ഇന്റർവ്യൂവിൽ തിളങ്ങാൻ അറിയണം ഈ കാര്യങ്ങൾ

ജോലി തേടി അലയുന്ന ഉദ്യോഗാര്‍ഥികൾക്ക് ഒരു ബാലികേറാമലയാണ് പലപ്പോഴും ഇന്റര്‍വ്യൂ അഥവാ അഭിമുഖപരീക്ഷ. ബാക്കി സകല പ്രവേശന പരീക്ഷകളിലും മികച്ച വിജയം നേടിയവര്‍ പോലും ചിലപ്പോള്‍ ഈ കടമ്പയില്‍ തട്ടി വീഴാം. മറുവശത്ത്, ശരാശരിക്കാര്‍ പോലും അഭിമുഖപരീക്ഷയിലെ മിന്നുന്ന പ്രകടനത്തോടെ ജോലി കൈക്കലാക്കുകയും ചെയ്യും. എന്നാല്‍ അഭിമുഖപരീക്ഷയെ അത്ര പേടിക്കേണ്ടെന്നും ചിട്ടയായ പരിശീലനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയും മറികടക്കാമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഫെയ്സ്ബുക്ഗ്ലോബല്‍ ഹെഡ് ഓഫ് റിക്രൂട്ടിങ് മിറന്‍ഡ കലിനോവിസ്‌കിയുടെ അഭിപ്രായത്തില്‍ ഏതൊരു അഭിമുഖ പരീക്ഷയ്ക്കും തയാറെടുപ്പാണു പ്രധാനം. ജോലി നേടാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെപ്പറ്റിയുള്ള വിവരങ്ങള്‍ പഠിക്കണം. ഫെയ്സ്ബുക് അടക്കമുള്ള പല കമ്പനികള്‍ക്കും അവരുടെ നിയമന രീതിയെക്കുറിച്ചു വിവരിക്കുന്ന പ്രത്യേക കരിയര്‍ സൈറ്റുകള്‍ തന്നെയുണ്ട്. ഇവ ഉപയോഗിച്ച് നല്ല തയാറെടുപ്പോടെ വേണം അഭിമുഖത്തിനു പോകാൻ.

അഭിമുഖ പരീക്ഷയെ സംബന്ധിച്ച മിറന്‍ഡയുടെ മറ്റു നിര്‍ദേശങ്ങള്‍:
അഭിമുഖത്തിനു നന്നായി തയാറെടുത്തോളൂ, പക്ഷേ പഠിച്ചതെല്ലാം പാടാനുള്ള വേദിയായി അതിനെ കാണരുത്. പകരം അഭിമുഖം നടത്തുന്ന ആളുമായുള്ള ഹൃദ്യമായ സംഭാഷണമായി ഇതിനെ മാറ്റണം.

ഓരോ കമ്പനിയും പ്രാധാന്യം നല്‍കുന്ന ചില മൂല്യങ്ങളും പിന്തുടരുന്ന ഒരു വ്യവസ്ഥയും ഉണ്ടാകും. ഇതിന് അനുബന്ധമായി വേണം ജോലിയിലുള്ള നമ്മുടെ അനുഭവപരിചയം വിവരിക്കുന്നത്. ഉദാഹരണത്തിന് ഫെയ്സ്ബുക്കില്‍ ഒരാളെ ജോലിക്കെടുക്കുമ്പോള്‍ പലപ്പോഴും നോക്കുക പുതുതായി ഒന്ന് സൃഷ്ടിക്കാന്‍ അയാള്‍ക്കുള്ള താൽപര്യമാണ്. നിലവിലുള്ള കാര്യങ്ങള്‍ക്ക് ഉപരിയായി പുതിയത് എന്തെങ്കിലും സംഭാവന ചെയ്യാനും കൂടുതല്‍ മെച്ചപ്പെടുത്താനും നിരന്തരം പരിശ്രമിക്കുന്ന ഒരാള്‍ക്കായിരിക്കും അവിടെ മുന്‍തൂക്കം ലഭിക്കുക. അത്തരത്തിലുള്ള ധ്വനി ജോലി പരിചയവും മറ്റും വിവരിക്കുമ്പോള്‍ ഉണ്ടാകണം.

ഉത്തരങ്ങള്‍ വ്യക്തമായിരിക്കണം എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചോദ്യങ്ങള്‍ക്കു കൃത്യമായും വ്യക്തമായും, സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം ഉത്തരം നല്‍കണം. ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ എങ്ങനെ പെരുമാറിയെന്നും ഒരു പ്രശ്‌നത്തെ എത്ര വിദഗ്ധമായി നേരിട്ടു എന്നുമായിരിക്കും അഭിമുഖകാരൻ നോക്കുന്നത്. ഇതിന് വിശദമായ ഉത്തരങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ അനുഭവത്തില്‍നിന്നോ പ്രവൃത്തിപരിചയത്തില്‍ നിന്നോ ചില ഉദാഹരണങ്ങള്‍ ഈ വിധം കണ്ടെത്തി അതിനെപ്പറ്റി സംസാരിക്കാന്‍ തയാറെടുത്ത് വേണം അഭിമുഖത്തിന് വരാന്‍. സൂക്ഷ്മമായ വിവരങ്ങള്‍ ചേര്‍ക്കുന്നത് നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും.

ആത്മവിശ്വാസത്തോടെ സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇതേ ആത്മവിശ്വാസം തെറ്റായ ഒരു കാര്യം പറഞ്ഞാൽ അതു തിരുത്തുന്ന കാര്യത്തിലും ഉണ്ടാകണം. ഫെയ്സ്ബുക്കില്‍ നടന്ന ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായ അനുഭവം മിറാന്‍ഡ പങ്കുവയ്ക്കുന്നു. ഒരു വിഷയം വിശദീകരിക്കുന്നതിനിടയില്‍ താന്‍ നല്‍കിയത് അതിനു യോജിക്കാത്ത ഒരു ഉദാഹരണമാണെന്ന് മിറാന്‍ഡയ്ക്ക് തോന്നി. ഉടനെ ചോദ്യകര്‍ത്താവിനോട്, തനിക്ക് അല്‍പം കൂടി മികച്ച ഒരുദാഹരണം നല്‍കാനാകുമെന്നും അതിനാല്‍ ഒരിക്കൽക്കൂടി ഉത്തരം പറയാൻ അനുവദിക്കണമെന്നും മിറാന്‍ഡ പറഞ്ഞു. അഭിമുഖം ചെയ്യുന്നയാളുടെ അനുമതിയോടെ അതേ വിഷയം കൂടുതല്‍ നന്നായി അവതരിപ്പിക്കാനും സാധിച്ചു. തെറ്റുകള്‍ അംഗീകരിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ അഭിമുഖത്തില്‍ വിജയം ഉറപ്പിക്കാം.