Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂർത്ത പല്ലുകളും ഇരുണ്ട നിറവുമുള്ള ഭീകരജീവി ആഴക്കടലിൽ!

monster shark

സയന്‍സ് ഫിക്ഷന്‍ സിനിമയായ ഏലിയന്‍സ് കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതിലെ അന്യഗ്രഹ ജീവിയെപ്പോലൊരു ജീവി ഭൂമിയിലുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മറ്റൊരു ഗ്രഹത്തില്‍ നിന്നല്ല മറിച്ച് ആഴക്കടലില്‍ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയിരിക്കുന്നത്. സ്രാവുകളുടെ ഗണത്തില്‍ പെട്ട ഈ ജീവിയുടെ പേര് വൈപ്പര്‍ ഷാര്‍ക്ക് അഥവ അണലി സ്രാവ് എന്നാണ്.

വലിപ്പത്തില്‍ സാധാരണ സ്രാവിന്റെ നാലയലത്തു പോലും വരില്ലെങ്കിലും പല്ല് കണ്ടാല്‍ വമ്പന്‍ സ്രാവുകള്‍ പോലും ഒന്നു പേടിക്കും. വായില്‍ ഒതുങ്ങാതെ പുറത്തേക്കു നീണ്ടു നില്‍ക്കുന്ന കൂര്‍ത്ത പല്ലുകളാണ് വൈപ്പര്‍ സ്രാവിന്റെ പ്രധാന പ്രത്യേകത. ഇതിനൊപ്പം കണ്‍മഷിയേക്കാള്‍ കറുത്ത നിറം കൂടിയാകുമ്പോള്‍ അണലി സ്രാവിനെ കാണുന്നവര്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഒന്നു പേടിക്കും.

തായ്‌വാനിലെ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ആഴക്കടല്‍ പര്യവേക്ഷണത്തിനിടെയിൽ ഈ സ്രാവിനെ കണ്ടെത്തിയത്. ഇതാദ്യമായല്ല ഈ സ്രാവിനെ ഗവേഷകര്‍ കണ്ടെത്തുന്നതും തിരിച്ചറിയുന്നത്. 1986 ലാണ് ആദ്യമായി ഈ സ്രാവ് ഗവേഷരുടെ ശ്രദ്ധയില്‍ പെടുന്നത്. ആദ്യം കടലിലെ പാമ്പാണെന്നായിരുന്ന അവരുടെ ധാരണ. എന്നാല്‍ പിന്നീട് നടത്തിയ പഠനത്തില്‍ ഈ ജീവി സ്രാവിന്റെ ഗണത്തില്‍ പെട്ട മത്സ്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതിനു ശേഷം മൂന്നോ നാലോ തവണ മാത്രമെ ഈ ജീവിയെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. 

പകല്‍ സമയത്ത് നാനൂറ് മീറ്റര്‍ വരെ ആഴത്തിലും രാത്രിയില്‍ 150 മീറ്റര്‍ വരെ ആഴത്തിലുമാണ് ഇവ ജീവിക്കുന്നത്. ഇരുട്ടില്‍ ജീവിക്കുന്നതിനാല്‍ ശരീരം തിളങ്ങുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. അഞ്ച് വൈപ്പര്‍ സ്രാവുകളെയാണ് തായ്‌വാനിലെ ഗവേഷകര്‍ പിടികൂടിയത്. എന്നാല്‍ ഇവയില്‍ നാലെണ്ണവും പിന്നീട് ചത്തു. ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് ശേഷിക്കുന്നത്.

പസഫിക് സമുദ്രത്തില്‍ നിന്നു മാത്രമാണ് ഇതുവരെ ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇവയെ ആദ്യം കണ്ടെത്തുന്നതും പസഫികില്‍ ജപ്പാനു സമീപത്തു നിന്നുമായിരുന്നു. ഇവയെ കണ്ടെത്തിയ കപ്പലിന്റെ ക്യാപ്റ്റനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ പേരും ഈ വൈപ്പര്‍ സ്രാവിനു നൽകിയിട്ടുണ്ട്. ഹിരോമിഷി കബേയ.