Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിക്കേറ്റ കുഞ്ഞിനെ കൊണ്ടുപോയ വണ്ടിയെ പിന്തുടർന്ന അമ്മപ്പശു; കരളലിയിക്കുന്ന ദൃശ്യങ്ങൾ

cow and calf

കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോ? അതുപോലെ തന്നെയാണ് എല്ലാ ജീവികളുടെും കാര്യം. എല്ലാ അമ്മമാർക്കും തങ്ങളുടെ കുഞ്ഞുങ്ങൾ ജീവനേക്കാൾ വിലപ്പെട്ടതാണ്. ഇങ്ങനെയൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പരിക്കേറ്റ് അബോധാവസ്ഥയിലായ ഒരു പശുക്കുട്ടിയെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോകുന്ന ചരക്കുവണ്ടിയെ പിന്തുടരുന്ന അമ്മപ്പശുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്. തെരുവിലൂടെ അലഞ്ഞു നടക്കുന്ന അമ്മപ്പശുവും രണ്ടു മാസം പ്രായമുള്ള പശു കിടാവുമാണ് ദൃശ്യങ്ങളിലുള്ളത്. പശു കിടാവിന്റെ ശരീരത്തിലുണ്ടായിരുന്ന വ്രണം  പഴുത്ത് അവശ നിലയിലായി തെരുവിൽ കുഴഞ്ഞു വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. പശുക്കുട്ടി കുഴഞ്ഞു വീണ വിവരം ഉടനെതന്നെ പ്രദേശവാസികൾ സമീപത്തുള്ള മൃഗാശുപത്രിയിൽ അറിയിച്ചു. അവിടെ നിന്നും പശുക്കിടാവിനെ കൊണ്ടുപോകാനായി ചരക്കു വാഹനമെത്തി. വാഹനത്തിലുണ്ടായിരുന്നവർ അബോധാവസ്ഥയിൽ കിടന്നിരുന്ന പശുക്കുട്ടിയെ എടുത്ത് വാഹനത്തിൽ കിടത്തി മൃഗാശുപത്രിയിലേക്ക് പോയി. ഈ സമയമത്രയും സമീപത്തു തന്നെ അമ്മപ്പശുവുമുണ്ടായിരുന്നു.

പശുക്കിടാവുമായി പോയ വാഹനത്തിനു പിന്നാലെ പായുന്ന അമ്മപ്പശുവിനെയാണ് പിന്നീട് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഏതാണ്ട് അര കിലോമീറ്ററോളം അകലെയായുള്ള മൃഗാശുപത്രി വരെ അമ്മപ്പശുവും വാഹനത്തിനു പിന്നാലെ ഓടിയെത്തി. പശുക്കിടാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയ സമയമത്രയും അമ്മപ്പശു കിടാവിനായി വെളിയിൽ കാത്തുനിന്നു.

മൃഗാശുപത്രിയിലെത്തിക്കുമ്പോൾ പശുക്കിടാവിന്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായിരുന്നെന്ന് വെറ്ററിനറി ഡോക്ടർ സാഖി വ്യക്തമാക്കി. ഇപ്പോൾ പശുക്കിടാവ് അപകടനില തരണം ചെയ്തതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പശുക്കിടാവ് ചികിത്സയിലായിരുന്ന രണ്ടു ദിവസം അമ്മപ്പശു മുറിവിൽ നക്കിത്തുടച്ച് കുഞ്ഞിനരികിൽ തന്നെയുണ്ടായിരുന്നു. ഞായറാഴ്ചയോടെ പശുക്കിടാവ് പൂർണ ആരോഗ്യം വീണ്ടെടുത്തു. ഇനി പശുക്കിടാവിന് തന്റെ സ്നേഹമയിയായ അമ്മയ്ക്കൊപ്പം ആരോഗ്യത്തോടെ തെരുവിലേക്കു മടങ്ങാം.