Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീന്തിക്കയറിയ ഏഴു വയസ്സുകാരന്റെ കാലിൽ മുറിവ്; മാംസം ചൂഴ്ന്നെടുത്തു തിന്ന സ്രാവ്

Cookiecutter shark

മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ്‌ലാൻഡിലുള്ള അൽമ ബേയിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ജാക്ക് ടോളി എന്ന എഴു വയസ്സുകാരൻ. മാഗ്നറ്റിക് ഐലന്റിനു സമീപത്താണ് അൽമ ബേ. അൽപസമയം നീന്തി കാലിൽ വേദന തോന്നി കരയ്ക്കു കയറിയ ജാക്ക് പക്ഷേ ഞെട്ടിപ്പോയി. കാൽവണ്ണയിൽ വട്ടത്തിലൊരു മുറിവ്. മാംസം ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. ചോര നിലയ്ക്കുന്നില്ല. അപ്പോൾത്തന്നെ പിതാവ് ഡേവിഡും അമ്മ എമിയും ജാക്കുമായി സമീപത്തെ ആശുപത്രിയിലേക്കു പാഞ്ഞു. 

മുറിവു വൃത്തിയാക്കി മരുന്നുവച്ച ഡോക്ടർമാർക്കും പക്ഷേ ആദ്യഘട്ടത്തിൽ മനസ്സിലായില്ല എന്താണു സംഭവമെന്ന്. വിദഗ്ധ പരിശോധനയിലാണു തെളിഞ്ഞത്. ‘കുക്കികട്ടർ’ എന്നറിയപ്പെടുന്ന സ്രാവ് കടിച്ചതാണ്. കടിച്ചതെന്നല്ല, കടിച്ചുകുടഞ്ഞതെന്നു തന്നെ വേണം പറയാൻ.  അത്രയേറെ ഭീകരമാണ്ഈ സ്രാവുകൾ കടിച്ചാലുണ്ടാകുന്ന മുറിവ്. ഏകദേശം 73 മില്ലിമീറ്റർ വ്യാസത്തിലുള്ളതായിരുന്നു ജാക്കിന്റെ കാലിലെ മുറിവ്.  ഓസ്ട്രേലിയയിൽ ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടുള്ളവയിൽ ഇതു രണ്ടാം തവണയാണ് ഒരാളെ കുക്കികട്ടർ സ്രാവ് കടിക്കുന്നത്. മറ്റൊരാൾക്കും ഈ വിധി വരുത്തല്ലേ എന്നു പ്രാർഥിക്കുന്ന വിധത്തിലുള്ളതാണു മുറിവെന്ന് ജാക്കിന്റെ പിതാവ് ഡേവിഡും പറയുന്നു.  

മാംസത്തിന്റെ ഒരു കഷണം തന്നെ അടർന്നു പോയിട്ടുണ്ട് ജാക്കിന്റെ കാലിൽ നിന്ന്. കാൽവണ്ണയിലെ എല്ലിന്റെ സമീപത്തു വരെയെത്തി മുറിവിന്റെ ആഴം. അത്രയേറെ മൂർച്ചയേറിയതാണ് ഇവയുടെ പല്ലുകൾ. വട്ടത്തിൽ കടിക്കുക മാത്രമല്ല ആ മുറിവിൽ കടിച്ചുതൂങ്ങി മുകളിലോട്ടും താഴോട്ടും കീറുകയും ചെയ്യും ഈ സ്രാവുകൾ. മുറിവു വലുതായതിനു ശേഷം അതിനുള്ളില്‍ നിന്നുള്ള മാംസം ‘വലിച്ചെടുക്കുന്നതാണ്’ ഇവയുടെ രീതി. അതോടെ ഒരു ചെറുകുഴിക്കു സമാനമാകും മുറിവ്. ദ്വീപുകളോടു ചേർന്നു കാണപ്പെടുന്ന ഇവ മറ്റു സമുദ്രജീവികളെ ആക്രമിക്കുന്നതും ഇത്തരത്തിലാണ്. വമ്പൻ മത്സ്യങ്ങളെ വരെ ഇത്തരത്തിൽ ആക്രമിച്ച് മാംസമെടുത്തു തിന്നാറുണ്ട്. 

Cookiecutter shark

ഓസ്ട്രേലിയൻ തീരത്തടിയുന്ന പല കടൽജീവികളുടെയും ശരീരത്തിൽ ഇവയുണ്ടാക്കുന്ന മുറിവുകള്‍ കാണുന്നത് പതിവാണ്. കണവകളെയും ഇവ പൂർണമായി ഭക്ഷിക്കും. കുക്കി ബിസ്കറ്റുകൾ മുറിച്ചെടുക്കുന്നതിനുപയോഗിക്കുന്ന തരം കട്ടറുകൾക്കുള്ളത്ര മൂർച്ചയാണ് ഈ സ്രാവുകളുടെ പല്ലുകൾക്കുമുള്ളത്. ‘സിഗാർ ഷാർക്ക്’ എന്നും കുക്കികട്ടർ സ്രാവുകൾക്കു(Isistius brasiliensis) പേരുണ്ട്. ഡോഗ് ഫിഷ് ഷാർക് കുടുംബത്തിൽ പെടുന്നവയാണിവ. അതിനാൽത്തന്നെ വലുപ്പം കുറവാണ്. മനുഷ്യരെ വളരെ അപൂർവമായേ ആക്രമിക്കാറുമുള്ളൂ. ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്കും ഇവയെ വേണ്ട. അതിനാൽത്തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ പട്ടികയിൽ വംശനാശഭീഷണി വളരെകുറച്ചു മാത്രമുള്ള ജീവിയാണ് കുക്കികട്ടർ സ്രാവ്.