കു ചേരുന്നതാകണമെന്ന് നിര്‍ബന്ധമില്ല. തീരുമാനങ്ങളുമായി ബന്ധപ്പെട്ട റിസ്‌കുകളും നേട്ടങ്ങളും മുൻകൂട്ടിക്കാണാനുള്ള കഴിവു വളര്‍ത്തിയെടുക്കണം. നേതൃപദവികളിലേക്കു ക്രമേണ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അത്യാവശ്യമാണ്. 

Job Tips >>