ഭൂരിപക്ഷം ഇന്ത്യന്‍ മാതാപിതാക്കളും മക്കളെ അധ്യാപകരാക്കാന്‍ ആഗ്രഹിക്കുന്നു

വലുതാകുമ്പോള്‍ നിങ്ങളുടെ കുട്ടി ആരായിത്തീരണം? എന്‍ജിനീയര്‍, ഡോക്ടര്‍ എന്നൊക്കെ പറഞ്ഞിരുന്ന ഇന്ത്യയിലെ മാതാപിതാക്കളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ അധ്യാപകര്‍ എന്നു മാറ്റിപ്പറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതാണു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ആഗോള തലത്തില്‍ അധ്യാപകരുടെ പദവി വിലയിരുത്തുന്ന ഗ്ലോബല്‍ ടീച്ചര്‍ സ്റ്റാറ്റസ് സൂചികയുടെ 2018 ലെ റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ മാതാപിതാക്കളുടെ അധ്യാപക പ്രേമം വെളിപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ മാതാപിതാക്കളില്‍ 54 ശതമാനത്തിലധികവും തങ്ങളുടെ മക്കള്‍ അധ്യാപകരാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. 

മക്കളെ അധ്യാപകരാകാന്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ആഗോള തലത്തില്‍ത്തന്നെ ഒന്നാമതാണ് ഇന്ത്യക്കാര്‍. മലേഷ്യയുമായിട്ടാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. തൊട്ടുപിന്നാലെയുള്ളതു ചൈനയും ഘാനയുമാണ്. 35 രാജ്യങ്ങളെയാണു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം റഷ്യയിലെയും ഇസ്രയേലിലെയും ജപ്പാനിലെയുമൊക്കെ മാതാപിതാക്കള്‍ അധ്യാപക ജോലിക്കു മക്കളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലാണ്.

അധ്യാപകരെ ബഹുമാനിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിലും ലോകത്തു രണ്ടാം സ്ഥാനത്താണ് ഇന്ത്യാക്കാര്‍. ഉഗാണ്ടയും ഘാനയുമാണ് ഇക്കാര്യത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയിലെ അധ്യാപകരുടെ പദവി, സര്‍വേ ചെയ്യപ്പെട്ട 35 രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്, ബ്രസീല്‍ ഏറ്റവും പിന്നിലും. അധ്യാപകരുടെ പദവി ഉയരുന്നതു വിദ്യാർഥികളുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. വര്‍ക്കി ഫൗണ്ടേഷനാണ് ഗ്ലോബല്‍ ടീച്ചര്‍ സ്റ്റാറ്റസ് സൂചിക തയാറാക്കുന്നത്. 

Job Tips >>